അബുദാബി: ഐ.പി.എല്ലില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. 

കൊല്‍ക്കത്ത ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം 16.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് മറികടന്നു. ജയത്തോടെ മുംബൈ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി.

വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കാണ് മുംബൈയുടെ ജയം അനായാസമാക്കിയത്. 44 പന്തുകള്‍ നേരിട്ട ഡിക്കോക്ക് മൂന്നു സിക്‌സും ഒമ്പത് ഫോറുമടക്കം 78 റണ്‍സോടെ പുറത്താകാതെ നിന്നു.

149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡിക്കോക്കും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഇരുവരും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതോടെ പവര്‍പ്ലേ ഓവറില്‍ 51 റണ്‍സാണ് മുംബൈ സ്‌കോര്‍ ബോര്‍ഡിലെത്തിയത്.

63 പന്തില്‍ 94 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. 36 പന്തില്‍ ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 35 റണ്‍സെടുത്ത രോഹിത്തിനെ പുറത്താക്കി ശിവം മാവിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

സൂര്യകുമാര്‍ യാദവ് 10 റണ്‍സെടുത്ത് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 11 പന്തില്‍ നിന്ന് 21 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ പുതിയ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ നേതൃത്വത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തിരുന്നു.

10.4 ഓവറില്‍ അഞ്ചു വിക്കറ്റിന് 61 റണ്‍സെന്ന നിലയിലായിരുന്ന കൊല്‍ക്കത്തയെ ആറാം വിക്കറ്റില്‍ ഒന്നിച്ച ഓയിന്‍ മോര്‍ഗന്‍ - പാറ്റ് കമ്മിന്‍സ് കൂട്ടുകെട്ടാണ് 148-ല്‍ എത്തിച്ചത്. 

ആറാം വിക്കറ്റില്‍ ഇരുവരും 57 പന്തുകളില്‍ നിന്ന് 87 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 36 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 53 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്ത നിരയിലെ ടോപ് സ്‌കോറര്‍. 29 പന്തുകള്‍ നേരിട്ട മോര്‍ഗന്‍ 39 റണ്‍സോടെ പുറത്താകാതെ നിന്നു.

ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയ ബാറ്റിങ് പ്രകടനമായിരുന്നു കൊല്‍ക്കത്തയുടേത്. മൂന്നാം ഓവറില്‍ തന്നെ കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴു റണ്‍സെടുത്ത ഓപ്പണര്‍ രാഹുല്‍ ത്രിപാഠിയെ സൂര്യകുമാര്‍ യാദവ് പറന്നുപിടിക്കുകയായിരുന്നു. പിന്നാലെ നിതീഷ് റാണയും (5) മടങ്ങി.

രാഹുല്‍ ചാഹര്‍ എറിഞ്ഞ എട്ടാം ഓവറില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച ശുഭ്മാന്‍ ഗില്ലിനെ പൊള്ളാര്‍ഡ് ക്യാച്ചെടുത്ത് പുറത്താക്കി. 23 പന്തില്‍ നിന്ന് 21 റണ്‍സ് മാത്രമായിരുന്നു ഗില്ലിന് നേടാനായത്. തൊട്ടടുത്ത പന്തില്‍ മോശം ഷോട്ടിന് ശ്രമിച്ച ദിനേഷ് കാര്‍ത്തിക്കിന്റെ (4) വിക്കറ്റുമായി ചാഹറിന്റെ പന്ത് പറന്നു. 

അവസാന പ്രതീക്ഷയായിരുന്ന ആന്ദ്രേ റസ്സല്‍ ഒമ്പത് പന്തില്‍ 12 റണ്‍സുമായി മടങ്ങിയതോടെ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ 100 കടക്കില്ലെന്ന് തോന്നിച്ചതാണ്. തുടര്‍ന്നായിരുന്നു മോര്‍ഗന്‍ - കമ്മിന്‍സ് കൂട്ടുകെട്ട്. 

മുംബൈക്കായി രാഹുല്‍ ചാഹര്‍ നാല് ഓവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: IPL 2020 Mumbai Indians are back after a short break to face Kolkata Knight Riders