ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ കിരീടം നേടാത്ത ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഈ കാരണത്താൽ ആർസിബിയുടെ ക്യാപ്റ്റൻ വിരാട് കോലി പലപ്പോഴും പരിഹാസം ഏറ്റുവാങ്ങിയിട്ടുണ്ട്. കോലിയും ആർസിബിയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഈ കിരീടവരൾച്ചക്ക് ഇത്തവണ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ബാംഗ്ലൂരിന്റെ ആരാധകർ.

എന്നാൽ ബാംഗ്ലൂർ എന്തുകൊണ്ട് കിരീടം നേടുന്നില്ലെന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻതാരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനുമായിരുന്ന ഗൗതം ഗംഭീർ. ചെന്നൈ സൂപ്പർ കിങ്സുമായി ബാംഗ്ലൂരിനെ താരതമ്യം ചെയ്താണ് ഗംഭീർ ആർസിബിയെ വിലയിരുത്തുന്നത്.

ടീം തിരഞ്ഞെടുക്കുന്നതിലും ആ ടീമിനെ നിലനിർത്തുന്നതിലും ധോനിയും കോലിയും പുലർത്തുന്ന സമീപനത്തിലെ മാറ്റമാാണ് ഗംഭീർ ചൂണ്ടിക്കാട്ടുന്നത്. ധോനി ഏഴു കളികളിലൊക്കെ സ്ഥിരമായി ഒരേ താരങ്ങളെ തന്നെ നിലനിർത്താൻ ശ്രമിക്കുന്നു. എന്നാൽ കോലി ഓരോ മത്സരത്തിലും വ്യത്യസ്ത ടീമിനെ ഇറക്കുന്നതോടെ കളിക്കാർ തമ്മിലുള്ള മാനസിക ഐക്യമാണ് നഷ്ടപ്പെടുന്നത്. കിരീടം നേടണമെങ്കിൽ കോലി സന്തുലിതമായ ടീമിനെ തിരഞ്ഞെടുക്കുകയാണ് വേണ്ടതെന്നും ഗംഭീർ പറയുന്നു.

സെപ്റ്റംബർ 21-ന് ദുബായിയിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ബാംഗ്ലൂരിന്റെ ആദ്യ മത്സരം. ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും ഏറ്റുമുട്ടും.

content highlights: Gautam Gambhir highlights the biggest difference between MS Dhoni and Virat Kohlis captaincy