ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസണിനുള്ള ഓരോ ടീമിന്റേയും മുന്നൊരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. സെപ്റ്റംബർ 19-ന് തുടങ്ങുന്ന ടൂർണമെന്റിനായി ടീമുകൾ യു.എ.ഇയിൽ എത്തിക്കഴിഞ്ഞു. ഇന്ത്യൻ താരങ്ങൾ നാട്ടിലെ പരിശീലന ക്യാമ്പിന് ശേഷമാണ് യു.എ.ഇയിലേക്ക് വിമാനം കയറിയത്. എന്നാൽ വിദേശ താരങ്ങൾ യു.എ.ഇയിലേക്ക് എത്തുന്നതേയുള്ളു. ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ താരങ്ങൾ ഐ.പി.എല്ലിന് രണ്ടോ മൂന്നോ ദിവസങ്ങൾക്ക് മുമ്പാണ് യു.എ.ഇയിലെത്തുക. ഇരുടീമുകളും തമ്മിൽ പരമ്പര നടക്കാനുള്ളതുകൊണ്ടാണിത്.
എന്നാൽ ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് താരങ്ങളായ എബി ഡിവില്ലിയേഴ്സ്, ഡെയ്ൽ സ്റ്റെയ്ൻ,ക്രിസ് മോറിസ് എന്നിവർ ടീമിനൊപ്പം ചേർന്നു. താരങ്ങൾ ടീം ഹോട്ടലിലേക്ക് വരുന്ന വീഡിയോ ആർസിബി ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചു. വീണ്ടും ഐ.പി.എല്ലിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഡിവില്ലിയേഴ്സ് വീഡിയോയിൽ പറഞ്ഞു.
'കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്ര അൽപം പ്രയാസമുണ്ടാക്കി. സാധാരണ യാത്ര ചെയ്യുന്നതുപോലെ പറ്റില്ലല്ലോ. നമ്മൾ അതിന്റെ നിബന്ധനകൾ പാലിക്കാൻ ബാധ്യസ്ഥരാണ്. എല്ലാ പുതിയ താരങ്ങളേയും പരിചയപ്പെടണം. ഈ സീസണിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കണം.' ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.
2011 മുതൽ ബെംഗളൂരു ടീമിനൊപ്പം ഡിവില്ലിയേഴ്സുണ്ട്. മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐ.പി.എല്ലിൽ തിരിച്ചെത്തുകയാണ് സ്റ്റെയ്ൻ. 37-കാരനായ പേസ് ബൗളറുടെ അവസാന ഐ.പി.എൽ സീസണാകും ഇത്. അതേസമയം ക്രിസ് മോറിസ് ഈ സീസണിലാണ് ബെംഗളൂരുവിലെത്തിയത്. 10 കോടി രൂപ മുടക്കിയാണ് ഡൽഹി ക്യാപിറ്റൽസിൽ നിന്ന് താരത്തെ ആർസിബി സ്വന്തമാക്കിയത്.
Content Highlights: AB De Villiers, Dale Steyn, Chris Morris, RCB Squad, Dubai IPL 2020