ദുബായ്: ഐ.പി.എൽ 13-ാം സീസണിന് ഒരുങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വൻ പ്രതിസന്ധി. സുരേഷ് റെയ്നയ്ക്ക് പിന്നാലെ വെറ്ററൻ സ്പിന്നർ ഹർഭജൻ സിങ്ങും ടൂർണമെന്റിൽ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർഭജന്റെ പിന്മാറ്റം.

ചെന്നൈ ടീമിലെ താരങ്ങൾക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിൽ ഹർഭജൻ ഐ.പി.എല്ലിൽ കളിച്ചേക്കില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചെന്നൈയിൽ നടന്ന അഞ്ചു ദിവസത്തെ ക്യാമ്പിൽ ഹർഭജൻ പങ്കെടുത്തിരുന്നില്ല. പിന്നീട് യു.എ.ഇയിലേക്ക് പോയ ടീമിനൊപ്പവും ചേർന്നില്ല. പരിശീലനം തുടങ്ങുന്നതിന് മുമ്പ് യു.എ.ഇയിൽ എത്താം എന്നാണ് നേരത്തെ ഹർഭജൻ അറിയിച്ചിരുന്നത്. എന്നാൽ യു.എ.ഇ യാത്ര പലതവണ മാറ്റിവച്ച ഹർഭജൻ ഒടുവിൽ ടൂർണമെന്റിൽ നിന്ന് പിന്മാറിയതായി ടീം മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു.

സ്പിന്നിനെ തുണക്കുന്ന യു.എ.ഇയിലെ പിച്ചുകളിൽ ഹർഭജനെപ്പോലൊരു പരിചയസമ്പന്നനായ സ്പിന്നറുടെ അഭാവം ചെന്നൈ ടീമിന് തിരിച്ചടിയാണ്. ഭാജിയുടെ അഭാവത്തിൽ ന്യൂസീലന്റ് താരം മിച്ചൽ സാന്റ്നർ, ദക്ഷിണാഫ്രിക്കൻ താരം ഇമ്രാൻ താഹിർ, ഇന്ത്യൻ താരം പിയൂഷ് ചൗള എന്നിവരാകും ചെന്നൈയുടെ സ്പിൻ ആക്രമണം നയിക്കുക.

നേരത്തെ സുരേഷ് റെയ്നയും വ്യക്തപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ടൂർണമെന്റിൽ നിന്ന് പിന്മാറിയത്. ഐ.പി.എല്ലിനായി യു.എ.ഇയിലെത്തി ആറു ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയശേഷമായിരുന്നു റെയ്ന നാട്ടിലേക്ക് മടങ്ങിയത്.

എം.എസ് ധോനിയുടെ നേതൃത്വത്തിലുള്ള ചെന്നൈ ടീം ക്വാറന്റീന് ശേഷം പരിശീലനം ആരംഭിച്ചിരുന്നു. കോവിഡ് ബാധിച്ച ദീപക് ചാഹറും ഋതുരാജ് ഗെയ്ക്വാദും ഇപ്പോഴും ക്വാറന്റീനിൽ തുടരുകയാണ്. ഈ രണ്ടു താരങ്ങളടക്കം ചെന്നെ ടീമിലെ 13 പേർക്കാണ് കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. മറ്റു താരങ്ങൾക്കെല്ലാം മൂന്നാം റൗണ്ട് പരിശോധന നടത്തിയെന്നും ഫലം നെഗറ്റീവാണെന്നും സി.ഇ.ഒ കാശി വിശ്വനാഥൻ അറിയിച്ചു. ഇതിന് പിന്നാലെയാണ് ടീം പരിശീലനത്തിന് ഇറങ്ങിയത്.

Content Highlights: Suresh Raina, Harbhajan Singh, IPL 2020