അബുദാബി: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 17 റണ്‍സിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ് പതിമൂന്നാമത് ഐ.പി.എല്ലിന്റെ ഫൈനലിലെത്തി. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ ഡല്‍ഹി മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഡൽഹി ആദ്യമായാണ് ഐ.പി.എൽ ഫൈനലിലെത്തുന്നത്.

തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് രാജകീയമായാണ് ഡല്‍ഹി ഫൈനലിലേക്ക് നടന്നുകയറിയത്. തുടര്‍ച്ചയായ മത്സരങ്ങള്‍ ജയിച്ചുവന്ന സണ്‍റൈസേഴ്‌സിനെ ഡല്‍ഹി ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരും അനായാസേന നേരിട്ടു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സണ്‍റൈസേഴ്‌സിന് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഡല്‍ഹിയ്ക്ക് വേണ്ടി അര്‍ധസെഞ്ചുറി നേടി ധവാനും നാലുവിക്കറ്റ് വീഴ്ത്തി റബാദയും ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച് സ്റ്റോയിനിസും തിളങ്ങി. സണ്‍റൈസേഴ്‌സിനുവേണ്ടി അര്‍ധസെഞ്ചുറി നേടി വില്യംസണ്‍ മികച്ച പ്രകടനം പുറത്തെടുത്തു. 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ  ഡല്‍ഹിയ്ക്ക് വേണ്ടി ശിഖര്‍ ധവാനൊപ്പം ഓപ്പണറായി ഇറങ്ങിയത് സ്റ്റോയിനിസ് ആയിരുന്നു. ഡല്‍ഹിയുടെ തീരുമാനം ശരിവെയ്ക്കുന്ന പ്രകടനമാണ് സ്‌റ്റോയിനിസ് പുറത്തെടുത്തത്. 

ഓപ്പണറുടെ റോള്‍ താരം ഭംഗിയായി നിര്‍വഹിച്ചു. ഹോള്‍ഡറെയും സന്ദീപ് ശര്‍മയെയുമെല്ലാം അനായാസേന നേരിട്ട താരം സ്‌കോര്‍ വേഗം കൂട്ടി. പിന്നാലെ ധവാനും സ്‌കോര്‍ ഉയര്‍ത്താന്‍ തുടങ്ങിയതോടെ അഞ്ചാം ഓവറില്‍ തന്നെ ടീം സ്‌കോര്‍ 50 കടന്നു. ഇരുവരും ചേര്‍ന്ന് പവര്‍പ്ലേയില്‍ 65 റണ്‍സാണ് നേടിയത്. 

ധവാനും സ്‌റ്റോയിനിസും ഒരുപോലെ ബാറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ വെള്ളംകുടിച്ചു. ബൗളര്‍മാരെ മാറിമാറി വാര്‍ണര്‍ പരീക്ഷിച്ചെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല. 

എന്നാല്‍ ഒന്‍പതാം ഓവറില്‍ 27 പന്തുകളില്‍ നിന്നും 38 റണ്‍സെടുത്ത സ്റ്റോയിനിസിനെ പുറത്താക്കി റാഷിദ് ഖാന്‍ സണ്‍റൈസേഴ്‌സിന് ആശ്വാസം പകര്‍ന്നു. ധവാനൊപ്പം 85 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് സ്റ്റോയിനിസ് പറന്നത്. 

തൊട്ടടടുത്ത ഓവറില്‍ 26 പന്തുകളില്‍ നിന്നും ധവാന്‍ അര്‍ധസെഞ്ചുറി നേടി. താരത്തിന്റെ 41-ാം അര്‍ധശതകമാണ് ഇന്ന് പിറന്നത്. പിന്നാലെ 9.4 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു.

സ്‌റ്റോയിനിസിന് പകരം ക്രീസിലെത്തിയത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. അയ്യര്‍ വന്നതോടെ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. റാഷിദ്ഖാന്‍ മികച്ച ബോളുകളുമായി റണ്‍സ് നേടുന്നതില്‍ നിന്നും ഡല്‍ഹിയെ തടഞ്ഞു. പിന്നാലെ 20 പന്തുകളില്‍ നിന്നും 21 റണ്‍സെടുത്ത ശ്രേയസ്സിനെ ഹോള്‍ഡര്‍ പുറത്താക്കി. 

ശ്രേയസ്സിന് ശേഷം ക്രീസിലെത്തിയത് വെടിക്കെട്ട് താരം ഷിംറോണ്‍ ഹെറ്റ്‌മെയറാണ്. ഹെറ്റ്‌മെയര്‍ വന്നതോടെ സ്‌കോര്‍ വീണ്ടും കുതിപ്പിലേക്ക് ഉയര്‍ന്നു. ഇരുവരും ചേര്‍ന്ന് 16.2 ഓവറില്‍ സ്‌കോര്‍ 150 കടത്തി. 

ഹെറ്റ്‌മെയര്‍ കൂറ്റന്‍ ഷോട്ടുകളുമായി കളം നിറഞ്ഞപ്പോള്‍ മറുഭാഗത്ത് ധവാന്‍ മനോഹരമായ ബൗണ്ടറികള്‍ നേടി. സണ്‍റൈസേഴ്‌സിന്റെ ഫീല്‍ഡിങ്ങ് ഇന്ന് വളരെ മോശമായിരുന്നു. അഞ്ചോളം ക്യാച്ചുകള്‍ ഫീല്‍ഡര്‍മാര്‍  പാഴാക്കി. 19-ാം ഓവറില്‍ ധവാനെ പുറത്താക്കാനുള്ള അനായാസ അവസരം റാഷിദ് ഖാന്‍ പാഴാക്കി. എന്നാല്‍ അതേ ഓവറില്‍ തന്നെ ധവാനെ മടക്കി സന്ദീപ് ശര്‍മ സണ്‍റൈസേഴ്‌സിന് ആശ്വാസം പകര്‍ന്നു. 49 പന്തുകളില്‍ നിന്നും 78 റണ്‍സാണ് ധവാന്‍ നേടിയത്. ആറ് ഫോറുകളും രണ്ട് സിക്‌സുകളുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

അവസാന രണ്ട് ഓവറുകളില്‍ മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത നടരാജനും സന്ദീപ് ശര്‍മയുമാണ് ഡല്‍ഹി സ്‌കോര്‍ 200 കടക്കാതെ കാത്തത്. ഹെറ്റ്‌മെയര്‍ 22 പന്തുകളില്‍ നിന്നും 42 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

സണ്‍റൈസേഴ്‌സിന് വേണ്ടി ഹോള്‍ഡര്‍, സന്ദീപ് ശര്‍മ, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. 

ഡല്‍ഹിയെപ്പോലെ സണ്‍റൈസേഴ്‌സും ഓപ്പണിങ്ങില്‍ മാറ്റവുമായാണ് ഇറങ്ങിയത്. ഗോസ്വാമിയ്ക്ക് പകരം പ്രിയം ഗാര്‍ഗാണ് വാര്‍ണര്‍ക്കൊപ്പം ഇറങ്ങിയത്. എന്നാല്‍ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ വാര്‍ണറെ മടക്കി റബാദ സണ്‍റൈസേഴ്‌സിന് തകര്‍ച്ച സമ്മാനിച്ചു. 

വാര്‍ണര്‍ക്ക് പകരം ക്രീസിലെത്തിയ മനീഷ് പാണ്ഡെയും ഗാര്‍ഗും ചേര്‍ന്ന് റണ്‍റേറ്റ് കുറയാതെ സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് നാലോവറില്‍ സ്‌കോര്‍ 40 കടത്തി. എന്നാല്‍ അഞ്ചാം ഓവറില്‍ 17 റണ്‍സെടുത്ത ഗാര്‍ഗിനെ ക്ലീന്‍ ബൗള്‍ഡാക്കി സ്‌റ്റോയിനിസ് ഹൈദരാബാദിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു. 

അതേ ഓവറിലെ അവസാന പന്തില്‍ 21 റണ്‍സെടുത്ത മനീഷ് പാണ്ഡെയെ പുറത്താക്കി സ്റ്റോയിനിസ്  രണ്ടാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. മൂന്നുവിക്കറ്റുകള്‍ ആദ്യ അഞ്ചോവറുകള്‍ക്കിടയില്‍ വീണതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി. 

പിന്നാലെ കഴിഞ്ഞ മത്സരത്തിലെ സണ്‍റൈസേഴ്‌സിന്റെ വിജയശില്‍പ്പികളായ ഹോള്‍ഡറും വില്യംസണും ക്രീസില്‍ ഒന്നിച്ചു. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി. വില്യംസണ്‍ ആക്രമിച്ച് കളിച്ചപ്പോള്‍ ഹോള്‍ഡര്‍ സിംഗിളുകളുമായി പിന്തുണയേകി. വില്യംസണിന്റെ പതിവ് ബാറ്റിങ് ശൈലിയില്‍ നിന്നും വിഭിന്നമായ ഇന്നിങ്‌സാണ് താരം ഇന്ന് കാഴ്ചവെച്ചത്. എന്നാല്‍ സ്‌കോര്‍ 90-ല്‍ നില്‍ക്കെ 11 റണ്‍സെടുത്ത ഹോള്‍ഡറെ പുറത്താക്കി അക്ഷര്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 46 റണ്‍സാണ് വില്യംസണും ഹോള്‍ഡറും ചേര്‍ന്ന് നേടിയത്.

ഹോള്‍ഡറിന് ശേഷം അബ്ദുള്‍ സമദ് ക്രീസിലെത്തി. പിന്നാലെ വില്യംസണ്‍ 35 പന്തുകളില്‍ നിന്നും അര്‍ധസെഞ്ചുറി നേടി. താരത്തിന്റെ 14-ാം ഐ.പി.എല്‍ അര്‍ധശതകമാണ് ഇന്ന് പിറന്നത്. വില്യംസണിന്റെ കൂട്ടുപിടിച്ച് സമദും കത്തിക്കയറിയതോടെ ഡല്‍ഹി ബൗളര്‍മാര്‍ക്ക് സമ്മര്‍ദ്ദമേറി. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

എന്നാല്‍ 17-ാം ഓവറില്‍ 45 പന്തുകളില്‍ നിന്നും 67 റണ്‍സെടുത്ത് വില്യംസണെ പുറത്താക്കി സ്റ്റോയിനിസ് വീണ്ടും ഡല്‍ഹിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. വില്യംസണ്‍ മടങ്ങിയതോടെ സണ്‍റൈസേഴ്‌സ് തകര്‍ന്നു. അവസാന മൂന്നോവറുകളില്‍ 42 റണ്‍സാണ് ടീമിന് വേണ്ടിയിരുന്നത്. 

വില്യംസണ് പകരം ക്രീസിലെത്തിയ റാഷിദ്ഖാന്‍ തുടരെ ബൗണ്ടറികള്‍ നേടി വീണ്ടും സണ്‍റൈസേഴ്‌സിന് വിജയപ്രതീക്ഷ സമ്മാനിച്ചു. എന്നാല്‍ 19-ാം ഓവറില്‍ 33 റണ്‍സെടുത്ത സമദിനെയും 11 റണ്‍സെടുത്ത റാഷിദ് ഖാനെയും ഗോസ്വാമിയെയും മടക്കി റബാദ ഡല്‍ഹിയ്ക്ക് വിജയമുറപ്പിച്ചു. അതോടൊപ്പം കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പ് റബാദ ബുംറയില്‍ നിന്നും തിരിച്ചുപിടിച്ചു. 

ഡല്‍ഹിയ്ക്ക് വേണ്ടി റബാദ നാലുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്‌റ്റോയിനിസ് മൂന്നുവിക്കറ്റുകള്‍ നേടി. ശേഷിച്ച വിക്കറ്റ് അക്ഷര്‍ പട്ടേല്‍ സ്വന്തമാക്കി. 

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: In-form Sunrisers take on nervous Capitals for place in final