ദുബായ്: വീണ്ടും സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ജയം. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍ ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്നിങ്‌സ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 201-ല്‍ അവസാനിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.

സൂപ്പര്‍ ഓവറില്‍ മുംബൈ ഉയര്‍ത്തിയ എട്ടു റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ബാംഗ്ലൂര്‍ മറികടക്കുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ബാംഗ്ലൂരിനായി പന്തെറിഞ്ഞ സെയ്‌നി ഏഴു റണ്‍സ് മാത്രമാണ് വഴങ്ങിയത്. പൊള്ളാര്‍ഡിനെ പുറത്താക്കുകയും ചെയ്തു. ഹാര്‍ദിക് പാണ്ഡ്യയും രോഹിത് ശര്‍മയുമാണ് സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്ത മറ്റ് മുംബൈ താരങ്ങള്‍.

എട്ടു റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിനെ ക്യാപ്റ്റന്‍ വിരാട് കോലിയും ഡിവില്ലിയേഴ്‌സും ചേര്‍ന്ന് വിജയത്തിലെത്തിക്കുകയായിരുന്നു. ട്വന്റി 20 സ്‌പെഷ്യലിസ്റ്റ് ജസ്പ്രീത് ബുംറയ്ക്ക് ഏഴു റണ്‍സ് പ്രതിരോധിക്കാനായില്ല.

IPL

തകര്‍പ്പന്‍ കൂട്ടുകെട്ടുമായി കിഷനും പൊള്ളാര്‍ഡും

നേരത്തെ ഇഷാന്‍ കിഷനും കിറോണ്‍ പൊള്ളാര്‍ഡും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് മുംബൈ ഇന്നിങ്‌സ് 201-ല്‍ എത്തിച്ചത്. ഇരുവരും ചേര്‍ന്ന് 119 റണ്‍സാണ് മുംബൈ സ്‌കോറിലേക്ക് ചേര്‍ത്തത്. 

58 പന്തുകള്‍ നേരിട്ട കിഷന്‍ ഒമ്പത് സിക്‌സും രണ്ടു ഫോറുമടക്കം 99 റണ്‍സെടുത്ത് അവസാന ഓവറിലെ അഞ്ചാം പന്തിലാണ് പുറത്തായത്. അര്‍ഹിച്ച സെഞ്ചുറിയാണ് താരത്തിന് നഷ്ടമായത്. അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സ് വേണമെന്നിരിക്കെ ഉദാനയുടെ പന്തില്‍ രണ്ട് സിക്‌സറുകള്‍ പറത്തിയ ശേഷമായിരുന്നു കിഷന്റെ പുറത്താകല്‍.

അവസാന പന്തില്‍ അഞ്ചു റണ്‍സ് വേണമെന്നിരിക്കെ ബൗണ്ടറി കണ്ടെത്തിയ പൊള്ളാര്‍ഡാണ് മത്സരം സൂപ്പര്‍ ഓവറിലെത്തിച്ചത്. 24 പന്തില്‍ നിന്ന് തകര്‍ത്തടിച്ച പൊള്ളാര്‍ഡ് അഞ്ചു സിക്‌സും മൂന്നു ഫോറുമടക്കം 60 റണ്‍സോടെ പുറത്താകാതെ നിന്നു.

മുംബൈ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഇസുരു ഉദാന എറിഞ്ഞ ആദ്യ ഓവറില്‍ 14 റണ്‍സ് പിറന്നതോടെ സ്പിന്നര്‍മാരിലേക്ക് കളംമാറ്റിച്ചവിട്ടിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തന്ത്രം മധ്യ ഓവറുകളില്‍ കളി ബാംഗ്ലൂരിന് അനുകൂലമാക്കിയിരുന്നു. 

വാഷിങ്ടണ്‍ സുന്ദര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ആദം സാംപ എന്നിവര്‍ ചേര്‍ന്ന് മധ്യ ഓവറുകളില്‍ മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂച്ചുവിലങ്ങിട്ടു. ഇതോടെ ആവശ്യമായ റണ്‍റേറ്റും ഉയരാന്‍ തുടങ്ങി. എന്നാല്‍ സാംപയുടെ 17-ാം ഓവറില്‍ 27 റണ്‍സടിച്ച പൊള്ളാര്‍ഡ് മത്സരത്തിന്റെ ഗതി തിരിച്ചു. ചാഹല്‍ എറിഞ്ഞ 18-ാം ഓവറില്‍ 22 റണ്‍സ് പിറന്നതോടെ മുംബൈ മത്സരത്തിലേക്ക് തിരികെയെത്തുകയായിരുന്നു. എന്നാല്‍ 19-ാം ഓവറില്‍ സെയ്‌നി മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ അവസാന ഓവറില്‍ മുംബൈയുടെ വിജയലക്ഷ്യം 19 റണ്‍സാകുകയായിരുന്നു.

മറുപടി ബാറ്റിങ്ങില്‍ 16 റണ്‍സിനുള്ളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (8), സൂര്യകുമാര്‍ യാദവ് (0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായ ശേഷമായിരുന്നു മുംബൈയുടെ തിരിച്ചുവരവ്. ഡിക്കോക്ക് (14), ഹാര്‍ദിക് പാണ്ഡ്യ (15) എന്നിവരുടെ വിക്കറ്റുകളും സ്പിന്നര്‍മാരാണ് വീഴ്ത്തിയത്. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ ബൗളിങ്ങില്‍ തിളങ്ങി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 201 റണ്‍സെടുത്തത്. 

ആരോണ്‍ ഫിഞ്ച്, ദേവദത്ത് പടിക്കല്‍, എ ബി ഡിവില്ലിയേഴ്‌സ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് ഫിഞ്ചും ദേവദത്തും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 81 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.

35 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത ഫിഞ്ചിനെ പുറത്താക്കി ട്രെന്റ് ബോള്‍ട്ടാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

40 പന്തുകള്‍ നേരിട്ട ദേവദത്ത് പടിക്കല്‍ രണ്ടു സിക്‌സും അഞ്ച് ഫോറുമടക്കം 54 റണ്‍സെടുത്ത് മടങ്ങി.

ക്യാപ്റ്റന്‍ വിരാട് കോലി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പരാജയമായി. 11 പന്തില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രമെടുത്ത കോലിയെ രാഹുല്‍ ചാഹര്‍ മടക്കുകയായിരുന്നു. 

പിന്നീട് തകര്‍ത്തടിച്ച ഡിവില്ലിയേഴ്‌സും ശിവം ദുബെയും ചേര്‍ന്നാണ് ബാംഗ്ലൂര്‍ സ്‌കോര്‍ 200 കടത്തിയത്. 23 പന്തുകള്‍ നേരിട്ട ഡിവില്ലിയേഴ്‌സ് നാല് സിക്‌സും നാല് ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്നു. മത്സരത്തിനിടെ ഐ.പി.എല്‍ കരിയറില്‍ 4500 റണ്‍സെന്ന നാഴികക്കല്ലും ഡിവില്ലിയേഴ്‌സ് പിന്നിട്ടു.

10 പന്തുകള്‍ നേരിട്ട ദുബെ മൂന്നു സിക്‌സറുകള്‍ പറത്തി 27 റണ്‍സെടുത്തു. നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂരിനെതിരേ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: IPL 2020 Royal Challengers Bangalore against Mumbai Indians at Dubai