ദുബായ്: ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ ബാറ്റ്സ്മാൻമാരുടെ പേടിസ്വപ്നമാണ്. ഐ.പി.എൽ 13-ാം സീസണിന് യു.എ.ഇയിൽ അരങ്ങുണരുമ്പോൾ മുംബൈ ഇന്ത്യൻസ് ഉറ്റുനോക്കുന്നതും ബുംറ എന്ന ബൗളറിലാണ്. ഇത്രയും മികവ് കാണിക്കുന്ന ബുംറ ഈ ഐ.പി.എല്ലിൽ അപ്രതീക്ഷിതമായ രീതിയിൽ പന്തെറിഞ്ഞാൽ എങ്ങനെയുണ്ടാകും? എന്നാൽ അങ്ങനെ ഒരു നിമിഷത്തിനായി കാത്തിരുന്നോളൂ.

ആറു വ്യത്യസ്ത ശൈലികളിൽ ബുംറ ബൗൾ ചെയ്യുന്ന വീഡിയോയാണ് മുംബൈ ഇന്ത്യൻസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. യു.എ.ഇയിലെ നെറ്റ് സെഷനിലാണ് വ്യത്യസ്ത ശൈലികളുമായി താരം എല്ലാവരേയും ഞെട്ടിച്ചത്.

'ബുംറ അനുകരിക്കാൻ ശ്രമിക്കുന്ന ആറു ബൗളർമാരുടെ പേരുകൾ പറയാമോ?' എന്നു ചോദിച്ചാണ് മുംബൈ ഇന്ത്യൻസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പെട്ടെന്നു തന്നെ വൈറലായ വീഡിയോക്ക് താഴെ ആരാധകരുടെ മറുപടികളുമായി ആരാധകരും കളം നിറഞ്ഞു.

മുനാഫ് പട്ടേൽ, ഗ്ലെൻ മഗ്രാത്ത്, മിച്ചൽ സ്റ്റാർക്ക്, കേദർ ജാദവ്, ശ്രേയസ് ഗോപാൽ, അനിൽ കുംബ്ലെ എന്നിവരുടെ ശൈലിയാണ് ബുംറ അനുകരിക്കുന്നത് എന്നാണ് മിക്ക കമന്റുകളും. ലസിത് മലിംഗ, ഷെയ്ൻ വോൺ എന്നിവരുടെ പേരുകളും കമന്റുകളായുണ്ട്.

 

Content Highlights: Jasprit Bumrah, Bumrah Copies Six Different Bowling Actions, IPL 2020, Mumbai Indians