മുംബൈ: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) മത്സരങ്ങളുടെ നടത്തിപ്പില്‍ ആശങ്കയുമായി സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്ത്. രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 50 പിന്നിട്ട സാഹചര്യത്തില്‍ ഐ.പി.എല്‍ മത്സങ്ങളുടെ സമയക്രമം മാറ്റണമെന്ന് കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ നിശ്ചയിച്ചതു പ്രകാരം മാര്‍ച്ച് 29 മുതല്‍ മേയ് 24 വരെയാണ് ഇത്തവണത്തെ ഐ.പി.എല്‍ മത്സങ്ങള്‍ നടക്കേണ്ടത്. ഒന്‍പത് സംസ്ഥാനങ്ങളിലായാണ് മത്സരങ്ങള്‍ക്കായുള്ള വേദികള്‍ ഒരുക്കിയിരിക്കുന്നത്.
അതേസമയം മത്സരങ്ങള്‍ നീട്ടിവെക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ലെന്ന് ബി.സി.സി.ഐ അധികൃതര്‍ അറിയിച്ചു. സര്‍ക്കാരില്‍നിന്നും നിര്‍ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് മാത്രമേ ഇതില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരങ്ങള്‍ക്ക് മാറ്റമില്ല
വ്യാഴാഴ്ച ആരംഭിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് മാറ്റമുണ്ടാകില്ലെന്ന് ബി.സി.സി.ഐ അറിയിച്ചു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ധരംശാലയിലാണ് ആദ്യ ഏകദിനം. ഈ മാസം 15ന് ലഖ്‌നൗവിലും 18ന് കൊല്‍ക്കത്തയിലുമാണ് മറ്റു മത്സരങ്ങള്‍. കോവിഡ് 19 രോഗഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം ആരുമായും ഹസ്തദാനം ചെയ്യില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
Content Highlights: Despite COVID-19 concerns BCCI yet to decide on IPL