ദുബായ്: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 69 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 132 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു

കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴത്തി സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ പഞ്ചാബിനെ വരിഞ്ഞുമുറുക്കി. 77 റണ്‍സെടുത്ത നിക്കോളാസ് പൂരന്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ പിടിച്ചുനിന്നത്. മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തി. പൂരന്റെ ഒറ്റയാള്‍ പ്രകടനത്തിനും പഞ്ചാബിനെ രക്ഷിക്കാനായില്ല. 

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് എടുത്തത്. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് വാര്‍ണറുമാണ് സണ്‍റൈസേഴ്‌സിന് ഈ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 160 റണ്‍സിന്റെ കൂട്ടുകെട്ട് ആദ്യ വിക്കറ്റില്‍ നേടി. 

ജോണി ബെയര്‍സ്‌റ്റോ 55 പന്തുകളില്‍ നിന്നും 97 റണ്‍സും വാര്‍ണര്‍ 40 പന്തുകളില്‍ നിന്നും 52 റണ്‍സും നേടി. എന്നാല്‍ ഇത്രയും മികച്ച തുടക്കം കിട്ടിയിട്ടും അവസാന ഓവറുകളില്‍ സണ്‍റൈസേഴ്‌സ് അവിശ്വസനീയമായി തകരുകയായിരുന്നു. ഒരു ഘട്ടത്തില്‍ സ്‌കോര്‍ബോര്‍ഡ് 250 കടക്കുമെന്ന നിലയില്‍ നിന്നാണ് 201 റണ്‍സിലേക്ക് സണ്‍റൈസേഴ്‌സ് ഒതുങ്ങിയത്. 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് അതിവേഗം 50 കടന്നു. ജോണി ബെയര്‍സ്‌റ്റോ ആയിരുന്നു കൂടുതല്‍ അപകടകാരി.  വാര്‍ണറും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഈ ഐ.പി.എല്‍ സീസണില്‍ സണ്‍റൈസേഴ്‌സ് നേടുന്ന ഏറ്റവും വലിയ ആദ്യ വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ന് പിറന്നത്. പത്തോവറില്‍ സണ്‍റൈസേഴ്‌സ് 100 റണ്‍സും 15 ഓവറില്‍ 150 റണ്‍സും കടന്നതോടെ പഞ്ചാബ് പ്രതിരോധത്തിലായി. ഇതിനിടയില്‍ വാര്‍ണറും ബെയര്‍‌സ്റ്റോയും അര്‍ധ സെഞ്ചുറികള്‍ കണ്ടെത്തി.  

ഐ.പി.എല്ലില്‍ വാര്‍ണര്‍ നേടുന്ന 50-ാം അര്‍ധ സെഞ്ചുറിയാണിത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് വാര്‍ണര്‍. അതോടൊപ്പം ട്വന്റി 20 യില്‍ 9500 റണ്‍സ് നേടുന്ന താരം എന്ന നേട്ടവും വാര്‍ണര്‍ സ്വന്തമാക്കി. കിങ്‌സ് ഇലവനെതിരെ വിവിധ മത്സരങ്ങളില്‍ നിന്നുമായി ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും ഡേവിഡ് വാര്‍ണര്‍ ഈ മത്സരത്തിലൂടെ സ്വന്തമാക്കി. 

ബെയര്‍‌സ്റ്റോയും വാര്‍ണറും ചേര്‍ന്ന് ഐ.പി.എല്ലില്‍ നേടുന്ന അഞ്ചാമത്തെ സെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ന് പിറന്നത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡ് 160-ല്‍ നില്‍ക്കെ പതിനേഴാം ഓവറില്‍ രവി ബിഷ്‌ണോയി വാര്‍ണറെയും ബെയര്‍‌സ്റ്റോയെയും പുറത്താക്കി കളി പഞ്ചാബിന് അനുകൂലമാക്കി.  അര്‍ഹിച്ച സെഞ്ചുറിയാണ് ബെയര്‍സ്‌റ്റോയ്ക്ക് നഷ്ടമായത്.പിന്നാലെയെത്തിയ മനീഷ് പാണ്ഡെയും പെട്ടെന്ന് ക്രീസ് വിട്ടു. യുവതാരം അര്‍ഷ്ദീപ് സിങ്ങിനാണ് വിക്കറ്റ്. വാര്‍ണറും ബെയര്‍സ്‌റ്റോയും മടങ്ങിയതോടെ റണ്‍റേറ്റ്  കുത്തനെ ഇടിഞ്ഞു. പിന്നീട് വന്ന ഒരു ബാറ്റ്‌സ്മാനും നന്നായി കളിക്കാനായില്ല. അവസാന ഓവറുകളില്‍ കെയ്ന്‍ വില്യംസണ്‍ മാത്രമാണ് പിടിച്ചുനിന്നത്.

സീനിയര്‍ താരങ്ങള്‍ നന്നായി റണ്‍സ് വഴങ്ങിയപ്പോള്‍ പഞ്ചാബിന് വേണ്ടി യുവതാരങ്ങളാണ് മികച്ച ബൗളിങ് പ്രകടനം കാഴ്ച വെച്ചത്. രവി ബിഷ്‌ണോയി മൂന്നും അര്‍ഷ്ദീപ് സിങ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ശേഷിക്കുന്ന വിക്കറ്റ് ഷമി സ്വന്തമാക്കി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ എഴ് ഓവറുകള്‍ക്കുള്ളില്‍ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ നഷ്ടമായി. സ്‌കോര്‍ 11-ല്‍ നില്‍ക്കെ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ റണ്‍ ഔട്ടായി. പിന്നാലെയെത്തിയ പുതുമുഖതാരം പ്രഭ്‌സിമ്രാനും തിളങ്ങാനായില്ല. സിമ്രാനെ ഖലീല്‍ അഹമ്മദ് പുറത്താക്കി.പിന്നീട് ഒത്തുചേര്‍ന്ന നായകന്‍ രാഹുലും നിക്കോളാസ് പൂരനും ചേര്‍ന്ന് ഇന്നിങ്‌സ് കരകയറ്റുന്നതിനിടെ രാഹുലിനെയും പഞ്ചാബിന് നഷ്ടമായി. അഭിഷേക് ശര്‍മയാണ് രാഹുലിനെ പുറത്താക്കിയത്

എന്നാല്‍ ഒരറ്റത്ത് മികച്ച ഫോമില്‍ കളിച്ച നിക്കോളാസ് പൂരന്‍ പഞ്ചാബിനെ കൈപിടിച്ചുയര്‍ത്തി. 17 പന്തുകളില്‍ നിന്നും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ പൂരന്‍ ഈ സീസണില്‍ അതിവേഗത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി. അദ്ദേഹത്തിന്റെ ആദ്യ ഐ.പി.എല്‍ അര്‍ധ ശതകമാണിത്. സമദ് എറിഞ്ഞ ഒന്‍പതാം ഓവറില്‍ 28 റണ്‍സാണ് പൂരന്‍ അടിച്ചെടുത്തത്. 

പൂരന് മികച്ച പിന്തുണ കൊടുക്കാന്‍ പിന്നാലെയെത്തിയ ഒരു ബാറ്റ്‌സ്മാനും കഴിഞ്ഞില്ല. മാക്‌സ്വെല്ലും മന്‍ദീപും മുജീബുമെല്ലാം ഒന്നു പൊരുതുക പോലും ചെയ്യാതെ മടങ്ങി. പിന്നാലെ 37 പന്തില്‍ നിന്നും 77 റണ്‍സെടുത്ത് പൂരനും മടങ്ങിയതോടെ പഞ്ചാബിന്റെ വിജയപ്രതീക്ഷകള്‍ അവസാനിച്ചു.

സണ്‍റൈസേഴ്‌സിന് വേണ്ടി റാഷിദ് ഖാന്‍ ഗംഭീരമായ ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. നാലോവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം മൂന്നു വിക്കറ്റുകളാണ് നേടിയത്. ഖലീല്‍ അഹമ്മദ്, നടരാജന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തപ്പോള്‍ അഭിഷേക് ശര്‍മ ഒരു വിക്കറ്റ് വീഴ്ത്തി. 

Content Highlights: IPL 2020 Sunrisers Hyderabad Kings XI Punjab facing each other