ദുബായ്: ഐ.പി.എല്ലില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 97 റണ്‍സിന് തകര്‍ത്ത് കിങ്‌സ് ഇലവന്‍ പഞ്ചാബ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ 17 ഓവറില്‍ 109 റണ്‍സിന് ഓള്‍ഔട്ടായി.

നാലു റണ്‍സിനിടെ തന്നെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായ ബാംഗ്ലൂരിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ദേവദത്ത് പടിക്കല്‍ (1), ജോഷ് ഫിലിപ്പ് (0), ക്യാപ്റ്റന്‍ വിരാട് കോലി (1) എന്നിവര്‍ വന്നപാടെ മടങ്ങിയപ്പോള്‍ 2.4 ഓവറില്‍ നാല് റണ്‍സിന് മൂന്നു വിക്കറ്റെന്ന പരിതാപകരമായ അവസ്ഥയിലേക്ക് ബാംഗ്ലൂര്‍ വീണു.

പിന്നീട് ആരോണ്‍ ഫിഞ്ചും എ ബി ഡിവില്ലിയേഴ്‌സും ചേര്‍ന്ന് സ്‌കോര്‍ 53-ല്‍ എത്തിച്ചു. വൈകാതെ 20 റണ്‍സെടുത്ത ഫിഞ്ചിനെ രവി ബിഷ്‌ണോയ് മടക്കി. 28 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിനെ മുരുകന്‍ അശ്വിനും പുറത്താക്കി. പിന്നീടെല്ലാം ചടങ്ങുകള്‍ മാത്രം. 

27 പന്തില്‍ ഒരു സിക്‌സും രണ്ടു ഫോറുമടക്കം 30 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്‌കോറര്‍. ശിവം ദുബെ (12), ഉമേഷ് യാദവ് (0), സെയ്‌നി (6), ചാഹല്‍ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. പഞ്ചാബിനായി രവി ബിഷ്‌ണോയ്, മുരുകന്‍ അശ്വിന്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 206 റണ്‍സെടുത്തത്. 

ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെ സെഞ്ചുറി പ്രകടനവും മികച്ച കൂട്ടുകെട്ടുകളുമാണ് പഞ്ചാബിനെ മികച്ച സ്‌കോറിലെത്തിച്ചത്. 62 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച രാഹുല്‍ 69 പന്തുകള്‍ നേരിട്ട് ഏഴു സിക്‌സും 14 ഫോറുമടക്കം 132 റണ്‍സോടെ പുറത്താകാതെ നിന്നു. ഐ.പി.എല്ലില്‍ രാഹുലിന്റെ രണ്ടാം സെഞ്ചുറിയാണിത്. 

ഐ.പി.എല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും രാഹുല്‍ സ്വന്തമാക്കി. മത്സരത്തിനിടെ രണ്ടു തവണ ക്യാപ്റ്റന്‍ കോലി, രാഹുലിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത് ബാംഗ്ലൂരിന് തിരിച്ചടിയായി. 83-ലും 89-ലും നില്‍ക്കെയാണ് രാഹുലിന്റെ ക്യാച്ചുകള്‍ കോലി നിലത്തിട്ടത്. അവസാനം നേരിട്ട ഏഴു പന്തില്‍ നിന്ന് 32 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്. 

ഇതിനിടെ കെ.എല്‍ രാഹുല്‍ ഐ.പി.എല്ലില്‍ 2000 റണ്‍സ് തികയ്ക്കുകയും ചെയ്തു. ഐ.പി.എല്ലില്‍ വേഗത്തില്‍ 2000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യക്കാരനെന്ന നേട്ടവും രാഹുല്‍ സ്വന്തമാക്കി. 60 ഇന്നിങ്‌സുകളില്‍ നിന്നാണ് രാഹുലിന്റെ നേട്ടം. 63 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ സച്ചിന്‍ തെണ്ടുല്‍ക്കറെയാണ് രാഹുല്‍ മറികടന്നത്. 

ഓപ്പണിങ് വിക്കറ്റില്‍ മായങ്ക് അഗര്‍വാളിനൊപ്പം 57 റണ്‍സ് ചേര്‍ത്ത രാഹുല്‍ രണ്ടാം വിക്കറ്റില്‍ നിക്കോളാസ് പുരനൊപ്പവും 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

20 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത മായങ്കിനെ പുറത്താക്കി യൂസ്‌വേന്ദ്ര ചാഹലാണ് പഞ്ചാബിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. നിക്കോളാസ് പുരന്‍ 17 റണ്‍സെടുത്ത് പുറത്തായി. ഗ്ലെന്‍ മാക്‌സ്‌വെല്ലും (5) കാര്യമായ സംഭാവനയില്ലാതെ മടങ്ങി. 

ബാംഗ്ലൂര്‍ നിരയില്‍ യൂസ്‌വേന്ദ്ര ചാഹലാണ് ബൗളിങ്ങില്‍ മികച്ചുനിന്നത്. നേരത്തെ ടോസ് നേടിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. സീസണില്‍ ഇതുവരെ നടന്ന മത്സരങ്ങളിലെല്ലാം ടോസ് നേടുന്ന ക്യാപ്റ്റന്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുന്ന പതിവ് തുടരുകയാണ്.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: IPL 2020 Kings XI Punjab to start afresh against confident Royal Challengers Bangalore