ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടി യു.എ.ഇയിലെത്തിയ ബി.സി.സി.ഐ മെഡിക്കൽ ഓഫീസർക്കും കോവിഡ്. ഇതോടെ ഐ.പി.എല്ലുമായി ബന്ധപ്പെട്ട് കൊറോണ പോസിറ്റീവായവരുടെ എണ്ണം പതിനാല് ആയി. നേരത്തെ ചെന്നൈ സൂപ്പർ കിങ്സിലെ രണ്ടു താരങ്ങൾക്കടക്കം 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ലക്ഷണങ്ങൾ ഒന്നും കാണിക്കാതിരുന്ന ബി.സി.സി.ഐ മെഡിക്കൽ ഓഫീസർ നിലവിൽ ക്വാറന്റീനിൽ ആണ്. ഇദ്ദേഹം ആരുമായും സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും യു.എ.ഇയിലേക്കുള്ള യാത്രക്കിടെയാകും കൊറോണ ബാധിച്ചതെന്നും ബി.സി.സി.ഐ വ്യക്തമാക്കുന്നു.

ഇന്ത്യയിൽ കോവിഡ് വ്യാപിച്ച സാഹചര്യത്തിലാണ് ഐ.പി.എൽ 13-ാം സീസൺ യു.എ.ഇയിലേക്ക് മാറ്റിയത്. സെപ്റ്റംബർ 13 മുതൽ നവംബർ പത്തു വരെയാണ് ടൂർണമെന്റ്. ടീമുകൾ യു.എ.ഇയിലെത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്.

Content Highlights: BCCI medical team member tests positive for corona virus IPL 2020