അബുദാബി: വാനോളം ആവേശം നിറഞ്ഞ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ രണ്ട് റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇത്രയും ആവേശം നിറഞ്ഞ മത്സരം ഐ.പി.എല്‍ ചരിത്രത്തിലുണ്ടായിട്ടുണ്ടാകുമോ എന്ന് സംശയമാണ്. അവസാനഘട്ടം വരെ ജയം ഉറപ്പിച്ച് അവസാന ഓവറില്‍ തോല്‍വി വഴങ്ങി പഞ്ചാബ് വീണ്ടും പോയന്റ് പട്ടികയില്‍ അവസാനസ്ഥാനത്തേക്ക് വീണു. 165 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് അവിശ്വസനീയമായ രീതിയില്‍ തോല്‍വി വഴങ്ങുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനേ പഞ്ചാബിന് സാധിച്ചുള്ളൂ.

ഒരു ഘട്ടത്തില്‍ അ‌നായാസ വിജയം നേടുമെന്ന നിലയില്‍ നിന്നാണ് പഞ്ചാബിന്റെ ഈ വീഴ്ച. ആദ്യ വിക്കറ്റില്‍ 115 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും പിന്നീട് അവസാന ഓവറില്‍ 14 റണ്‍സെടുക്കാനാവാതെ തകരുകയുമായിരുന്നു പഞ്ചാബ്. സുനില്‍ നരെയ്ന്‍ എറിഞ്ഞ അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ 14 റണ്‍സായിരുന്നു വേണ്ടത്. ആദ്യ പന്തില്‍ രണ്ട് റണ്‍സ് നേടിയ മാക്‌സ്വെല്‍ രണ്ടാം പന്തില്‍ ബൗണ്ടറി നേടി. മൂന്നാം പന്തില്‍ ഒരു റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. പിന്നീട് മന്‍ദീപാണ് ക്രീസിലെത്തിയത്. അദ്ദേഹത്തെ നാലാമത്തെ ബോളില്‍ പുറത്താക്കി നരെയ്ന്‍ കളി കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കി. അവസാന ബോളില്‍ ഏഴുറണ്‍സായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ബോളില്‍ മാക്‌സ്വെല്ലിന് ബൗണ്ടറി മാത്രമേ നേടാനായുള്ളൂ. അതുവഴി അത്ഭുത വിജയം കകൊല്‍ക്കത്ത സ്വന്തമാക്കി. 

സുനില്‍ നരെയ്‌നും പ്രസിദ് കൃഷ്ണയുമാണ് ഒട്ടും പ്രതീക്ഷിക്കാത്ത വിജയം കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചത്. 

ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത കൊല്‍ക്കത്ത ശുഭ്മാന്‍ ഗില്ലിന്റെയും ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കിന്റെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ്  ആറുവിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തത്. തുടക്കത്തില്‍ വലിയ തകര്‍ച്ച നേരിട്ട ടീം പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ആദ്യ ഓവറുകളില്‍ പഞ്ചാബ് ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 

ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത കൊല്‍ക്കത്ത തകര്‍ച്ചയോടെയാണ് തുടങ്ങിയത്. കഴിഞ്ഞ മത്സരത്തിലെ ഹീറോ രാഹുല്‍ ത്രിപാഠിയെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് മുഹമ്മദ് ഷമി കൊല്‍ക്കത്തയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ക്രീസിലെത്തിയ നിതീഷ് റാണ അനാവശ്യ റണ്ണിന് ശ്രമിച്ച റണ്‍ ഔട്ടായി. ആദ്യ ഓവറുകളില്‍ സ്‌കോറിങ്ങിന് വേഗം കൂട്ടാന്‍ കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിച്ചില്ല. പവര്‍പ്ലേയില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വെറും 25 റണ്‍സ് മാത്രമാണ് കൊല്‍ക്കത്തയ്ക്ക് നേടാനായത്. 

തുടക്കത്തില്‍ രണ്ടുവിക്കറ്റുകള്‍ നഷ്ടമായെങ്കിലും പിന്നീട് പതിയെ മോര്‍ഗനും ഗില്ലും ചേര്‍ന്ന് ഇന്നിങ്‌സ് കെട്ടിപ്പൊക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 49 റണ്‍സിന്റെവ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ പിന്നാലെ മോര്‍ഗനെ ബിഷ്‌ണോയി മടക്കി. ഇന്നത്തെ മത്സരത്തില്‍ മൂന്ന് റണ്‍സ് കണ്ടെത്തിയതോടെ മോര്‍ഗന്‍ ഐ.പി.എല്ലില്‍ 1000 റണ്‍സ് പിന്നിട്ടു. 

മോര്‍ഗന്‍ മടങ്ങിയെങ്കിലും ഒരറ്റത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ശുഭ്മാന്‍ ഗില്‍ അര്‍ധസെഞ്ചുറി സ്വന്തമാക്കി. പിന്നാലെ കൊല്‍ക്കത്ത മൂന്നക്കത്തിലേക്ക് കടന്നു. 15-ാം ഓവറിലാണ് ടീം 100 കടന്നത്. ക്യാപ്റ്റന്‍ കാര്‍ത്തിക്ക് ഈ സീസണിലാദ്യമായി ഫോമിലേക്കുയര്‍ന്ന മത്സരമായിരുന്നു ഇത്. ഗില്ലും കാര്‍ത്തിക്കും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. കാര്‍ത്തിക്കായിരുന്നു കൂടുതല്‍ അപകടകാരി. 22 പന്തുകളില്‍ നിന്നും ക്യാപ്റ്റന്‍ അര്‍ധസെഞ്ചുറി കണ്ടെത്തി. പിന്നാലെ 47 പന്തുകളില്‍ നിന്നും 57 റണ്‍സെടുത്ത ഗില്‍ റണ്‍ ഔട്ട് ആയി മടങ്ങി. പിന്നാലെയെത്തിയ റസ്സലിനും കാര്യമായൊന്നും ചെയ്യാനായില്ല. അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത കാര്‍ത്തിക്കാണ് സ്‌കോര്‍ 160 കടത്തിയത്. അദ്ദേഹം 29 പന്തുകളില്‍ നിന്നും 58 റണ്‍സെടുത്ത് അവസാന ബോളില്‍ പുറത്തായി. 

പഞ്ചാബിന് വേണ്ടി യുവതാരങ്ങളായ അര്‍ഷ്ദീപ് സിങ്ങും രവി ബിഷ്‌ണോയിയും സീനിയര്‍ താരമായ മുഹമ്മദ് ഷമിയും മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്നുപേരും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും ക്യാപ്റ്റന്‍ രാഹുലും ചേര്‍ന്ന് മികച്ച അടിത്തറ സമ്മാനിച്ചു.

പതിയെ തുടങ്ങിയ ഇരുവരും പിന്നീട് താളം കണ്ടെത്തി ശ്രദ്ധയോടെ കളിച്ചു. മോശം ബോളുകള്‍ കണ്ടെത്തി പ്രഹരിച്ച ഇരുവരും പവര്‍പ്ലേയില്‍ 47 റണ്‍സ് അടിച്ചെടുത്തു. പിന്നാലെ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. ആദ്യ പത്തോവറില്‍ 76 റണ്‍സും ഇവര്‍ സ്വന്തമാക്കി. 

ഇതിനിടയില്‍ രാഹുലിനെ പുറത്താക്കാനുള്ള അവസരം ആന്ദ്രെ റസ്സല്‍ പാഴാക്കി. പിന്നീട് കൊല്‍ക്കത്തയ്ക്ക് ഒരവസരവും നല്‍കാതെയാണ് അഗര്‍വാളും രാഹുലും തകര്‍ത്തുകളിച്ചത്. ഇരുവരും അര്‍ധ സെഞ്ചുറികള്‍ നേടുകയും സെഞ്ചുറി കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയും ചെയ്തു. രാഹുല്‍ ഈ സീസണില്‍ നേടുന്ന മൂന്നാമത്തെയും മായങ്ക് നേടുന്ന രണ്ടാമത്തെയും അര്‍ധ സെഞ്ചുറിയാണ് ഇന്ന് പിറന്നത്. ഇരുവരും ഓരോ സെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്. സ്‌കോര്‍ ബോര്‍ഡ് 115-ല്‍ നില്‍ക്കെ മായങ്കിനെ പുറത്താക്കി പ്രസിദ് കൃഷ്ണ കൊല്‍ക്കത്തയ്ക്ക് ആശ്വാസം പകര്‍ന്നു, 39 പന്തില്‍ നിന്നും 56 റണ്‍സാണ് താരം നേടിയത്. 

മായങ്ക് പുറത്തായിട്ടും രാഹുല്‍ മറുവശത്ത് ക്ലാസിക്ക് ഷോട്ടുകളുമായി സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തിക്കൊണ്ടിരുന്നു. മായങ്കിന് ശേഷം ക്രീസിലെത്തിയ കഴിഞ്ഞ മത്സരത്തിലെ ഹീറോ നിക്കോളാസ് പൂരനും കളം നിറഞ്ഞതോടെ കൊല്‍ക്കത്തയുടെ വിജയപ്രതീക്ഷകള്‍ അവസാനിച്ചു. 10 ബോളുകളില്‍ നിന്നും 16 റണ്‍സെടുത്ത പൂരന്‍ പുറത്താകുമ്പോഴേക്കും പഞ്ചാബ് വിജയം ഉറപ്പിച്ചിരുന്നു. പക്ഷേ സുനില്‍ നരെയ്ന്‍ എറിഞ്ഞ 18-ാം ഓവറില്‍ കളി വീണ്ടും കൊല്‍ക്കത്തയുടെ കൈയ്യിലേക്ക് തിരിഞ്ഞു. പ്രഭ്‌സിമ്രാനെ പുറത്താക്കി പ്രസിദ് കൃഷ്ണ കളിയുടെ ആവേശം വാനോളമുയര്‍ത്തി. പിന്നാലെ രാഹുലിനേയും പുറത്താക്കി പ്രസിദ് കളി കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കി. 58 പന്തില്‍ നിന്നും 74 റണ്‍സാണ് രാഹുല്‍ ഇന്ന് നേടിയത്. എന്നാല്‍ രാഹുലിന്റെയും മായങ്കിന്റെയും പോരാട്ടങ്ങള്‍ വിഫലമായി. 

Content Highlights: Kings XI Punjab will clash with Kolkata Knight Riders in Abu Dhabi