ചെന്നൈ: കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് ഐ.പി.എല്‍ ഏപ്രില്‍ 15-ലേക്ക് മാറ്റിവെച്ചതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനി നാട്ടിലേക്ക് മടങ്ങി. കോവിഡ്-19 ആശങ്കയെ തുടര്‍ന്ന് ടീമിന്റെ പരിശീലന ക്യാമ്പ് നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. 

ധോനി താല്‍ക്കാലികമായി ടീമിനോട് വിടപറയുന്നതായി സി.എസ്.കെ ട്വിറ്ററില്‍ കുറിച്ചു. ചെന്നൈ ആരാധകര്‍ക്ക് ധോനി ഓട്ടോഗ്രാഫ് ഒപ്പിട്ടു നല്‍കുന്നതിന്റെയും ടീം ഒഫീഷ്യല്‍സുമായി സംസാരിക്കുന്നതിന്റെയും വീഡിയോയും സി.എസ്.കെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനോട് ഇന്ത്യ ലോകകപ്പ് സെമിഫൈനലില്‍ തോറ്റതിന് ശേഷം ധോനി ഇടവേളയിലാണ്. താരത്തിന്റെ തിരിച്ചുവരവ് കാത്തിരുന്നവരെ നിരാശയിലാക്കുന്ന തീരുമാനമാണിത്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ എല്ലാ കായിക ഇനങ്ങളും റദ്ദാക്കണമെന്ന് കേന്ദ്ര കായിക മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ബി.സി.സി.ഐയും ഐ.പി.എല്‍ ടീം ഉടമകളും മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ ടൂര്‍ണമെന്റ് മാറ്റിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Content Highlights: Coronavirus MS Dhoni leaves Chennai after IPL 2020 postponed