അബുദാബി: ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.

രാജസ്ഥാന്‍ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ മറികടന്നു. ബാംഗ്ലൂരിന്റെ മൂന്നാം ജയമാണിത്. 

അര്‍ധ സെഞ്ചുറി നേടിയ ദേവദത്ത് പടിക്കലും ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് ബാംഗ്ലൂരിന്റെ ജയം എളുപ്പമാക്കിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 99 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

44 പന്തുകള്‍ നേരിട്ട ദേവദത്ത് ഒരു സിക്‌സും ആറു ഫോറുമടക്കം 63 റണ്‍സെടുത്ത് പുറത്തായി.

ഫോമിലേക്ക് മടങ്ങിയെത്തിയ കോലി 53 പന്തുകള്‍ നേരിട്ട് രണ്ടു സിക്‌സും ഏഴു ഫോറുമടക്കം 72 റണ്‍സോടെ പുറത്താകാതെ നിന്നു. ഐ.പി.എല്‍ 13-ാം സീസണില്‍ കോലിയുടെ ആദ്യ അര്‍ധ സെഞ്ചുറിയാണിത്. ഡിവില്ലിയേഴ്‌സ് 12 റണ്‍സോടെ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 154 റണ്‍സെടുത്തത്. 39 പന്ത് നേരിട്ട് മൂന്നു സിക്‌സും ഒരു ഫോറുമടക്കം 47 റണ്‍സെടുത്ത മഹിപാല്‍ ലോംറോറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. മഹിപാലിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ യൂസ്‌വേന്ദ്ര ചാഹലാണ് ബാംഗ്ലൂരിനായി തിളങ്ങിയത്.

നാല് ഓവറിനിടെ ഓപ്പണര്‍മാര്‍ രണ്ടു പേരെയും നഷ്ടമായ രാജസ്ഥാന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു.

മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ (5) ഇസുരു ഉദാന മടക്കി. പിന്നാലെ 12 പന്തില്‍ ഒരു സിക്‌സും മൂന്നു ഫോറുമടക്കം തകര്‍ത്തടിച്ച് 22 റണ്‍സെടുത്ത ജോസ് ബട്ട്‌ലര്‍ നവ്ദീപ് സെയ്‌നിയുടെ ആദ്യ പന്തില്‍ തന്നെ പുറത്തായി. നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയ സഞ്ജു സാംസണെ (4) യൂസ്‌വേന്ദ്ര ചാഹല്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. സംശയാസ്പദമായിരുന്നു ചാഹലിന്റെ ക്യാച്ച്. റീപ്ലേകളില്‍ പന്ത് നിലത്ത് മുട്ടിയെന്ന് സംശയമുയര്‍ന്നിട്ടും തേര്‍ഡ് അമ്പയര്‍ ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു. 

22 പന്തില്‍ 17 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയ്ക്ക് ഈ മത്സരത്തിലും തിളങ്ങാനായില്ല. റിയാന്‍ പരാഗ് (16) ആണ് പുറത്തായ മറ്റൊരു താരം.

രാഹുല്‍ തെവാതിയ 12 പന്തില്‍ 24 റണ്‍സോടെ പുറത്താകാതെ നിന്നു. ജോഫ്ര ആര്‍ച്ചര്‍ 10 പന്തില്‍ നിന്ന് 16 റണ്‍സെടുത്തു.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: IPL 2020 Royal Challengers Bangalore against Rajasthan Royals in Abu Dhabi