ദുബായ്: സുരേഷ് റെയ്നക്കെതിരായ വിമർശനങ്ങളിൽ മലക്കംമറിഞ്ഞ് ഐ.പി.എൽ ടീം ചെന്നൈ സൂപ്പർ കിങ്സ് ഉടമ എൻ.ശ്രീനിവാസൻ. ചെന്നൈ ടീം റെയ്നയ്ക്കൊപ്പം ഉറച്ചുനിൽക്കുമെന്നും മുമ്പ് താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് വിവാദമാക്കുകയായിരുന്നെന്നും ശ്രീനിവാസൻ വ്യക്തമാക്കുന്നു. ടൈംസ് ഓഫ് ഇന്ത്യ പ്രതിനിധിയുമായി സംസാരിക്കുമ്പോഴാണ് ശ്രീനിവാസൻ നിലപാട് മാറ്റിയത്.

ഐ.പി.എല്ലിനായി ചെന്നൈ ടീമിനൊപ്പം യു.എ.ഇയിലെത്തി വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങിയ റെയ്നക്കെതിരേ ശ്രീനിവാസൻ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ടീം വിട്ട തീരുമാനത്തിൽ റെയ്ന ഖേദിക്കേണ്ടി വരുമെന്നും ലഭ്യമായ സൗകര്യങ്ങളിൽ തൃപ്തനല്ലെങ്കിൽ കടിച്ചുതൂങ്ങി നിൽക്കരുതെന്നും ശ്രീനിവാസൻ നേരത്തെ 'ഔട്ട്ലുക്കി'-ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇതിനെതിരേ ആരാധകർ രംഗത്തെത്തി. ഐ.പി.എല്ലിന്റെ തുടക്കം മുതൽ ചെന്നൈ ടീമിനായി വിയർപ്പൊഴുക്കിയ റെയ്നയെ ടീം ഉടമ തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നായിരുന്നു ആരാധകരുടെ പക്ഷം.

എന്നാൽ താൻ പറഞ്ഞ കാര്യങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി വിവാദം സൃഷ്ടിച്ചതാണെന്ന് ടൈംസ് ഓഫ് ഇന്ത്യയോടെ ശ്രീനിവാസൻ പ്രതികരിച്ചു. റെയ്ന കടന്നുപോകുന്ന പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് അദ്ദേഹത്തിന് ആവശ്യമായ സ്വകാര്യത നൽകുകയാണ് ചെയ്യേണ്ടതെന്ന് ശ്രീനിവാസൻ പറയുന്നു.

'ചെന്നൈ ടീം എക്കാലവും റെയ്നയ്ക്കൊപ്പം ഉറച്ചുനിൽക്കും. ഈ വേദനയുടെ ഘട്ടത്തിൽ അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകും. കളിക്കാരെല്ലാം കുടുംബം പോലെ കഴിയുന്നവരാണ്.' ശ്രീനിവാസൻ വ്യക്തമാക്കുന്നു.

content highlights: CSK will always stand by Suresh Raina saya N Srinivasan