ടുത്ത ഐ.പി.എല്‍ സീസണും ഇന്ത്യയുടെ ചില അന്താരാഷ്ട്ര മത്സരങ്ങളും യു.എ.ഇയില്‍ വെച്ച് നടന്നേക്കും. ഇതുമായി ബന്ധപ്പെട്ട ധാരണാപാത്രത്തില്‍ ബി.സി.സി.ഐയും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡും ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളര്‍ത്താനും യു.എ.ഇയില്‍ കൂടുതല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനും ഇതുവഴി സാധിക്കും.

കോവിഡ് 19 കേസുകള്‍ ഇന്ത്യയില്‍ വീണ്ടും പെരുകുകയാണെങ്കിൽ ഇന്ത്യയുടെ ഹോം മത്സരങ്ങള്‍ യു.എ.ഇയില്‍ വെച്ച് നടക്കും. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ആറുമാസത്തിനകം ആരംഭിക്കുന്ന 2021 ഐ.പി.എല്‍ സീസണ്‍ ഒരുപക്ഷേ യു.എ.യില്‍ വെച്ച് നടന്നേക്കും. ഇന്ത്യയില്‍ കോവിഡ് രോഗത്തിന് ശമനം വന്നില്ലെങ്കിലാണ് ഇക്കാര്യം പരിഗണിക്കുക. അതോടൊപ്പം ഇംഗ്ലണ്ടിനെതിരെയുള്ള സീരീസും യു.എ.ഇയില്‍ വെച്ച് നടന്നേക്കും. പക്ഷേ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണം ബി.സി.സി.ഐ നടത്തിയിട്ടില്ല. 

കോവിഡ് വ്യാപനം കാരണം ഐ.പി.എല്ലിന്റെ 13-ാം സീസണ്‍ നിലവില്‍ ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ വെച്ച് നടക്കുകയാണ്. ദുബായില്‍ 24 കളികളും അബുദാബിയില്‍ 20 ഉം ഷാര്‍ജയില്‍ 12 മത്സരങ്ങളുമാണ് നടക്കുക.

Content Highlights: IPL 2021 and home series against England could be hosted in UAE