ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് 13-ാമത് ഐ.പി.എല്ലില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി. കഴിഞ്ഞ വര്‍ഷവും മുംബൈ ഫൈനലിലെത്തി കിരീടം സ്വന്തമാക്കിയിരുന്നു. മുംബൈ ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിയ്ക്ക് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

മികച്ച പ്രകടനം പുറത്തെടുത്ത ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരും ഡല്‍ഹിയെ വരിഞ്ഞുമുറുക്കി. തോറ്റെങ്കിലും ഡല്‍ഹിയുടെ ഫൈനല്‍ സാധ്യതകള്‍ അവസാനിച്ചിട്ടില്ല. എലിമിനേറ്ററില്‍ ജയിക്കുന്ന ടീമിനോട് ഏറ്റുമുട്ടി വിജയം നേടിയാല്‍ ഡല്‍ഹിയ്ക്ക് ഫൈനലില്‍ മുംബൈയോട് ഏറ്റുമുട്ടാം. 

നാലുവിക്കറ്റ് വീഴ്ത്തിയ ബുംറയും അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവുമാണ് മുംബൈയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റുചെയ്ത മുംബൈ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്. 

201 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയെ ആദ്യ ഓവര്‍ എറിഞ്ഞ ട്രെന്റ് ബോള്‍ട്ട് വിറപ്പിച്ചു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ പൃഥ്വി ഷായെ മടക്കിയ ബോള്‍ട്ട് അഞ്ചാം പന്തില്‍ രഹാനെയെയും മടക്കി ഡല്‍ഹിയെ വലിയ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. തൊട്ടടുത്ത ഓവറില്‍ ധവാനെ പൂജ്യനായി മടക്കി ബുംറ ഡല്‍ഹിയുടെ മൂന്നാം വിക്കറ്റ് പിഴുതെടുത്തു. ധവാന്‍ പുറത്താകുമ്പോള്‍ പൂജ്യം റണ്‍സിന് മൂന്നുവിക്കറ്റ് എന്ന ദയനീയമായ അവസ്ഥയിലായി ഡല്‍ഹി.

പിന്നീട് ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും സ്റ്റോയിനിസും സ്‌കോര്‍ പതിയെ ചലിപ്പിച്ചു. എന്നാല്‍ 20 റണ്‍സിലെത്തിനില്‍ക്കെ അയ്യരെ പുറത്താക്കി ഡല്‍ഹിയുടെ നാലാം വിക്കറ്റ് ബുംറ സ്വന്തമാക്കി. ശ്രേയസ്സിന് പകരം പന്ത് ക്രീസിലെത്തി. പവര്‍പ്ലേയില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സാണ് ഡല്‍ഹി നേടിയത്. മുംബൈ ബൗളര്‍മാര്‍ മികച്ച പന്തുകളുമായി കളം നിറഞ്ഞതോടെ ഡല്‍ഹി ശരിക്കും വിയര്‍ത്തു. 

സ്‌കോര്‍ 41-ല്‍ നില്‍ക്കെ എട്ടുപന്തുകളില്‍ നിന്നും മൂന്നുറണ്‍സെടുത്ത ഋഷഭ് പന്തിനെ പുറത്താക്കി ക്രുനാല്‍ പാണ്ഡ്യ ഡല്‍ഹിയുടെ അഞ്ചാം വിക്കറ്റ് വീഴ്ത്തി. സ്‌റ്റോയിനിസിന്റെ ബാറ്റിങ് മികവാണ് സ്‌കോര്‍ 50 കടത്താന്‍ ഡല്‍ഹിയെ സഹായിച്ചത്. പിന്നാലെ അദ്ദേഹം അര്‍ധസെഞ്ചുറിയും നേടി. പന്തിനുശേഷം ക്രീസിലെത്തിയ അക്ഷര്‍ പട്ടേലിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടും സ്റ്റോയിനിസ് പടുത്തുയര്‍ത്തി.

അക്ഷര്‍ പട്ടേലും മികച്ച ബാറ്റിങ് പുറത്തെടുത്തതോടെ ഡല്‍ഹി സ്‌കോര്‍ 100 കടന്നു. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ബുംറയെ മടക്കിക്കൊണ്ടുവന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം ഫലം കണ്ടു. 46 പന്തുകളില്‍ നിന്നും 65 റണ്‍സെടുത്ത സ്‌റ്റോയിനിസിനെ മടക്കി ബുംറ ഡല്‍ഹിയുടെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി. ബുംറ മൂന്നാം വിക്കറ്റ് സ്വന്തമാക്കി റബാദയില്‍ നിന്നും പര്‍പ്പിള്‍ ക്യാപ്പും നേടി. ആ ഓവറില്‍ തന്നെ സാംസിനെയും മടക്കി ബുംറ നാലാം വിക്കറ്റ് വീഴ്ത്തി. അക്ഷര്‍ പട്ടേല്‍ 42 റണ്‍സെടുത്തു.

മുംബൈയ്ക്ക് വേണ്ടി ബുംറ നാലോവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റുകള്‍ വീഴ്ത്തി. കരിയറിലെ ഏറ്റവും മികച്ച പ്രകടനവും ഐ.പി.എല്ലിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച പ്രകടനവുമാണ് ബുംറ ഇന്ന് പുറത്തെടുത്തത്. ട്രെന്റ് ബോള്‍ട്ട് രണ്ടുവിക്കറ്റ് നേടിയപ്പോള്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷന്റെയും സൂര്യകുമാര്‍ യാദവിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ മികവിലാണ് മുംബൈ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 40 റണ്‍സെടുത്ത ഡി കോക്കും 14 പന്തുകളില്‍ നിന്നും 37 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും മികച്ച പിന്തുണ നല്‍കി. 

ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ച് ഡി കോക്ക് ഇന്നിങ്ങ്‌സ് ആരംഭിച്ചു. ആദ്യ ഓവറില്‍ തന്നെ ഡികോക്ക് മൂന്നു ബൗണ്ടറികള്‍ ഉള്‍പ്പെടെ 15 റണ്‍സ് നേടി. എന്നാല്‍ രണ്ടാം ഓവറില്‍ രോഹിത് ശര്‍മയെ പൂജ്യനായി മടക്കി രവിചന്ദ്ര അശ്വിന്‍ കളി ഡല്‍ഹിയ്ക്ക് അനുകൂലമാക്കി. 

പിന്നാലെയെത്തിയത് സൂര്യകുമാര്‍ യാദവാണ്. യാദവിനെ കൂട്ടുപിടിച്ച് ഡികോക്ക് തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ ഡല്‍ഹി ബൗളര്‍മാര്‍ വിയര്‍ത്തു. ഇരുവരും ചേര്‍ന്ന് 4.4 ഓവറില്‍ സ്‌കോര്‍ 50 കടത്തി. ഡി കോക്കായിരുന്നു കൂടുതല്‍ അപകടകാരി. പവര്‍പ്ലേയില്‍ 63 റണ്‍സാണ് മുംബൈ നേടിയത്.  എന്നാല്‍ സ്‌കോര്‍ 78-ല്‍ നില്‍ക്കെ 25 പന്തുകളില്‍ നിന്നും 40 റണ്‍സെടുത്ത ഡികോക്കിനെ പുറത്താക്കി വീണ്ടും അശ്വിന്‍ മുംബൈയ്ക്ക് പ്രഹരമേല്‍പ്പിച്ചു. 

ഡികോക്ക് മടങ്ങിയ ശേഷം സൂര്യകുമാര്‍ ആക്രമണ ചുമതല ഏറ്റെടുത്തു. മികച്ച പ്രകടനം പുറത്തെടുത്ത താരം അര്‍ധസെഞ്ചുറി നേടി. സ്‌കോര്‍ 100-ല്‍ നില്‍ക്കെ 38 പന്തുകളില്‍ നിന്നും 51 റണ്‍സെടുത്ത താരത്തെ നോര്‍കെ പുറത്താക്കിയതോടെ മുംബൈയ്ക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി.

തൊട്ടടുത്ത ഓവറില്‍ വെടിക്കെട്ട് താരം പൊള്ളാര്‍ഡിനെ പൂജ്യനാക്കി മടക്കി അശ്വിന്‍ മൂന്നാം വിക്കറ്റ് നേട്ടം ആഘോഷിച്ചതോടെ മുംബൈ തകര്‍ച്ചയിലേക്ക് വീണു. സ്‌കോറിങ്ങിന്റെ വേഗവും കുറഞ്ഞു. പൊള്ളാര്‍ഡ് മടങ്ങിയതോടെ ഇഷാന്‍ കിഷന്‍ സ്‌കോറിങ്ങിന്റെ വേഗം കൂട്ടി. എന്നാല്‍ ക്രുനാലിനെ മടക്കി സ്‌റ്റോയിനിസ് മുംബൈയ്ക്ക് തിരിച്ചടി നല്‍കി. 

എന്നാല്‍ പിന്നീട് ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചതോടെ സ്‌കോര്‍ അതിവേഗം കുതിച്ചു. തൊടുന്ന ബോളുകളെല്ലാം ബൗണ്ടറി കടത്തിയ ഹാര്‍ദിക് ടീം ടോട്ടല്‍ 200-ല്‍ എത്തിച്ചു. കിഷന്‍ 55 റണ്‍സും പാണ്ഡ്യ 37 റണ്‍സും നേടി പുറത്താവാതെ നിന്നു. അവസാന ഓവറുകളില്‍ അസാമാന്യമായ പ്രകടനമാണ് ഹാര്‍ദിക്കും കിഷനും പുറത്തെടുത്തത്. 

ഡല്‍ഹിയ്ക്ക് വേണ്ടി അശ്വിന്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ നോര്‍ക്കെ, സ്‌റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: Mumbai Indians take on Delhi Capitals in blockbuster Qualifier 1