ദുബായ്: സെപ്റ്റംബർ 19-ന് യു.എ.ഇയിൽ തുടങ്ങാനിരിക്കുന്ന ഐ.പി.എല്ലിൽ ആശങ്ക സൃഷ്ടിച്ച് ചെന്നൈ സൂപ്പർ കിങ്സ് ടീം അംഗങ്ങൾക്ക് കോവിഡ്. ചെന്നൈ ടീമിലെ ഒരു ബൗളർക്കും 12 സപ്പോർട്ട് സ്റ്റാഫിനുമാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

ബി.സി.സി.ഐയുടെ നിർദേശം അനുസരിച്ച് താരങ്ങളും സപ്പോർട്ട് സ്റ്റാഫും മൂന്നു ടെസ്റ്റുകൾക്ക് വിധേയമാകണം. ഇതിൽ ആദ്യ ടെസ്റ്റ് യു.എ.ഇയിലെത്തിയ ആദ്യ ദിവസം തന്നെ നടത്തും. രണ്ടാം ടെസ്റ്റ് മൂന്നാം ദിവസവും മൂന്നാം ടെസ്റ്റ് ആറാം ദിവസവുമാണ് നടത്തുക. ഈ മൂന്നു ടെസ്റ്റും നെഗറ്റീവ് ആയാൽ മാത്രമേ താരങ്ങളെ ബയോ-സെക്യുർ ബബിളിനുള്ളിൽ പ്രവേശിപ്പിക്കൂ. ചെന്നൈയുടെ ഒരു ബൗളർ ആദ്യ രണ്ട് ടെസ്റ്റിലും പോസിറ്റീവായതാണ് റിപ്പോർട്ടുകൾ.

പോസിറ്റീവായ താരവും സപ്പോർട്ട് സ്റ്റാഫും രണ്ടാഴ്ച്ച ഐസോലേഷനിൽ കഴിയണമെന്ന് ബി.സി.സി.ഐ നിർദേശിച്ചിട്ടുണ്ട്. ഇതിനുശേഷം രണ്ട് പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവാണെങ്കിൽ മാത്രമേ ബയോ-സെക്യുർ ബബിളുനുള്ളിൽ ചേരാൻ സാധിക്കൂ.

ആറു ദിവസത്തെ ക്വാറന്റീൻ കാലാവധി കഴിഞ്ഞ് പരിശീലനത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് ചെന്നൈ ടീമംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ടീമിന്റെ ക്വാറന്റീൻ സെപ്റ്റംബർ ഒന്നുവരെ നീട്ടി. അതേസമയം ക്വാറന്റീൻ കഴിഞ്ഞ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ്, കിങ്സ് ഇലവൻ പഞ്ചാബ് ടീമുകൾ പരിശീലനം ആരംഭിച്ചിട്ടുണ്ട്.

ചെന്നൈയിലെ നടന്ന ക്യാമ്പിൽ നിന്നാകും താരത്തിനും സപ്പോർട്ട് സ്റ്റാഫിനും കൊറോണ വൈറസ് ബാധിച്ചതെന്നാണ് സൂചന. എന്നാൽ ബി.സി.സി.ഐയും ചെന്നൈ ടീമും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.