ദുബായ്: ടൂര്‍ണമെന്റിലെ കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 53 റണ്‍സെടുത്ത നിക്കോളാസ് പൂരന്റെ ബാറ്റിങ് മികവിലാണ് അനായാസ വിജയം സ്വന്തമാക്കിയത്. ഒരോവര്‍ ബാക്കി നില്‍ക്കെയാണ് പഞ്ചാബിന്റെ ജയം.

ഡല്‍ഹിയ്ക്ക് വേണ്ടി സെഞ്ചുറി നേടിയ ശിഖര്‍ ധവാന്റെ ഇന്നിങ്‌സ് പാഴായി. ഒരു ഘട്ടത്തില്‍ വലിയ തകര്‍ച്ച നേരിട്ട പഞ്ചാബിനെ പൂരനും മാക്‌സ്വെല്ലും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു.  ​ഗെയ്ലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

തുടർച്ചായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ  ഓപ്പണർ ശിഖർ ധവാന്റെ ഒറ്റയാൾ പോരാട്ടം കൊണ്ടാണ് ഡൽഹി അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 164 എന്ന  സ്കോർ പടുത്തുയർത്തിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം അടുപ്പിച്ച് രണ്ടു കളികളില്‍ സെഞ്ചുറി നേടുന്നത്. ധവാന് മികച്ച കൂട്ടുകെട്ട് നല്‍കാന്‍ മറ്റ് താരങ്ങള്‍ക്ക് കഴിയാതെ പോയതോടെ വലിയൊരു സ്‌കോര്‍ കണ്ടെത്താന്‍ ഡല്‍ഹിയ്ക്ക് കഴിഞ്ഞില്ല.  61 പന്തുകളില്‍ നിന്നും 106 റണ്‍സെടുത്ത ധവാന്‍ പുറത്താവാതെ നിന്നു. 

ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത ഡല്‍ഹിയ്ക്ക് അത്ര നല്ല തുടക്കമല്ല ആദ്യ വിക്കറ്റില്‍ ലഭിച്ചത്. ശിഖര്‍ ധവാന്‍ നന്നായി ബാറ്റ് ചെയ്തപ്പോള്‍ പൃഥ്വിഷാ ഈ കളിയിലും പരാജയമായി. സ്‌കോര്‍ 25-ല്‍ നില്‍ക്കെ ഏഴുറണ്‍സ് മാത്രമെടുത്ത ഷായെ പുറത്താക്കി ജിമ്മി നീഷാം ഡല്‍ഹിയ്ക്ക് ആദ്യ ക്ഷതമേല്‍പ്പിച്ചു. 

എന്നാല്‍ ഒരറ്റത്ത് ശിഖര്‍ ധവാന്‍ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. മികച്ച പ്രകടനമാണ് ധവാന്‍ ഇക്കളിയിലും പുറത്തെടുത്തത്. ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ കൂടി ക്രീസിലെത്തിയതോടെ ഡല്‍ഹി മികച്ച സ്‌കോറിലേക്ക് കുതിച്ചു. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി.

പിന്നാലെ ഈ സീസണില്‍ 400 റണ്‍സും ധവാന്‍ പിന്നിട്ടു. ഒന്‍പതാം ഓവറില്‍ ധവാന്‍ 28 പന്തുകളില്‍ നിന്നും അര്‍ധസെഞ്ചുറി നേടി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ധവാന്‍ ആ ഫോം ഈ മത്സരത്തിലും തുടര്‍ന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ 14 റണ്‍സെടുത്ത ശ്രേയസ്സ് അയ്യരെ പുറത്താക്കി മുരുകന്‍ അശ്വിന്‍ പഞ്ചാബിന് വീണ്ടും പ്രതീക്ഷ നല്‍കി.

പിന്നാലെയെത്തിയ ഋഷഭ് പന്ത് റണ്‍സ് കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടി. ഇത് സ്‌കോറിനെയും ബാധിച്ചു. പതിയെ റണ്‍റേറ്റ് താഴേക്ക് പതിച്ചു. എന്നാല്‍ ധവാന്‍ മറുവശത്ത് മികച്ച ഷോട്ടുകളുമായി മുന്നേറി സ്‌കോര്‍ 100 കടത്തി. അതോടൊപ്പം ഐ.പി.എല്ലില്‍ 5000 റണ്‍സ് തികയ്ക്കുകയും ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരമാണ് ധവാന്‍. 

ധവാന് പുറകെ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച ഋഷഭ് പന്ത് മാക്‌സ്വെല്ലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വെറും 14 റണ്‍സ് മാത്രമാണ് പന്തിന് നേടാനായത്. എന്നാല്‍ അതൊന്നും ധവാനെ ബാധിച്ചതേയില്ല. അദ്ദേഹം മറുവശത്ത് മികച്ച ഷോട്ടുകളുമായി മുന്നേറി.

സ്‌റ്റോയിനിസ് ക്രീസിലെത്തിയെങ്കിലും ആക്രമണത്തിന്റെ ചുമതല ധവാന്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ 9 റണ്‍സെടുത്ത സ്‌റ്റോയിനിസിനെ പുറത്താക്കി അവസാന ഓവറുകളില്‍ ഷമി ഡല്‍ഹിയെ വരിഞ്ഞുമുറുക്കി. 19-ാം ഓവറില്‍ ധവാന്‍ സെഞ്ചുറി നേടി. 57 പന്തുകളില്‍ നിന്നാണ് ധവാന്‍ സെഞ്ചുറിയടിച്ചത്. 12 ഫോറുകളും മൂന്നു സിക്‌സറുകളും അടങ്ങുന്നതാണ് ധവാന്റെ ഇന്നിങ്‌സ്.

പഞ്ചാബ് ബൗളര്‍മാരെല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു. മുഹമ്മദ് ഷമി രണ്ടുവിക്കറ്റുകള്‍ നേടിയപ്പോള്‍ മാക്‌സ്വെല്‍, നീഷാം, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

പഞ്ചാബിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ക്യാപ്റ്റന്‍ രാഹുല്‍ സ്‌കോര്‍ 17-ല്‍ നില്‍ക്കെ 15 റണ്‍സെടുത്ത് മടങ്ങി. അക്ഷര്‍ പട്ടേലിനാണ് വിക്കറ്റ്. രാഹുലിന് പിന്നാലെ ക്രീസിലെത്തിയത് ക്രിസ് ഗെയ്‌ലാണ്. 

സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്ത ഗെയ്ല്‍ തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞ അഞ്ചാം ഓവറില്‍ മൂന്നു ഫോറുകളും രണ്ടുസിക്‌സുകളുമുള്‍പ്പെടെ 26 റണ്‍സാണ് നേടിയത്. ഇതോടെ പഞ്ചാബ് അഞ്ചോവറില്‍ 50 കടന്നു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ 29 റണ്‍സെടുത്ത ഗെയ്‌ലിനെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി പഞ്ചാബിന് തിരിച്ചടി നല്‍കി.

പിന്നാലെയെത്തിയ നിക്കോളാസ് പൂരന്‍ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ അനാവശ്യ റണ്ണിന് ശ്രമിച്ച പൂരന്‍ കാരണം മായങ്ക് അഗര്‍വാള്‍ റണ്ണൗട്ട് ആയതോടെ പഞ്ചാബിന്റെ നില പരുങ്ങലിലായി. 

മായങ്കിന് പുറകെ ക്രീസിലെത്തിയത് മാക്‌സ്വെല്‍ ആണ്. വീണ്ടും അനാവശ്യ റണ്ണിന് ശ്രമിച്ച പൂരന്‍ റണ്‍ഔട്ട് ആകുന്ന അവസ്ഥയുണ്ടായി. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പിഴച്ചതോടെ പൂരന്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. 

പിന്നാലെ തകര്‍പ്പന്‍ അടികളുമായി പൂരന്‍ റണ്‍റേറ്റ് ഉയര്‍ത്തി. ഇതിനിടെ പൂരന്റെ ക്യാച്ച് ഋഷഭ് പന്ത് നഷ്ടപ്പെടുത്തി. പിന്നീട് ശ്രദ്ധിച്ച് കളിച്ച പൂരന്‍ പത്താം ഓവറില്‍ പഞ്ചാബിന്റെ സ്‌കോര്‍ 100 കടത്തി. പിന്നാലെ മാക്‌സ്വെല്ലിനൊപ്പം ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടും താരം പടുത്തുയര്‍ത്തി. 27 പന്തുകളില്‍ നിന്നും അര്‍ധസെഞ്ചുറിയും പൂരന്‍ പൂര്‍ത്തിയാക്കി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ റബാദയ്ക്ക് വിക്കറ്റ് സമ്മാനിച്ച് അദ്ദേഹം മടങ്ങി. 

പൂരന്‍ മടങ്ങിയതോടെ മാക്‌സ്വെല്‍ രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. നന്നായി കളിച്ച മാക്‌സ്വെല്‍ ഒടുവില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ചുപുറത്തായി. 32 റണ്‍സെടുത്ത താരം റബാദയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. പിന്നാലെ ഒത്തുചേര്‍ന്ന നീഷാമും ഹൂഡയും ചേര്‍ന്ന് പരിക്കുകളില്ലാതെ പഞ്ചാബിനെ വിജയത്തിലെത്തിച്ചു.

 

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: Delhi Capitals will play with Kings XI punjab in IPL 2020