ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിനെ 88 റണ്‍സിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. 220 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി 131 റണ്‍സിന് ഓള്‍ഔട്ടായി. ഈ സീസണില്‍ ഇതാദ്യമായാണ് ഡല്‍ഹി ഓള്‍ ഔട്ട് ആകുന്നത്.

36 റണ്‍സെടുത്ത ഋഷഭ് പന്ത് മാത്രമാണ് ഡല്‍ഹിയ്ക്ക് വേണ്ടി അല്‍പമെങ്കിലും പിടിച്ചുനിന്നത്. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സണ്‍റൈസേഴ്‌സ് ബൗളര്‍മാരാണ് വിജയം അനായാസമാക്കിയത്. ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരും ഈ വിജയത്തില്‍ തുല്യപങ്കാളികളായി. 

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 219 എന്ന കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തി. പേരുകേട്ട ഡല്‍ഹി ബൗളിങ് നിരയെ പിച്ചിച്ചീന്തിയ വൃദ്ധിമാന്‍ സാഹയും നായകന്‍ ഡേവിഡ് വാര്‍ണറും ചേര്‍ന്നാണ് ഈ പടുകൂറ്റന്‍ സ്‌കോര്‍ സണ്‍റൈസേഴ്‌സിനായി കണ്ടെത്തിയത്. സാഹ 87 ഉം വാര്‍ണര്‍ 66 ഉം റണ്‍സ് നേടി. ആക്രമിച്ചുകളിച്ച് സാഹയായിരുന്നു കൂടുതല്‍ അപകടകാരി. ദുബായ് സ്‌റ്റേഡിയത്തില്‍ ഈ സീസണില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാര്‍ ചേര്‍ന്ന് നല്‍കിയത്. ഇന്ന് ജോണി ബെയര്‍സ്‌റ്റോയ്ക്ക് പകരം ഡേവിഡ് വാര്‍ണര്‍ക്കൊപ്പം വൃദ്ധിമാന്‍ സാഹയാണ് ഓപ്പണറായി ഇറങ്ങിയത്. കിട്ടിയ അവസരം സാഹ നന്നായി ഉപയോഗപ്പെടുത്തി. വാര്‍ണര്‍ക്കൊപ്പം തകര്‍പ്പന്‍ തുടക്കമാണ് സണ്‍റൈസേഴ്‌സിനുവേണ്ടി സാഹ നല്‍കിയത്. ഇരുവരും ചേര്‍ന്ന് 4.4 ഓവറില്‍ സ്‌കോര്‍ 50 കടത്തി. പിന്നാലെ 25 പന്തുകളില്‍ നിന്നും വാര്‍ണര്‍ അര്‍ധസെഞ്ചുറി നേടി. പിറന്നാള്‍ ദിനത്തില്‍ നേടിയ ഈ നേട്ടം വാര്‍ണര്‍ക്ക് ഇരട്ടിമധുരമായി. പവര്‍പ്ലേയ്ക്കുള്ളില്‍ വാര്‍ണര്‍ നേടുന്ന ആറാമത്തെ അര്‍ധസെഞ്ചുറിയാണിത്. 

പിന്നാലെ ഇരുവരും ചേര്‍ന്ന് പവര്‍പ്ലേയില്‍ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ സീസണില്‍ ഒരു ടീം പവര്‍പ്ലേയില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ന് സണ്‍റൈസേഴ്‌സ് നേടിയത്. 8.4 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. ഈ സീസണില്‍ ആദ്യ വിക്കറ്റില്‍ നേടുന്ന അതിവേഗ സെഞ്ചുറി കൂട്ടുകെട്ട് എന്ന റെക്കോഡ് സാഹയും വാര്‍ണറും സ്വന്തമാക്കി. 

എന്നാല്‍ സ്‌കോര്‍ 107-ല്‍ നില്‍ക്കെ അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 33 പന്തുകളില്‍ നിന്നും 66 റണ്‍സെടുത്ത വാര്‍ണറെ മടക്കിയാണ് അശ്വിന്‍ ഡല്‍ഹിയ്ക്ക് ആശ്വാസം നല്‍കിയത്. വാര്‍ണര്‍ക്ക് പകരം മനീഷ് പാണ്ഡെയാണ് ക്രീസിലെത്തി.

വാര്‍ണര്‍ മടങ്ങിയതിനുപിന്നാലെ സാഹ 27 പന്തുകളില്‍ നിന്നും അര്‍ധശതകം നേടി. ഈ സീസണിലെ താരത്തിന്റെ ആദ്യ അര്‍ധശതകമാണിത്. ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച സാഹ തകര്‍പ്പന്‍ ഷോട്ടുകളാണ് ഇന്ന് പുറത്തെടുത്തത്. ഈ സീസണില്‍ പലമത്സരങ്ങളിലും ടീമില്‍ ഇടം കണ്ടെത്താന്‍ സാഹയ്ക്ക് സാധിച്ചിരുന്നില്ല. അതിനുള്ള മറുപടിയായിരുന്നു ഇന്നത്തെ ഇന്നിങ്‌സ്. 

വാര്‍ണര്‍ മടങ്ങിയിട്ടും സ്‌കോറിങ്ങിന്റെ വേഗം കുറയാതെ കാക്കാന്‍ സാഹയ്ക്ക് കഴിഞ്ഞു. മനീഷിനൊപ്പം ചേര്‍ന്ന് അേേദ്ദഹം 12.5 ഓവറില്‍ സ്‌കോര്‍ 150 കടത്തി. മാത്രമല്ല 21 ബോളില്‍ ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.

ഒടുവില്‍ ആന്റിച്ച് നോര്‍കെ എറിഞ്ഞ പതിനഞ്ചാം ഓവറില്‍ സാഹ പുറത്തായി. 45 പന്തുകളില്‍ നിന്നും 87 റണ്‍സെടുത്ത സാഹ മടങ്ങുമ്പോള്‍ സ്‌കോര്‍ 170-ല്‍ എത്തിയിരുന്നു. സാഹയ്ക്ക് പകരം വില്യംസണാണ് ക്രീസിലെത്തിയത്. വില്യംസണും മനീഷ് പാണ്ഡെയും ചേര്‍ന്ന് 17.3 ഓവറില്‍ സ്‌കോര്‍ 200 കടത്തി. ഈ സീസണില്‍  അതിവേഗത്തില്‍ 200 റണ്‍സ് നേടുന്ന റെക്കോഡും സണ്‍റൈസേഴ്‌സ് സ്വന്തമാക്കി. എന്നാലും അവസാന ഓവറുകളില്‍ വലിയ സ്‌കോര്‍ കണ്ടെത്താന്‍ ഇരുവര്‍ക്കും സാധിച്ചില്ല.

പാണ്ഡെ 44 റണ്‍സും വില്യംസണ്‍ 11 റണ്‍സും നേടി പുറത്താകാതെ നിന്നു.

ഈ സീസണില്‍ നിലവില്‍ ഏറ്റവുമധികം വിക്കറ്റ് സ്വന്തമാാക്കിയ റബാദ നാലോവറില്‍ 54 റണ്‍സാണ് ഇന്ന് വഴങ്ങിയത്. നോര്‍കെയും അശ്വിനും ഓരോ വിക്കറ്റ് സ്വന്തമാക്കി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ ധവാന്‍ പൂജ്യനായി മടങ്ങി. സന്ദീപ് ശര്‍മയ്ക്കാണ് വിക്കറ്റ്. പിന്നാലെ 5 റണ്‍സെടുത്ത് സ്റ്റോയിനിസിനെ നദീം പുറത്താക്കിയതോടെ ഡല്‍ഹി വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചു. 

എന്നാല്‍ പിന്നീട് ക്രീസിലെത്തിയ ഹെറ്റ്‌മെയറും രഹാനെയും ചേര്‍ന്ന് സ്‌കോര്‍ ചലിപ്പിച്ചു. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി. എന്നാല്‍ എഴാം ഓവറിലെ ആദ്യ പന്തില്‍ തന്നെ 16 റണ്‍സെടുത്ത ഹെറ്റ്‌മെയറുടെ കുറ്റി തെറുപ്പിച്ച് റാഷിദ് ഖാന്‍ വീണ്ടും ഡല്‍ഹിയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. അതേ ഓവറില്‍ തന്നെ 26 റണ്‍സെടുത്ത രഹാനെയെയും പുറത്താക്കി റാഷിദ് തന്റെ ആദ്യ ഓവറില്‍ തന്നെ രണ്ടുവിക്കറ്റുകള്‍ സ്വന്തമാക്കി. 54 ന് രണ്ട് എന്ന നിലയില്‍ നിന്നും 55 ന് നാല് എന്ന സ്‌കോറിലേക്ക് ഡല്‍ഹി കൂപ്പുകുത്തി.  

പിന്നാലെ വന്ന നായകന്‍ ശ്രേയസ്സ് അയ്യര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. വെറും ഏഴ് റണ്‍സെടുത്ത താരത്തെ വിജയ് ശങ്കര്‍ പുറത്താക്കി. പിന്നാലെ അക്ഷര്‍ പട്ടേലിനെ പുറത്താക്കി റാഷിദ്ഖാന്‍ മൂന്നാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. നാലോവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് റാഷിദ് മൂന്നുവിക്കറ്റുകള്‍ നേടിയത്. ഈ സീസണിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം എന്ന റെക്കോഡ് ഇതോടെ റാഷിദ് സ്വന്തമാക്കി.

ഡല്‍ഹിയുടെ അവസാന പ്രതീക്ഷയായിരുന്ന പന്തിനെ 17 ാം ഓവറില്‍ സന്ദീപ് ശര്‍മ പുറത്താക്കിയതോടെ സണ്‍റൈസേഴ്‌സ് വിജയമുറപ്പിച്ചു. 36 റണ്‍സാണ് താരം നേടിയത്.അവസാന ഓവറുകളില്‍ തുഷാര്‍ ദേശ്പാണ്ഡെ മികച്ച ഷോട്ടുകള്‍ പുറത്തെടുത്തെങ്കിലും വിജയലക്ഷ്യം ഏറെ അകന്നുപോയിരുന്നു.

റാഷിദിനൊപ്പം മറ്റു ബൗളര്‍മാരും മികച്ച പ്രകടനം പുറത്തെടുത്തു. സന്ദീപ് ശര്‍മ, നടരാജന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ വിജയ് ശങ്കറും ഷഹബാസ് നദീമും വിജയ് ശങ്കറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: Sunrisers Hyderabad will clash with Delhi Capitals