ഷാര്‍ജ: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴ്ചവെച്ച രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരവും എം.പിയുമായ ഗൗതം ഗംഭീര്‍.

സഞ്ജു സാംസണ്‍ ഇന്ത്യയിലെ കേവലം മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്രമല്ല, ഇന്ത്യയിലെ മികച്ച യുവ ബാറ്റ്‌സ്മാനാണെന്ന് ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

IPL 2020 the best Sanju Samso the best young batsman in India lauds Gautam Gambhir

ചെന്നൈക്കെതിരേ വെറും 19 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ സഞ്ജു 32 പന്തില്‍ 74 റണ്‍സെടുത്താണ് പുറത്തായത്. ധോനിയുടെ ബൗളിങ് മാറ്റങ്ങളെയെല്ലാം നിഷ്പ്രഭമാക്കി താരം അടിച്ചുതകര്‍ക്കുകയായിരുന്നു. ഒമ്പത് പടുകൂറ്റന്‍ സിക്‌സറുകളാണ് സഞ്ജു ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഗാലറിയിലെത്തിച്ചത്. ഐ.പി.എല്‍ കരിയറില്‍ സഞ്ജുവിന്റെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറി കൂടിയാണിത്. ഐ.പി.എല്ലിലെ ആറാമത്തെ വേഗമേറിയ അര്‍ധ സെഞ്ചുറിയും.

ചെന്നൈ താരം പിയുഷ് ചൗളയുടെ ഒരു ഓവറില്‍ മൂന്നു സിക്‌സറുകളാണ് സഞ്ജു നേടിയത്. രവീന്ദ്ര ജഡേജയാണ് സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ മറ്റൊരു ചെന്നൈ താരം. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനൊപ്പം 121 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് സഞ്ജു മടങ്ങിയത്.

Content Highlights: IPL 2020 the best Sanju Samso the best young batsman in India lauds Gautam Gambhir