കൊല്‍ക്കത്ത: ഐ.പി.എല്‍ 13-ാം പതിപ്പിന്റെ സാധ്യതകളെ കുറിച്ച് ചോദിച്ചവര്‍ക്ക് മറുപടിയുമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നിലവിലെ സാഹചര്യത്തില്‍ ലോകത്ത് എവിടെയും ഒരു കായിക മത്സരവും സംഘടിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് ഗാംഗുലി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

നിലവിലെ സാഹചര്യത്തില്‍ ലോകത്ത് എവിടെയും ഒരു കായിക മത്സരവും നടത്താന്‍ സാധിക്കുന്ന അവസ്ഥയല്ല ഉള്ളതെന്നും ഗാംഗുലി പറഞ്ഞു. ''ഞങ്ങള്‍ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. നിലവിലെ അവസ്ഥയില്‍ ഒന്നും പറയാനാകില്ല. അല്ലെങ്കിലും എന്തു പറയാനാണ്? വിമാനത്താവളങ്ങള്‍ അടച്ചു, ആളുകള്‍ വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു, ഓഫീസുകളെല്ലാം തന്നെ പൂട്ടി, ആര്‍ക്കും എങ്ങോട്ടും പോകാന്‍ തരമില്ല. മേയ് പകുതിവരെയെങ്കിലും എല്ലാം ഇങ്ങനെ തന്നെ തുടരാനാണ് സാധ്യത'', ഗാംഗുലി പറഞ്ഞു.

ഇപ്പോഴത്തെ അവസ്ഥയില്‍ കായിക മത്സരങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമൊന്നുംതന്നെയില്ലെന്നും ഗാംഗുലി പറഞ്ഞു. ''ഈ അവസ്ഥയില്‍ കളിക്കാരെ എവിടെ നിന്ന് കിട്ടും. കിട്ടിയാല്‍ തന്നെ അവരെങ്ങനെ യാത്ര ചെയ്യും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോകത്ത് ഒരു വിധത്തിലുമുള്ള കായിക മത്സരങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് മനസ്സിലാക്കാന്‍ സാമാന്യബോധം മതി. തല്‍ക്കാലം ഐ.പി.എല്‍ മറന്നേക്കുക''-  ഗാംഗുലി വ്യക്തമാക്കി.

ബി.സി.സി.ഐ ഭാരവാഹികളുമായി തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയ്ക്കു ശേഷം കാര്യങ്ങളില്‍ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: BCCI President Sourav Ganguly on holding IPL 2020