അബുദാബി: ദേശീയ ടീമില്‍ അവസരം നല്‍കാത്ത സെലക്ടര്‍മാരുടെ നടപടിക്കെതിരേ പ്രതിഷേധമുയരുമ്പോള്‍ ബാറ്റുകൊണ്ട് ആ പ്രതിഷേധത്തില്‍ പങ്കാളിയായി സൂര്യകുമാര്‍ യാദവ്. 

ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഒന്നാം സ്ഥാനത്തെ ലീഡുയര്‍ത്തിയപ്പോള്‍ അതില്‍ നിര്‍ണായകമായത് അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിന്റെ പ്രകടനമായിരുന്നു.

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 19.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 

43 പന്തുകള്‍ നേരിട്ട സൂര്യകുമാര്‍ യാദവ് മൂന്നു സിക്‌സും 10 ഫോറുമടക്കം 79 റണ്‍സോടെ പുറത്താകാതെ നിന്നു.

165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി ക്വിന്റണ്‍ ഡിക്കോക്കും ഇഷാന്‍ കിഷനും ശ്രദ്ധയോടെയാണ് തുടങ്ങിയത്. 

സ്‌കോര്‍ 37-ല്‍ നില്‍ക്കെ ഡിക്കോക്കിനെ പുറത്താക്കി മുഹമ്മദ് സിറാജ് മുംബൈയെ ഞെട്ടിച്ചു. 19 പന്തില്‍ 18 റണ്‍സായിരുന്നു ഡിക്കോക്കിന്റെ സമ്പാദ്യം. 

തന്റെ ആദ്യ ഓവറില്‍ തന്നെ ഇഷാന്‍ കിഷനെ മടക്കിയ യൂസ്‌വേന്ദ്ര ചാഹല്‍ മുംബൈയെ പ്രതിരോധത്തിലാക്കി. 19 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്നു ഫോറുമടക്കം 25 റണ്‍സെടുത്താണ് കിഷന്‍ പുറത്തായത്. കാര്യമായ സംഭാവനകളില്ലാതെ സൗരഭ് തിവാരിയും (5) പുറത്തായി. ക്രുണാല്‍ പാണ്ഡ്യ 10 റണ്‍സെടുത്തു. 

ഹാര്‍ദിക് പാണ്ഡ്യ 15 പന്തില്‍ നിന്നും 17 റണ്‍സെടുത്ത് പുറത്തായി. പൊള്ളാര്‍ഡ് നാലു റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ദേവ്ദത്ത് പടിക്കലിന്റെ അര്‍ധ സെഞ്ചുറി മികവിലാണ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തത്.

ഈ സീസണിലെ നാലാം അര്‍ധ സെഞ്ചുറി നേടിയ ദേവ്ദത്ത് 45 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും 12 ഫോറുമടക്കം 74 റണ്‍സെടുത്തു.

നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് വലിയ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ബാംഗ്ലൂരിനെ പിടിച്ചുനിര്‍ത്തിയത്. 

പടിക്കലും ആരോണ്‍ ഫിഞ്ചിന് പകരം ടീമിലെത്തിയ ജോഷ് ഫിലിപ്പും ചേര്‍ന്ന് ബാംഗ്ലൂരിന് മികച്ച തുടക്കമാണ് നല്‍കിയത്. 47 പന്തില്‍ നിന്ന് 71 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. 

24 പന്തില്‍ നിന്ന് ഒരു സിക്‌സും നാലു ഫോറുമടക്കം 33 റണ്‍സെടുത്ത ഫിലിപ്പിനെ പുറത്താക്കി രാഹുല്‍ ചാഹറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ വിരാട് കോലി 14 പന്തില്‍ നിന്ന് ഒമ്പത് റണ്‍സ് മാത്രമെടുത്ത് മടങ്ങി. 12 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സ് അപകടം വിതയ്ക്കും മുമ്പ് പൊള്ളാര്‍ഡ് താരത്തെ പുറത്താക്കി.

17-ാം ഓവറില്‍ ദേവ്ദത്ത് പടിക്കലിനെയും ശിവം ദുബെയേയും (2) മടക്കിയ ജസ്പ്രീത് ബുംറയാണ് പിന്നീട് ബാംഗ്ലൂരിന്റെ കുതിപ്പ് തടഞ്ഞത്. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ബാംഗ്ലൂര്‍ 164-ല്‍ ഒതുങ്ങുകയായിരുന്നു. 

11 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത ഗുര്‍കീരത് സിങ്ങും ആറു പന്തില്‍ നിന്ന് 10 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറും പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights:  IPL 2020 table toppers Mumbai Indians are facing Royal Challengers Bangalore