ദുബായ്: ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്ര ഐ.പി.എല്ലില്‍ നിന്ന് പുറത്ത്. വിരലിനേറ്റ പരിക്കാണ് 37-കാരനായ താരത്തിന് വില്ലനായത്. 

ശനിയാഴ്ച ഷാര്‍ജയില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തിനിടെയാണ് മിശ്രയ്ക്ക് പരിക്കേറ്റത്. ഇതോടെ രണ്ട് ഓവര്‍ മാത്രം ബൗള്‍ ചെയ്ത താരം മൈതാനത്ത് നിന്ന് മടങ്ങുകയായിരുന്നു.

ഈ സീസണില്‍ ഡല്‍ഹിക്കായി മൂന്ന് മത്സരങ്ങള്‍ കളിച്ച മിശ്ര മൂന്ന് വിക്കറ്റും നേടിയിരുന്നു. 

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിനിടെ നിതീഷ് റാണയുടെ റിട്ടേണ്‍ ക്യാച്ച് കൈപ്പിടിയിലാക്കാനുള്ള ശ്രമത്തിലാണ് മിശ്രയ്ക്ക് പരിക്കേല്‍ക്കുന്നത്. 

അടുത്തിടെ 160 വിക്കറ്റുകളുമായി ഐ.പി.എല്ലിലെ രണ്ടാമത്തെ ഏറ്റവും വലിയ വിക്കറ്റേ വേട്ടക്കാരനെന്ന നേട്ടം ഹര്‍ഭജന്‍ സിങ്ങിനെ മറികടന്ന് മിശ്ര സ്വന്തമാക്കിയിരുന്നു. 170 വിക്കറ്റുകളുമായി ലസിത് മലിംഗ മാത്രമായിരുന്നു മിശ്രയ്ക്ക് മുന്നിലുണ്ടായിരുന്നത്.

Content Highlights: Amit Mishra suffered a finger injury ruled out of IPL 2020