ഷാര്‍ജ: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് നിരയെ അടിച്ചുപറത്തി രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു വി. സാംസണ്‍. യുവതാരം യശസ്വി ജയ്‌സ്വാള്‍ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ സഞ്ജു ഒന്ന് നിലയുറപ്പിച്ച ശേഷം ചെന്നൈ ബൗളിങ് നിരയെ കടന്നാക്രമിക്കുകയായിരുന്നു.

വെറും 19 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ സഞ്ജു 32 പന്തില്‍ 74 റണ്‍സെടുത്താണ് പുറത്തായത്. ഒമ്പത് പടുകൂറ്റന്‍ സിക്‌സറുകളാണ് തരം പറത്തിയത്. 

ഐ.പി.എല്ലിലെ ആറാമത്തെ വേഗമേറിയ അര്‍ധ സെഞ്ചുറിയാണ് സഞ്ജു കുറിച്ചത്. 2017 മേയ് നാലിന് ഫിറോസ് ഷാ കോട്ട്‌ലയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിക്കവേ ഗുജറാത്ത് ലയണ്‍സിനെതിരേ 24 പന്തില്‍ നിന്ന് സഞ്ജു അര്‍ധ സെഞ്ചുറി നേടിയിട്ടുണ്ട്. ഇതായിരുന്നു ചെന്നൈക്കെതിരായ മത്സരത്തിനു മുമ്പ് സഞ്ജുവിന്റെ വേഗമേറിയ അർധ സെഞ്ചുറി.

ചെന്നൈ താരം പിയുഷ് ചൗളയുടെ ഒരു ഓവറില്‍ മൂന്നു സിക്‌സറുകളാണ് സഞ്ജു നേടിയത്. രവീന്ദ്ര ജഡേജയാണ് സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ മറ്റൊരു ചെന്നൈ താരം. 

രാജസ്ഥാന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനൊപ്പം 121 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് സഞ്ജു മടങ്ങിയത്. സഞ്ജു ക്രീസിലുള്ളപ്പോള്‍ 12 റണ്‍സായിരുന്നു രാജസ്ഥന്റെ റണ്‍റേറ്റ്.

Content Highlights: IPL 2020 Sanju Samson shows his class against Chennai Super Kings in Sharjah