ഷാര്‍ജ: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 82 റണ്‍സിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.

195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 

ബൗളര്‍മാരുടെ മികവിലാണ് ബാംഗ്ലൂര്‍ വിജയം പിടിച്ചത്. സീസണില്‍ ബാംഗ്ലൂരിന്റെ അഞ്ചാം ജയമാണിത്. 

ബാംഗ്ലൂരിനായി നാല് ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ യൂസ്‌വേന്ദ്ര ചാഹലും നാല് ഓവറില്‍ 20 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദറും മികച്ച പ്രകടനം പുറത്തെടുത്തു. ക്രിസ് മോറിസ് നാല് ഓവറില്‍ വെറും 17 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി. ബാംഗ്ലൂരിനായി പന്തെടുത്തവരെല്ലാം വിക്കറ്റെടുത്തു.

195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിരയില്‍ ശുഭ്മാന്‍ ഗില്‍ ഒഴികെ ആര്‍ക്കും തന്നെ കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. 25 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും മൂന്നു ഫോറുമടക്കം 34 റണ്‍സെടുത്ത ഗില്ലാണ് കൊല്‍ക്കത്ത നിരയിലെ ടോപ് സ്‌കോറര്‍.

സീസണിലെ ആദ്യ മത്സരം കളിക്കുന്ന ടോം ബാന്റണ്‍ (8), നിതീഷ് റാണ (9), ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്ക് (1), ഓയിന്‍ മോര്‍ഗന്‍ (8) എന്നിവരെ രണ്ടക്കം കാണാന്‍ പോലും ബാംഗ്ലൂര്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല.

അവസാന പ്രതീക്ഷയായിരുന്ന ആന്ദ്രേ റസ്സല്‍ ഇസുരു ഉദാനയുടെ 14-ാം ഓവറില്‍ തകര്‍ത്തടിച്ചെങ്കിലും ഓവറിലെ അഞ്ചാം പന്തില്‍ പുറത്തായതോടെ കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. 10 പന്തില്‍ ഒരു സിക്‌സും രണ്ടു ഫോറുമടക്കം 16 റണ്‍സ് മാത്രമായിരുന്നു റസ്സലിന്റെ സമ്പാദ്യം.

രാഹുല്‍ ത്രിപാഠി (16), പാറ്റ് കമ്മിന്‍സ് (1), കമലേഷ് നാഗര്‍കോട്ടി (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് 194 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ എ ബി ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സാണ് ബാംഗ്ലൂരിനെ 194-ല്‍ എത്തിച്ചത്. തകര്‍ത്തടിച്ച ഡിവില്ലിയേഴ്‌സ് 33 പന്തുകള്‍ നേരിട്ട് 5 സിക്‌സും 6 ഫോറുമടക്കം 73 റണ്‍സോടെ പുറത്താകാതെ നിന്നു. 

മൂന്നാം വിക്കറ്റില്‍ ഡിവില്ലിയേഴ്‌സ് - വിരാട് കോലി കൂട്ടുകെട്ട് 100 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അവസാന അഞ്ച് ഓവറില്‍ 83 റണ്‍സാണ് ബാംഗ്ലൂര്‍ അടിച്ചുകൂട്ടിയത്.

28 പന്തുകള്‍ നേരിട്ട കോലി 33 റണ്‍സോടെ പുറത്താകാതെ നിന്നു. വെറും ഒരു ബൗണ്ടറി മാത്രമാണ് കോലിയുടെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. 

ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് ബാംഗ്ലൂരിന് നല്‍കിയത്. ഇരുവരും തകര്‍ത്തടിച്ചതോടെ പവര്‍പ്ലേ ഓവറുകളില്‍ 47 റണ്‍സാണ് ബാംഗ്ലൂര്‍ സ്‌കോര്‍ ബോര്‍ഡിലെത്തിയത്. 7.4 ഓവറില്‍ 67 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 

23 പന്തില്‍ ഒരു സിക്‌സും നാലു ഫോറുമടക്കം 32 റണ്‍സെടുത്ത ദേവ്ദത്തിന്റെ കുറ്റി തെറിപ്പിച്ച് ആന്ദ്രേ റസ്സലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

സ്‌കോര്‍ 94-ല്‍ എത്തിയപ്പോള്‍ 47 റണ്‍സോടെ ഫിഞ്ചും മടങ്ങി. 37 പന്തില്‍ ഒരു സിക്‌സും നാലു ഫോറുമടക്കമാണ് ഫിഞ്ച് 47 റണ്‍സെടുത്തത്.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: IPL 2020 Kolkata Knight Riders to face Royal Challengers Bangalore at sharjah