മുംബൈ: ഐ.പി.എൽ 13-ാം സീസണിന്റെ മത്സരക്രമം പുറത്തുവന്നു. സെപ്റ്റംബർ 19-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 7.30ന് അബുദാബിയിലാണ് മത്സരം. അതേസമയം ഫൈനലിന്റേയും പ്ലേ ഓഫ് മത്സരങ്ങളുടേയും വേദിയും തിയ്യതിയും പ്രഖ്യാപിച്ചിട്ടില്ല. നവംബർ പത്തിന് ഫൈനൽ നടക്കാനാണ് സാധ്യത.

മൂന്നു വേദികളിലായാണ് മത്സരങ്ങൾ. ദുബായിൽ 24 മത്സരങ്ങളും അബുദാബിയിൽ 20 മത്സരങ്ങളും നടക്കും. ഷാർജ 12 മത്സരങ്ങൾക്ക് വേദിയാകും. 10 ദിവസങ്ങളിൽ രണ്ടുവീതം മത്സരങ്ങൾ നടക്കും. ഇതിൽ ആദ്യ മത്സരം ഇന്ത്യൻ സമയം വൈകുന്നേരം 3.30നും രണ്ടാം മത്സരം രാത്രി 7.30നുമാണ് നടക്കുക. ശേഷിക്കുന്ന ദിവസങ്ങളിൽ ഒരൊറ്റ മത്സരം മാത്രമാണുണ്ടാകുക.

നിലവിൽ ഐ.പി.എൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് കഴിഞ്ഞ സീസണിലെ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെയാണ് തോൽപ്പിച്ചത്. ഈ ഫൈനലിന്റെ ആവർത്തനമാകും ഉദ്ഘാടന മത്സരം. നേരത്തെ ചെന്നൈ ടീമിലെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഉദ്ഘാടന മത്സരത്തിൽ മാറ്റമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞാണ് ഷെഡ്യൂൾ പുറത്തുവന്നത്.

Content Highlights: IPL 2020, schedule announced, Mumbai Indians, Chennai Super Kings