ഷാര്‍ജ: ഒട്ടേറെ മലയാളികളുടെ കഷ്ടപ്പാടുകളുടെയും സ്വപ്‌നങ്ങളുടെയും കഥപറയാനുണ്ടാകും ഗള്‍ഫ് നാടുകള്‍ക്ക്. അതേ നാട്ടില്‍ ഇപ്പോഴിതാ താരങ്ങളായി മാറുകയാണ് രണ്ട് മലയാളികള്‍. ഐ.പി.എല്‍ ഇന്ത്യയില്‍ നിന്ന് മാറി ഗള്‍ഫില്‍ എത്തിയതോടെ ബാറ്റുകൊണ്ട് തിളങ്ങിയത് രണ്ട് മലയാളികളാണ്. ആദ്യം റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മലയാളി ഓപ്പണര്‍ ദേവദത്ത് പടിക്കലും ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണും.

ചൊവ്വാഴ്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ അക്ഷരാര്‍ഥത്തില്‍ സഞ്ജു കത്തിക്കയറുകയായിരുന്നു. ധോനിയുടെ ബൗളിങ് മാറ്റങ്ങളെയെല്ലാം നിഷ്പ്രഭമാക്കി അദ്ദേഹം അടിച്ചുതകര്‍ത്തു. വെറും 19 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ സഞ്ജു 32 പന്തില്‍ 74 റണ്‍സെടുത്താണ് പുറത്തായത്. ഒമ്പത് പടുകൂറ്റന്‍ സിക്‌സറുകളാണ് സഞ്ജു ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഗാലറിയിലെത്തിച്ചത്. ഐ.പി.എല്‍ കരിയറില്‍ സഞ്ജുവിന്റെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറി കൂടിയാണിത്. ഐ.പി.എല്ലിലെ ആറാമത്തെ വേഗമേറിയ അര്‍ധ സെഞ്ചുറിയും.

2017 മേയ് നാലിന് ഫിറോസ് ഷാ കോട്ട്‌ലയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിക്കവെ ഗുജറാത്ത് ലയണ്‍സിനെതിരേ 24 പന്തില്‍ നിന്ന് സഞ്ജു അര്‍ധ സെഞ്ചുറി നേടിയിട്ടുണ്ട്. 

ചെന്നൈ താരം പിയുഷ് ചൗളയുടെ ഒരു ഓവറില്‍ മൂന്നു സിക്‌സറുകളാണ് സഞ്ജു നേടിയത്. രവീന്ദ്ര ജഡേജയാണ് സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ മറ്റൊരു ചെന്നൈ താരം. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനൊപ്പം 121 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് സഞ്ജു മടങ്ങിയത്.

കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെയാണ് മലയാളിയായ ദേവദത്ത് പടിക്കല്‍ ബാറ്റുകൊണ്ട് തിളങ്ങിയത്. ബാഗ്ലൂരിനായി ഓപ്പണ്‍ ചെയ്ത താരം 42 പന്തുകള്‍ നേരിട്ട് എട്ടു ഫോറുകളടക്കം 56 റണ്‍സെടുത്താണ് പുറത്തായത്. ദേവദത്തിന്റെ ഐ.പി.എല്ലിലെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇതെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനായ ആരോണ്‍ ഫിഞ്ചിനെ ഒരറ്റത്ത് സാക്ഷി നിര്‍ത്തി മലയാളി താരം കത്തിക്കയറുകയായിരുന്നു. ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനമാണ് മലപ്പുറത്ത് വേരുകളുള്ള ദേവദത്തിനെ ബാംഗ്ലൂര്‍ ടീമിലെത്തിച്ചത്.

വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ സീസണില്‍ 67.67 ശരാശരിയില്‍ 11 ഇന്നിങ്‌സുകളില്‍ നിന്ന് 619 റണ്‍സെടുത്ത ദേവ്ദത്തായിരുന്നു ടോപ്പ് സ്‌കോറര്‍. പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 12 മത്സരങ്ങളില്‍ നിന്ന് 64.44 ശരാശരിയില്‍ 580 റണ്‍സോടെ വീണ്ടും ടോപ് സ്‌കോററായി. കര്‍ണാടക പ്രീമിയര്‍ ലീഗിലും തിളങ്ങിയതോടെയാണ് ആര്‍.സി.ബി ഡയറക്ടര്‍ മൈക്ക് ഹെസ്സണ്‍ ദേവ്ദത്തിനെ ശ്രദ്ധിച്ചത്. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂര്‍ ടീമിലെത്തിയെങ്കിലും ഐ.പി.എല്‍ അരങ്ങേറ്റത്തിനുള്ള ഭാഗ്യം ഈ വര്‍ഷമായിരുന്നു.

Content Highlights: IPL 2020 after Devdutt Padikkal another malayalee player sanju samson shines