ദുബായ്: ഐ.പി.എല്ലിനായി യു.എ.ഇയിലേക്ക് പറക്കുന്നതിന് മുമ്പ് ചെന്നൈ സൂപ്പർ കിങ്സ് ചെന്നൈയിൽ താരങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. അഞ്ചുദിവസത്തെ ഈ പരിശീലന ക്യാമ്പിൽ എം.എസ് ധോനി, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, മുരളി വിജയ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തു. ചെന്നൈ മാത്രമാണ് ഇത്തരത്തിൽ ക്യാമ്പ് സംഘടിപ്പിച്ചത്. മറ്റു ടീമുകളൊന്നും ഇതിന് മുതിർന്നിരുന്നില്ല.
ഇങ്ങനെ ഒരു ക്യാമ്പ് സംഘടിപ്പിച്ചതിന് പിന്നിൽ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥൻ. അതു മറ്റാരുമല്ല, എം.എസ് ധോനി തന്നെയാണ്. 'ടൂർണമെന്റ് നടക്കുമെന്ന് ഉറപ്പായ സമയത്ത് ചെന്നൈയിൽ ഒരു ക്യാമ്പ് സംഘടിപ്പിക്കേണ്ടതുണ്ടോ എന്ന് എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു. കാരണം ബയോ-ബബിൾ സർക്കിൾ ഒരുക്കേണ്ടതുണ്ടായിരുന്നു. ഞാൻ ഇക്കാര്യം ധോനിയുമായി സംസാരിച്ചു. ക്യാമ്പ് വേണം എന്ന നിർദേശത്തിൽ ധോനി ഉറച്ചുനിന്നു.' കാശി വിശ്വനാഥൻ വ്യക്തമാക്കുന്നു.
അഞ്ച് മാസത്തോളം താരങ്ങളൊന്നും ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നും അതുകൊണ്ട് ചെന്നൈയിൽ ഒത്തുചേർന്നശേഷം യു.എ.ഇയിലേക്ക് പോയാൽ മതിയെന്ന് ധോനി പറഞ്ഞു. അങ്ങനെയെങ്കിൽ ബയോ-ബബിൾ സർക്കിളുമായി താരങ്ങൾ പരിചയമാവുമെന്നായിരുന്നു ധോനിയുടെ പക്ഷം. ആ തീരുമാനം ശരിയായിരുന്നു. യു.എ.ഇയിലെത്തിയപ്പോൾ താരങ്ങൾ പുതിയ സാഹചര്യവുമായി പെട്ടെന്ന് ഇടപഴകി. കാശി വിശ്വനാഥ് കൂട്ടിച്ചേർത്തു.
Content Highlights: MS Dhoni, CSK, IPL 2020, Cricket