ദുബായ്: ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ ഒട്ടും ശുഭകരമായവയല്ല. കോവിഡ് പ്രതിസന്ധി കാരണം യു.എ.ഇയിൽ നടത്താൻ നിശ്ചയിച്ച ഐ.പി.എല്ലിന്റെ 13-ാം പതിപ്പിനെത്തിയ ചെന്നൈ സംഘത്തിലെ പത്തിലേറെ പേർക്കാണ് വെള്ളി, ശനി ദിവസങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ പേസർ ദീപക് ചാഹറും റുതുരാജ് ഗെയ്ക്വാദുമാണ് കോവിഡ് സ്ഥിരീകരിച്ച ടീം അംഗങ്ങൾ. മറ്റുള്ളവർ സപ്പോർട്ട് സ്റ്റാഫുകളാണ്. ദീപക് ചാഹറിനും 10 സപ്പോർട്ട് സ്റ്റാഫുകൾക്കും വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. റുതുരാജിന് ശനിയാഴ്ചയും.

ഇതോടെ കോവിഡ്-19 പ്രോട്ടോക്കോളിനോടുള്ള ചെന്നൈ ടീമിന്റെ മനോഭാവത്തിൽ മറ്റ് ഫ്രാഞ്ചൈസികൾ അതൃപ്തരാണെന്നാണ് റിപ്പോർട്ടുകൾ. ഐ.പി.എല്ലിനായി യു.എ.ഇയിലേക്ക് തിരിക്കും മുമ്പ് സൂപ്പർ കിങ്സ് ടീം ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ അഞ്ചു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ചാഹറും റുതുരാജും ഈ ക്യാമ്പിൽ പങ്കെടുത്ത താരങ്ങളാണ്. ഐ.പി.എല്ലിലെ മറ്റ് ഫ്രാഞ്ചൈസികളൊന്നും തന്നെ ഇന്ത്യയിൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നില്ല. സൂപ്പർ കിങ്സ് ക്യാമ്പ് സംഘടിപ്പിച്ച ചെപ്പോക്ക് സ്റ്റേഡിയം ഹോട്ട്സ്പോട്ട് പരിധിയിൽ ഉൾപ്പെടുന്നതാണ്.

മാനദണ്ഡങ്ങൾ പാലിക്കാതെ ക്യാമ്പ് സംഘടിപ്പിച്ചതിനും കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കാതിരുന്നതിനും സൂപ്പർ കിങ്സിന് താക്കീത് നൽകണമെന്നാവശ്യപ്പെട്ട് ഫ്രാഞ്ചൈസികൾ ബി.സി.സി.ഐയെ സമീപിച്ചതായി ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്തു.

യു.എ.ഇയിലേക്ക് തിരിക്കുമ്പോഴും അവിടെ ഇറങ്ങിയപ്പോഴും മറ്റ് ഫ്രാഞ്ചൈസി അംഗങ്ങളെല്ലാം തന്നെ മാസ്കും പി.പി.ഇ കിറ്റും ധരിച്ചിരുന്നു. പക്ഷേ ക്യാമ്പിലടക്കം സാമൂഹിക അകല മാനദണ്ഡങ്ങൾ പാലിക്കാതെ പെരുമാറുന്ന സി.എസ്.കെ താരങ്ങളെയാണ് കാണാനായത്.

സൂപ്പർ കിങ്സ് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഐ.പി.എല്ലിന്റെ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നത് ബി.സി.സി.ഐ താത്‌കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Content Highlights: IPL Franchises want BCCI to issue strong warning against Chennai Super Kings