ദുബായ്: റാഞ്ചിയെപ്പോലൊരു ചെറിയ പട്ടണത്തിൽ നിന്നെത്തി ഇന്ത്യൻ ക്രിക്കറ്റിൽ നേട്ടങ്ങൾ കൊയ്ത എം.എസ് ധോനി ആയിരുന്നു കുട്ടിക്കാലത്ത് തന്റെ ഹീറോയെന്ന് ഇന്ത്യൻ താരം കെ.എൽ രാഹുൽ. ഒരിക്കൽ ധോനിയെപ്പോലെ ആകണം എന്ന ആഗ്രഹത്തോടെയാണ് വളർന്നതെന്നും രാഹുൽ പറയുന്നു. ഐ.പി.എൽ 13-ാം സീസണ് മുന്നോടിയായി ഐ.പി.എൽ വെബ്സൈറ്റിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
'എവിടെ നിന്നാണ് നമ്മൾ വരുന്നത് എന്നത് വിഷയമല്ല. മുമ്പോട്ടുപോയി നേട്ടങ്ങൾ സ്വന്തമാക്കുക എന്ന സന്ദേശമാണ് ധോനിയിൽ നിന്ന് ലഭിച്ചത്. ധോനിയെ കുറിച്ച് പറയാൻ വാക്കുകൾ മതിയാകാതെ വരും. കെട്ടിപ്പിടിച്ച് നന്ദി മാത്രമാണ് പറയാനുണ്ടാകുക.' രാഹുൽ അഭിമുഖത്തിൽ പറയുന്നു.
ഈ സീസണിൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ ക്യാപ്റ്റനാണ് രാഹുൽ. അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ഫോം ഐ.പി.എല്ലിലും തുടരാനാകും എന്ന പ്രതീക്ഷയിലാണ് താരം. ഇത്തവണ പഞ്ചാബിനോട് ധോനി അൽപ്പം മയത്തിൽ പെരുമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.