അബുദാബി: നീണ്ട കാത്തിരിപ്പിനൊടുവിൽ എം.എസ് ധോനി കളത്തിലിറങ്ങിയപ്പോൾ ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകി. എന്നാൽ 437 ദിവസത്തെ ഇടവേളക്ക് ശേഷം ക്രീസിലെത്തിയ ചെന്നൈ ക്യാപ്റ്റനെ അമ്പയർ സ്വീകരിച്ചത് ഔട്ട് വിളിച്ചാണ്.
മുംബൈയ്ക്കെതിരായ ഉദ്ഘാടന മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ ധോനിയെ അമ്പയർ പുറത്താക്കി. എന്നാൽ ചെന്നൈ ക്യാപ്റ്റൻ ഡി.ആർ.എസിലൂടെ രക്ഷപ്പെട്ടു. ഡിആർഎസിനെ ധോനി റിവ്യൂ സിസ്റ്റം എന്നു വിളിക്കുന്നത് വെറുതയെല്ല എന്ന് ധോനി ഒരിക്കൽകൂടി തെളിയിച്ചു. ചെന്നൈ ഇന്നിങ്സിലെ 19-ാം ഓവറിലായിരുന്നു ഈ സംഭവം.
19-ാം ഓവറിലെ രണ്ടാം പന്തിൽ കറൻ പുറത്തായതിന് പിന്നാലെയാണ് ധോനി ക്രീസിലെത്തിയത്. രണ്ടാം വരവിലെ ആദ്യ പന്തിൽ ധോനി നേരിട്ടത് ജസ്പ്രീത് ബുംറയെ. ഈ സമയത്ത് ചെന്നൈ വിജയത്തിന് തൊട്ടടുത്ത് എത്തിയിരുന്നു. ആദ്യ പന്ത് ധോനിയുടെ ബാറ്റിൽ തൊട്ടുതൊട്ടില്ലെന്ന പോലെ വിക്കറ്റ് കീപ്പറുടെ കൈയിലെത്തി. മുംബൈ താരങ്ങളുടെ അപ്പീൽ സ്വീകരിച്ച് അമ്പയർ ഔട്ട് വിളിച്ചു. ആ തീരുമാനം ധോനി റിവ്യൂ ചെയ്തു. അമ്പയർക്ക് തീരുമാനം തിരുത്തേണ്ടി വന്നു. പിന്നീട് ഒരു പന്ത് കൂടി നേരിട്ട ധോനി ഗോൾഡൻ ഡക്കിൽ നിന്ന് രക്ഷപ്പെട്ടു.
കഴിഞ്ഞ ഏകദിന ലോകകപ്പ് സെമിയിൽ ന്യൂസീലന്റിനെതിരേ റൺഔട്ട് ആയി മടങ്ങിയശേഷം ധോനിയുടെ ആദ്യ മത്സരമായിരുന്നു ഇത്. ചെന്നൈയെ 100-ാം വിജയത്തിലേക്ക് നയിച്ച് ധോനി ഈ നേട്ടത്തിലെത്തുന്ന ആദ്യ ക്യാപ്റ്റനായി. ഒപ്പം വിക്കറ്റിന് പിന്നിൽ 100 ക്യാച്ചുകളും ധോനി പൂർത്തിയാക്കി.
Content Highlights: MS Dhoni, IPL 2020, CSK vs MI