ബെംഗളൂരു: ട്വന്റി-20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഒരോറവറിലെ ആറു പന്തിലും സിക്‌സടിച്ച യുവരാജ് മാജിക്ക് ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. ഐ.പി.എല്‍ ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിനെതിരേയും യുവി ആ പഴയ ഫോം വീണ്ടെടുത്തു. ആറു സിക്‌സ് നേട്ടം യുവരാജ് ആവര്‍ത്തിക്കുമോ എന്ന് ആരാധകര്‍ ഒരു നിമിഷം ചിന്തിച്ചു.

യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ 14-ാം ഓവറിലെ ആദ്യ മൂന്ന് പന്തും യുവി സിക്‌സിലേക്ക് പറത്തുകയായിരുന്നു. എന്നാല്‍ നാലാം സിക്‌സിനായുള്ള യുവരാജിന്റെ ശ്രമം ലോങ് ഓഫില്‍ മുഹമ്മദ് സിറാജിന്റെ ക്യാച്ചില്‍ അവസാനിച്ചു. ഇതോടെ ആറു സിക്‌സ് സ്വപ്‌നം കണ്ട ആരാധകര്‍ നിരാശരായി. മത്സരശേഷം ആ സിക്‌സുകളെ കുറിച്ച് ചാഹല്‍ മനസുതുറന്നു. ആ സമയത്ത് താന്‍ കടന്നുപോയ സമ്മര്‍ദ്ദത്തെ കുറിച്ചായിരുന്നു ചാഹലിന്റെ പ്രതികരണം. 

'ആദ്യ മൂന്ന് പന്തും സിക്‌സ് അടിച്ചപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ അന്നത്തെ അവസ്ഥയില്‍ തന്നെയായിരുന്നു ഞാനും. ഒരു നിമിഷം ബ്രോഡിന്റെ അവസ്ഥ ആലോചിച്ചു. എന്നാല്‍ പെട്ടെന്നുതന്നെ ഞാന്‍ മനസ്സാനിധ്യം വീണ്ടെടുത്തു. എനിക്ക് ചെയ്യാന്‍ പറ്റുന്ന മികച്ച പന്തുകളെ കുറിച്ചായിരുന്നു പിന്നീട് ആലോചന. തുടര്‍ന്ന് അല്‍പം വൈഡായി ഒരു ഗൂഗ്ലി പരീക്ഷിക്കുകയായിരുന്നു.'ചാഹല്‍ പറയുന്നു. ഒട്ടും ടേണ്‍ ലഭിക്കാത്ത പിച്ച് ബാറ്റിങ്ങിന് അനുകൂലമായിരുന്നുവെന്നും ഇന്ത്യന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Yuzvendra Chahal reveals thinking as Yuvraj Singh IPL 2019