ദുബായ്: സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഡല്‍ഹി ക്യാപ്പിറ്റല്‍സ് - കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ ഡല്‍ഹിക്ക് ജയം. മുഹമ്മദ് ഷമിയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന മൂന്നു റണ്‍സ് രണ്ടു പന്തില്‍ തന്നെ ഡല്‍ഹി കണ്ടെത്തി. സൂപ്പര്‍ ഓവറില്‍ ഡല്‍ഹിക്കായി പന്തെറിഞ്ഞ കഗിസോ റബാദ കെ.എല്‍ രാഹുലിനെയും നിക്കോളാസ് പുരനെയും രണ്ടു റണ്ണിനിടെ തന്നെ മടക്കിയിരുന്നു. 

ഡല്‍ഹി ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനും എട്ടു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മായങ്ക് അഗര്‍വാളിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ ബലത്തില്‍ ജയത്തിലേക്ക് കുതിച്ച പഞ്ചാബിന് അവസാന ഓവറില്‍ പിഴച്ചു. 60 പന്തുകള്‍ നേരിട്ട് നാലു സിക്‌സും ഏഴു ഫോറുമടക്കം 89 റണ്‍സെടുത്ത മായങ്ക് അഞ്ചാം പന്തില്‍ പുറത്തായി. ജയിക്കാന്‍ രണ്ടു പന്തില്‍ ഒരു റണ്ണെന്ന ഘട്ടത്തിലായിരുന്നു ഈ പുറത്താകല്‍. അടുത്ത പന്തില്‍ ക്രിസ് ജോര്‍ദാനെ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് റബാദയുടെ കൈയിലെത്തിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. 

ഭേദപ്പെട്ട തുടക്കം ലഭിച്ച പഞ്ചാബ് പിന്നീട് വിക്കറ്റുകള്‍ കളഞ്ഞുകുളിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 4.2 ഓവറില്‍ 30 റണ്‍സെന്ന നിലയിലായിരുന്ന പഞ്ചാബിന് പിന്നീട് അഞ്ചു റണ്‍സിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ (21), കരുണ്‍ നായര്‍ (1), നിക്കോളാസ് പുരന്‍ (0), ഗ്ലെന്‍ മാക്‌സ്‌വെല്‍ (1) എന്നിവരാണ് പുറത്തായത്. 14 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത കൃഷ്ണപ്പ ഗൗതം മായങ്കിന് മികച്ച പിന്തുണ നല്‍കി.

മത്സരത്തിനിടെ ഡല്‍ഹി താരം ആര്‍. അശ്വിന് പരിക്കേല്‍ക്കുകയും ചെയ്തു. തന്റെ ആദ്യ ഓവറില്‍ തന്നെ രണ്ടു വിക്കറ്റെടുത്ത അശ്വിന് അവസാന പന്തില്‍ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ തോളിന് പരിക്കേല്‍ക്കുകയായിരുന്നു. തോളെല്ല് സ്ഥാനം തെറ്റിയതാണെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. ആറാം സ്ഥാനത്തിറങ്ങി തകര്‍ത്തടിച്ച മാര്‍ക്കസ് സ്‌റ്റോയ്‌നിസാണ് ഡല്‍ഹിയെ 157-ല്‍ എത്തിച്ചത്. 21 പന്തുകള്‍ നേരിട്ട സ്‌റ്റോയ്‌നിസ് മൂന്നു സിക്‌സും ഏഴു ഫോറുമടക്കം 52 റണ്‍സെടുത്തു. ക്രിസ് ജോര്‍ദാന്റെ അവസാന ഓവറില്‍ തകര്‍ത്തടിച്ച സ്‌റ്റോയ്‌നിസ് ഡല്‍ഹി സ്‌കോര്‍ 150 കടത്തി. 30 റണ്‍സാണ് ആ ഓവറില്‍ പിറന്നത്.

തകര്‍ച്ചയോടെയായിരുന്നു ഡല്‍ഹിയുടെ തുടക്കം. ആദ്യ നാല് ഓവറിനുള്ളില്‍ മൂന്നു വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (0) റണ്ണൗട്ടായപ്പോള്‍ പൃഥ്വി ഷാ (5), ഷിംറോണ്‍ ഹെറ്റ്മയര്‍ (7) എന്നിവരെ മുഹമ്മദ് ഷമി മടക്കി. 

പിന്നീട് നാലാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ - ഋഷഭ് പന്ത് സഖ്യമാണ് ഡല്‍ഹി ഇന്നിങ്‌സ് താങ്ങി നിര്‍ത്തിയത്. ഇരുവരും 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഐ.പി.എല്ലില്‍ അരങ്ങേറ്റ മത്സരം കളിക്കുന്ന രവി ബിഷ്‌ണോയ് നിലയുറപ്പിച്ച പന്തിനെ മടക്കിയതോടെ ഈ കൂട്ടുകെട്ടിന് അവസാനമായി. അരങ്ങേറ്റ മത്സരം കളിച്ച അണ്ടര്‍ 19 ലോകകപ്പ് താരം രവി ബിഷ്‌ണോയ് നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റുമായി മികച്ച പ്രകടനം കാഴ്ചവെച്ചു. 

29 പന്തില്‍ നിന്ന് നാലു ഫോറുകളോടെ ഋഷഭ് 31 റണ്‍സെടുത്തു. 32 പന്തില്‍ നിന്ന് മൂന്നു സിക്‌സറുകളടക്കം 39 റണ്‍സെടുത്ത ശ്രേയസ് അയ്യരെ തന്റെ രണ്ടാം സ്‌പെല്ലില്‍ ഷമി മടക്കി. മികച്ച ബൗളിങ് പ്രകടനവുമായി കളംനിറഞ്ഞ മുഹമ്മദ് ഷമി നാല് ഓവറില്‍ വെറും 15 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: IPL 2020 Kings XI Punjab takes on Delhi Capitals at dubai international cricket stadium