ദുബായ്: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ ഹാർദിക് പാണ്ഡ്യയായിരുന്നു ആരാധകർക്കിടയിലെ ചർച്ചാവിഷയം. മത്സരത്തിൽ ഹാർദിക് പാണ്ഡ്യ പുറത്താകുന്ന വീഡിയോയും ജസ്പ്രീത് ബുംറയോട് ദേഷ്യപ്പെടുന്ന വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒപ്പം നിതീഷ് റാണയെ പുറത്താക്കാനെടുത്ത ക്യാച്ച് കണ്ട് നിരവധി പേർ ഹാർദികിനെ അഭിനന്ദിക്കുകയും ചെയ്തു.

മുംബൈയുടെ ഇന്നിങ്സിലെ 19-ാം ഓവറിലാണ് ഹാർദിക് പുറത്തായത്. ആന്ദ്രെ റസലിന്റെ പന്തിൽ ബാറ്റുകൊണ്ട് സ്വന്തം സ്റ്റമ്പ് തട്ടിയിട്ട് ഹാർദിക് പുറത്താകുകയായിരുന്നു. ഓഫ്സ്റ്റമ്പിന് പുറത്തേക്ക് റസ്സൽ എറിഞ്ഞ യോർക്കർ തേഡ്മാൻ വഴി തിരിച്ചുവിടാനുള്ള ശ്രമത്തിനിടെ ഹാർദിക് ബാറ്റുകൊണ്ട് സ്റ്റമ്പ് തട്ടി താഴെയിടുകയായിരുന്നു.

ഇതിന് പിന്നാലെ കൊൽക്കത്തയുടെ ഇന്നിങ്സിനിടെ സഹതാരം ജസ്പ്രീത് ബുംറയെ ഹാർദിക് ശാസിക്കുന്നതിനും കാണികൾ സാക്ഷിയായി. കൊൽക്കത്തയുടെ ഇന്നിങ്സിലെ 12-ാം ഓവറിലാണ് സംഭവം. മോർഗന്റെ ഷോട്ട് തടുക്കാൻ ബുംറ വൈകിയതാണ് ഹാർദികിനെ ദേഷ്യം പിടിപ്പിച്ചത്. വൈകാതെ ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ഒപ്പം ഫീൽഡിങ്ങിനിടെ മൂന്ന് കൊൽക്കത്ത താരങ്ങളെ ക്യാച്ച് ചെയ്ത് പുറത്താക്കിയ പാണ്ഡ്യ കയ്യടി നേടുകയും ചെയ്തു. നിതീഷ് റാണ, ട്രെന്റ് ബോൾട്ട്, പാറ്റ് കമ്മിൻസ് എന്നിവരെയാണ് മികച്ച ക്യാച്ചിലൂടെ ഹാർദിക് പുറത്താക്കിയത്. ഇതിൽ നിതീഷ് റാണയെ പുറത്താക്കാനെടുത്ത ക്യാച്ചായിരുന്നു മനോഹരം. ബൗണ്ടറിക്ക് സമാന്തരമായി പന്ത് ഓടിയെടുക്കുകയായിരുന്നു ഹാർദിക്.

 Content Highlights: Hardik Pandya, Jasprit Bumrah, IPL 2020