ദുബായ്: മനീഷ് പാണ്ഡെയുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ടുവിക്കറ്റിന് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ ഹൈദരാബാദ് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി.

രാജസ്ഥാന്‍ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സണ്‍റൈസേഴ്‌സിനായി മനീഷ് പാണ്ഡെയും വിജയ് ശങ്കറും 140 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടിലൂടെ വിജയം സമ്മാനിക്കുകയായിരുന്നു. പാണ്ഡെ 47 പന്തുകളില്‍ നിന്നും 83 ഉം വിജയ് ശങ്കര്‍ 51 പന്തുകളില്‍ നിന്നും 52 ഉം റണ്‍സ് നേടി പുറത്താവാതെ നിന്നു. 11 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് സണ്‍റൈസേഴ്‌സിന്റെ വിജയം. 

രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. 36 റണ്‍സെടുത്ത സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. 

രാജസ്ഥാന് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. റോബിന്‍ ഉത്തപ്പ ആക്രമിച്ച് കളിച്ചപ്പോള്‍ സ്‌റ്റോക്‌സ് സിംഗിളുകളെടുത്ത് ഉത്തപ്പയ്ക്ക് കളിക്കാനുള്ള അവസരം നല്‍കി. പിന്നാലെ സ്റ്റോക്‌സ് ആക്രമിക്കാന്‍ തുടങ്ങി. എന്നാല്‍ ഇതിനിടെ അനാവാശ്യ റണ്ണിന് ശ്രമിച്ച് ഉത്തപ്പ റണ്‍ ഔട്ടായി. ഹോള്‍ഡറാണ് ഉത്തപ്പയെ പുറത്താക്കിയത്. 19 റണ്‍സാണ് താരം നേടിയത്. ആദ്യ വിക്കറ്റില്‍ 30 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 

ഉത്തപ്പയ്ക്ക് ശേഷം ക്രീസിലെത്തിയ മലയാളി താരം സഞ്ജു സാംസണ്‍ അനായാസേന ബാറ്റ് ചെയ്യാന്‍ തുടങ്ങി. സ്റ്റോക്‌സിനൊപ്പം പവര്‍പ്ലേയില്‍ 47 റണ്‍സ് നേടി. പിന്നാലെ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് 50 കടത്തി. കഴിഞ്ഞ മത്സരങ്ങളിലൊന്നും ഫോം കണ്ടെത്താതിരുന്ന സഞ്ജുവിന് ഈ മത്സരം നിര്‍ണായകമാണ്. റാഷിദ് ഖാന്‍ എറിഞ്ഞ എട്ടാം ഓവറില്‍ സ്‌റ്റോക്‌സിനെ പുറത്താക്കാന്‍ കിട്ടിയ അവസരം വിജയ് ശങ്കര്‍ വിട്ടുകളഞ്ഞു. 

തുടര്‍ച്ചയായ മത്സരങ്ങളില്‍ പരാജയപ്പെട്ടതോടെ സഞ്ജു വളരെ ശ്രദ്ധിച്ചാണ് കളിച്ചത്. സ്‌റ്റോക്‌സിന് വലിയ ഷോട്ടുകള്‍ കളിക്കാനായില്ല. ഇരുവരും ചേര്‍ന്ന് 48 പന്തുകളില്‍ 50 റണ്‍സ് കൂട്ടുകെട്ട് നേടി. പിന്നാലെ സഞ്ജുവിനെ പുറത്താക്കി ഹോള്‍ഡര്‍ കളി സണ്‍റൈസേഴ്‌സിന് അനുകൂലമാക്കി. 36 റണ്‍സാണ് താരം നേടിയത്. സഞ്ജുവിന് പിന്നാലെ 30 റണ്‍സെടുത്ത സ്റ്റോക്‌സിനെ റാഷിദ് ഖാന്‍ മടക്കിയതോടെ രാജസ്ഥാന്റെ നില പരുങ്ങലിലായി. 

പിന്നീട് ഒത്തുചേര്‍ന്ന ബട്‌ലറും സ്മിത്തും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. എന്നാല്‍ ഫോമിലേക്കുയരാതിരുന്ന ബട്‌ലര്‍ 9 റണ്‍സ് മാത്രമെടുത്ത് വിജയ് ശങ്കറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നാലെയെത്തിയ റിയന്‍ പരാഗ് ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ സ്‌കോര്‍ 130 കടന്നു. എന്നാല്‍ ക്യാപ്റ്റന്‍ സറ്റീവ് സ്മിത്തിന് വലിയ ഷോട്ടുകള്‍ കളിക്കാനായില്ല. ഒടുവില്‍ 19 റണ്‍സെടുത്ത് സ്മിത്ത് ഹോള്‍ഡറിന് വിക്കറ്റ് നല്‍കി മടങ്ങി. ആ ഓവറില്‍ തന്നെ റിയന്‍ പരാഗിനെയും മടക്കി ഹോള്‍ഡര്‍ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ആര്‍ച്ചറാണ് സ്‌കോര്‍ 150 കടത്തിയത്.

സണ്‍റൈസേഴ്‌സിന് വേണ്ടി ഹോള്‍ഡര്‍ മൂന്നുവിക്കറ്റുകള്‍ നേടി തിരിച്ചുവരവ് ആഘോഷിച്ചപ്പോള്‍ റാഷിദ് ഖാന്‍, വിജയ് ശങ്കര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ വാര്‍ണറെ മടക്കി ജോഫ്ര ആര്‍ച്ചര്‍ സ്വപ്നതുല്യമായ തുടക്കം രാജസ്ഥാന് നല്‍കി. നാല് റണ്‍സെടുത്ത വാര്‍ണറുടെ ഷോട്ട് മികച്ച ഒരു ഡൈവിലൂടെ സ്‌റ്റോക്‌സ് കൈയ്യിലൊതുക്കി.

മൂന്നാം ഓവറില്‍ ഒരു തകര്‍പ്പന്‍ ബോളിലൂടെ ബെയര്‍സ്‌റ്റോയുടെ കുറ്റി തെറുപ്പിച്ച് ആര്‍ച്ചര്‍ വീണ്ടും കൊടുങ്കാറ്റായി മാറി. 10 റണ്‍സ് മാത്രമാണ് ബെയര്‍‌സ്റ്റോയ്ക്ക് എടുക്കാനായത്. ഓപ്പണര്‍മാര്‍ ഇരുവരും പുറത്തായതോടെ സണ്‍റൈസേഴ്‌സ് വലിയ തകര്‍ച്ച നേരിട്ടു.

എന്നാല്‍ മൂന്നാമനായി ക്രീസിലെത്തിയ മനീഷ് പാണ്ഡെ മികച്ച ഷോട്ടുകളുമായി റണ്‍റേറ്റ് ഉയര്‍ത്തി. അദ്ദേഹം മോശം പന്തുകള്‍ തെരഞ്ഞുപിടിച്ച് ബൗണ്ടറി കടത്തി. ആക്രമിച്ച് കളിച്ച പാണ്ഡെയുടെ കരുത്തില്‍ സണ്‍റൈസേഴ്‌സ് പവര്‍പ്ലേയില്‍ 58 റണ്‍സെടുത്തു. തുടക്കത്തില്‍ നേരിട്ട തകര്‍ച്ചയില്‍ നിന്നും മനീഷ് പാണ്ഡെ ടീമിനെ രക്ഷിക്കുകയായിരുന്നു. നാലാമനായി വിജയ് ശങ്കറാണ് ക്രീസിലെത്തിയത്. അദ്ദേഹം സിംഗിളുകളെടുത്ത് പാണ്ഡെയ്ക്ക് അവസരമൊരുക്കി. ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. പിന്നാലെ 28 പന്തുകളില്‍ നിന്നും പാണ്ഡെ അര്‍ധസെഞ്ചുറിയും നേടി. 

മനീഷ് പാണ്ഡെയുടെയും വിജയ് ശങ്കറിന്റെയും കൂട്ടുകെട്ട് കളിയില്‍ നിര്‍ണായകമായി. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. പതിയെ വിജയ് ശങ്കറും മികച്ച ഫോമിലേക്കുയര്‍ന്നതോടെ രാജസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഇവരുടെ കൂട്ടുകെട്ട്  തകര്‍ക്കാന്‍ സ്റ്റീവ് സ്മിത്തിന് സാധിച്ചില്ല. പാണ്ഡെയും ശങ്കറും ചേര്‍ന്ന് വൈകാതെ സെഞ്ചുറി കൂട്ടുകെട്ടും പണിതുയര്‍ത്തി. ഇതോടെ രാജസ്ഥാന്റെ വിജയപ്രതീക്ഷകള്‍ അവസാനിച്ചു. വിജയ് ശങ്കര്‍ അര്‍ധസെഞ്ചുറി നേടി ടീമിന്റെ വിജയറണ്ണും കുറിച്ചു.

രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. 

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

 

Content Highlights: Rajasthan Royals vs Sunrisers Hyderabad in a must win game