ഷാര്‍ജ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് 34 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. 209 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് നിശ്ചിത ഓവറില്‍ എഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ ഒറ്റയാള്‍ പ്രകടനം പാഴായി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. അര്‍ധ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡി കോക്കിന്റെ പ്രകടനത്തിലാണ് മുംബൈ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരും മികച്ച ബാറ്റിങ് പുറത്തെടുത്തു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബെയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ കഴിഞ്ഞ മത്സരത്തിലെ ഹീറോയായിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടപ്പെട്ടു. പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരം ടീമിലെത്തിയ സന്ദീപ് ശര്‍മയാണ് രോഹിത്തിനെ പുറത്താക്കിയത്.

പിന്നീട് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് മികച്ച രീതിയില്‍ ബാറ്റുചെയ്തു. എന്നാല്‍ 18 പന്തുകളില്‍ നിന്നും 27 റണ്‍സെടുത്ത യാദവിനെ സിദ്ധാര്‍ഥ് കൗള്‍ പുറത്താക്കി. സിദ്ധാര്‍ഥ് ഐ.പി.എല്ലില്‍ 50 വിക്കറ്റുകള്‍ ഈ മത്സരത്തിലൂടെ സ്വന്തമാക്കി.

ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഡി കോക്ക് അനായാസേന ബാറ്റ് ചെയ്തു. ഡി കോക്കിനെ പുറത്താക്കാനുള്ള അവസരം മനീഷ് പാണ്ഡെ നഷ്ടപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇഷാന്‍ കിഷനോടൊപ്പം ചേര്‍ന്ന് ഡി കോക്ക് മുംബൈ സ്‌കോര്‍ 100 കടത്തി. മികച്ച ഷോട്ടുകളുമായി അദ്ദേഹം കളം നിറഞ്ഞു. ഈ സീസണില്‍ ഇതാദ്യമായാണ് ഡി കോക്ക് അര്‍ധ ശതകം നേടുന്നത്. ഒടുവില്‍ 39 പന്തുകളില്‍ നിന്നും 67 റണ്‍സെടുത്ത് ഡി കോക്ക് മടങ്ങി. ഇരുവരും ചേര്‍ന്ന് 68 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

പിന്നീട് ഇഷാന്‍ കിഷന്‍ ആക്രമണം ഏറ്റെടുത്തു. ഡി കോക്കിന് പകരം ക്രീസിലെത്തിയ വെടിക്കെട്ട് താരം ഹാര്‍ദിക് പാണ്ഡ്യയും മികച്ച ഷോട്ടുകളുമായി മുംബൈ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി. ഇതിനിടയില്‍ ഇഷാന്‍ കിഷന്‍ പുറത്തായി. അസാമാന്യമായ ക്യാച്ചിലൂടെ മനീഷ് പാണ്ഡെയാണ് കിഷനെ പുറത്താക്കിയത്. സൂപ്പര്‍മാന്‍ ക്യാച്ച് എന്നാണ് കമന്റേറ്റേഴ്‌സ് ഈ ക്യാച്ചിനെ വിശേഷിപ്പിച്ചത്. 23 പന്തുകളില്‍ നിന്നും 31 റണ്‍സാണ് കിഷന്‍ നേടിയത്. 

കിഷന് ശേഷം അവസാന ഓവറുകളില്‍ ആഞ്ഞടിക്കാനായി മുംബൈ ഇറക്കിയത് പൊള്ളാര്‍ഡിനെയായിരുന്നു. കഴിഞ്ഞ മത്സരത്തിലെത്തപോലെ ഈ കളിയിലും ഹാര്‍ദിക്കും പൊള്ളാര്‍ഡും തകര്‍ത്തടിച്ചു. ഇരുവരും ചേര്‍ന്ന് അവസാന ഓവറുകളില്‍ 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹാര്‍ദിക്ക് 28 റണ്‍സും പൊള്ളാര്‍ഡ് 25 റണ്‍സും നേടി. ഹാര്‍ദിക് പുറത്തായതിനുശേഷം ക്രീസിലെത്തിയ സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യ വെറും നാലുപന്തുകളില്‍ നിന്നും 20 റണ്‍സ് നേടി സ്‌കോര്‍ 200 കടത്തി.

സണ്‍ റൈസേഴ്‌സിന് വേണ്ടി റാഷിദ് ഖാന്‍ നാലോവറില്‍ വെറും 22 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത് മികച്ചു നിന്നു. സന്ദീപ് ശര്‍മ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കൗള്‍ ഒരു വിക്കറ്റെടുത്തു. മികച്ച യോര്‍ക്കറുകള്‍ എറിഞ്ഞ് നടരാജനും മികച്ച പ്രകടനം കാഴ്ചവെച്ചു. 

209 എന്ന വലിയ ലക്ഷ്യം മുന്നില്‍ക്കണ്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിനുവേണ്ടി ഇത്തവണയും ഓപ്പണര്‍മാര്‍ മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചില്ല.  ആദ്യ വിക്കറ്റില്‍ വെറും 34 റണ്‍സ് മാത്രമാണ് വാര്‍ണര്‍ക്കും ബെയര്‍‌സ്റ്റോയ്ക്കും നേടാനായത്. അഞ്ചാം ഓവറില്‍ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ ബെയര്‍‌സ്റ്റോ പുറത്തായി. 15 പന്തുകളില്‍ നിന്നും 25 റണ്‍സാണ് താരം നേടിയത്. 

പിന്നാലെയെത്തിയ മനീഷ് പാണ്ഡെ മികച്ച ഷോട്ടുകളുമായി മുന്നേറിയതോടെ സണ്‍റൈസേഴ്‌സ് പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തി. വാര്‍ണറും പാണ്ഡെയും ചേര്‍ന്ന് അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ആദ്യം ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയെങ്കിലും വാര്‍ണര്‍ ശ്രദ്ധിച്ച് കളിച്ച് ഫോമിലേക്ക് തിരിച്ചെത്തി. 

അനാവശ്യ ഷോട്ടിന് ശ്രമിച്ച് മനീഷ് പാണ്ഡെ പുറത്തായതോടെ സണ്‍റൈസേഴ്‌സ് വീണ്ടും പ്രതിരോധത്തിലായി. 19 പന്തില്‍ നിന്നും 30 റണ്‍സാണ് താരമെടുത്തത്. പിന്നാലെയെത്തിയ വില്യംസണും കാര്യമായി ഒന്നും ചെയ്യാനായില്ല. എന്നാല്‍ ഒരറ്റത്ത് പിടിച്ചുനിന്ന വാര്‍ണര്‍ അര്‍ധശതകം നേടി. ഈ സീസണില്‍ വാര്‍ണര്‍ നേടുന്ന ആദ്യ അര്‍ധ സെഞ്ചുറിയാണിത്. 

വില്യംസണ് പകരം ക്രീസിലെത്തിയ കഴിഞ്ഞ മത്സരത്തിലെ ടോപ് സ്‌കോറര്‍ പ്രിയം ഗാര്‍ഗിനും തിളങ്ങാനായില്ല. പിന്നാലെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും മടങ്ങി. 44 പന്തുകളില്‍ നിന്നും 60 റണ്‍സെടുത്താണ് വാര്‍ണര്‍ മടങ്ങിയത്. ഒരു ഘട്ടത്തില്‍ വിജയപ്രതീക്ഷ നിലനിര്‍ത്തിയ ടീം അവസാന ഓവറുകളില്‍ തകരുകയായിരുന്നു. മികച്ച തുടക്കം കിട്ടിയിട്ടും അത് വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ സണ്‍റൈസേഴ്‌സിന് കഴിഞ്ഞില്ല.

മുംബൈയ്ക്ക് വേണ്ടി ട്രെന്റ് ബോള്‍ട്ടും പാറ്റിന്‍സണും ബുംറയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ക്രുനാല്‍ പാണ്ഡ്യ ഒരു വിക്കറ്റ് നേടി.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം....

Content Highlights: Mumbai Indians and Sunrisers Hyderabad will face off in the 17th game of the 2020 Indian Premier League today