ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിനായി യു.എ.ഇയിലെത്തി ക്വാറന്റീനിൽ കഴിയവെ അപ്രതീക്ഷിതമായി നാട്ടിലേക്ക് മടങ്ങി ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന എല്ലാവരേയും അദ്ഭുതപ്പെടുത്തിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് റെയ്നയുടെ പിന്മാറത്തിന് പിന്നിലെന്നായിരുന്നു ടീമിന്റെ വിശദീകരണം. എന്നാൽ ടീം മാനേജ്മെന്റുമായുള്ള പ്രശ്നങ്ങളാണ് റെയ്ന ഇന്ത്യയിലേക്ക് മടങ്ങാൻ കാരണമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഈ തീരുമാനത്തിൽ റെയ്ന ഖേദിക്കേണ്ടി വരുമെന്ന് ടീം ഉടമ എൻ.ശ്രീനിവാസൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇതിനിടെ റെയ്ന ഇന്ത്യയിലേക്ക് മടങ്ങിയ അതേ ദിവസം ചെന്നൈയുടെ മറ്റൊരു താരം കേദർ ജാദവ് ട്വീറ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'വിട്ടുപോകാൻ 1000 കാരണങ്ങൾ കാണും. പക്ഷേ പിടിച്ചുനിൽക്കാൻ ഒരേയൊരു കാരണമേ ഉണ്ടാകൂ' എന്നാണ് വർക്ക് ഔട്ടിന്റെ വീഡിയോയ്ക്കൊപ്പം ജാദവ് ട്വീറ്റ് ചെയ്ത കുറിപ്പ്. ഇത് ഉന്നമിടുന്നത് റെയ്നയെയാണെന്ന് ആരാധകർ പറയുന്നു.

കോവിഡ് വ്യാപനത്തെ തുടർന്ന് യു.എ.ഇയിലേക്ക് മാറ്റിയ ഐ.പി.എൽ 13-ാം സീസണിനായി ഈ മാസം 21-നാണ്‌ ചെന്നൈ ടീം ദുബായിലെത്തിയത്. അന്നു മുതൽ പ്രത്യേകം ഒരുക്കിയ ഹോട്ടൽ റൂമുകളിൽ ക്വാറന്റീനിലായിരുന്നു താരങ്ങൾ. ഇതിനിടെ രണ്ട് താരങ്ങൾ ഉൾപ്പെടെ ചെന്നൈ ടീമിലെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 29-ാം തിയ്യതി വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി റെയ്ന നാട്ടിലേക്കും മടങ്ങി. അന്നേ ദിവസം ഉച്ചയ്ക്കാണ് ജാദവ് വർക്ക് ഔട്ടിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്.

content highlights: After Suresh Rainas departure Kedar Jadhav comes up with a tweet IPL 2020