ദുബായ്: ക്രിക്കറ്റ് ലോകത്തിന് മുന്നോട്ടു പോകാന്‍ ഇനിയും എം.എസ് ധോനിയെപ്പോലെ ഒരു ഐക്കണ്‍ വേണമെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം. 

തന്റെ ആക്രമണോത്സുക ബാറ്റിങ് കൊണ്ട് ക്രിക്കറ്റിന്റെ ചെറിയ ഫോര്‍മാറ്റില്‍ വലിയ മാറ്റം കൊണ്ടുവന്ന ധോനിയാണ് ഐ.പി.എല്ലിന്റെ തുടക്കത്തിന് കാരണക്കാരായവരില്‍ ഒരാളെന്നും കരീം കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച ധോനി ഐ.പി.എല്ലില്‍ തുടര്‍ന്ന് കളിക്കുന്നത് ക്രിക്കറ്റിന്റെ പ്രചാരണത്തിന് ഗുണം ചെയ്യുമെന്നും കരീം അഭിപ്രായപ്പെട്ടു.

ഓഗസ്റ്റ് 15-ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ധോനി ഐ.പി.എല്‍ 13-ാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളത്തിലിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ധോനിയുടെ നേതൃത്വത്തില്‍ മൂന്നു തവണ ഐ.പി.എല്‍ കിരീടം നേടിയ സൂപ്പര്‍ കിങ്‌സ് അഞ്ചു തവണ റണ്ണറപ്പും നേടിയിട്ടുണ്ട്. 

''ഫിറ്റ്‌നസിനായി ധോനി കഠിനമായി പ്രയത്‌നിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ശരീരത്തിന് അധിക ഭാരവും ഇനി ഉണ്ടായിരിക്കില്ല.'' - സാബ കരീം ചൂണ്ടിക്കാട്ടി.

Content Highlights: Global cricket still needs an icon like MS Dhoni to continue