ദുബായ്: ടീം ഇന്ത്യയുടെ വിശ്വസ്ത പേസ് ബൗളര്‍മാരില്‍ ഒരാളായ മുഹമ്മദ് ഷമി ഇത്തവണത്തെ ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായാണ് കളിക്കാനിറങ്ങുന്നത്.

ഇത്തവണത്തെ ഐ.പി.എല്ലിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെയ്ക്കുന്നതിനിടെ മകള്‍ ഐറയെ കുറിച്ച് സംസാരിച്ചപ്പോള്‍ ഷമി വികാരാധീനനായി. താരത്തിന്റെ മുന്‍ ഭാര്യ ഹസിന്‍ ജഹാനൊപ്പമാണ് ഇപ്പോള്‍ മകള്‍ ഐറ.

ലോക്ക്ഡൗണ്‍ കാരണം മകളെ കണ്ടിട്ട് മാസങ്ങളായെന്നും അവളെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിനിടെ ഷമി പറഞ്ഞു.

''ലോക്ക്ഡൗണ്‍ സമയത്ത് എനിക്കവളെ കാണാന്‍ സാധിച്ചിട്ടില്ല. അവള്‍ അതിവേഗം വളരുകയാണ്. ഞാന്‍ അവളെ ഒരുപാട് മിസ് ചെയ്യുന്നു.'' - ഷമി പറഞ്ഞു.

2014-ലാണ് തന്നേക്കാള്‍ 10 വയസിന് മുതിര്‍ന്ന ഹസിന്‍ ജഹാനെ ഷമി വിവാഹം ചെയ്യുന്നത്. 2018 മുതല്‍ ഇരുവരും പിരിഞ്ഞാണ് താമസം. 2019 ബന്ധം വേര്‍പെടുത്തുകയും ചെയ്തു. പലതവണ ഷമിക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായി ഹസിന്‍ രംഗത്തെത്തിയിരുന്നു. ഗാര്‍ഹിക പീഡന കുറ്റവും പരസ്ത്രീ ബന്ധവും ഒത്തുകളിയാരോപണങ്ങളുമെല്ലാം ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. 

വ്യക്തി ജീവിതത്തിലെ താളപ്പിഴകള്‍ കാരണം താന്‍ ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചിട്ടുണ്ടെന്ന് അടുത്തിടെ ഷമി വെളിപ്പെടുത്തിയിരുന്നു.

Content Highlights: KXIP pacer Mohammed Shami gets emotional while speaking about his daughter Aira