കൊല്‍ക്കത്ത: ഇത്രയും നിരാശാജനകമായ ഫലങ്ങള്‍ ഉണ്ടായിട്ടും ക്യാപ്റ്റനായി നിലനിര്‍ത്തുന്നതില്‍ വിരാട് കോലി റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനോട് നന്ദി പറയണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.

മൂന്നു തവണ വീതം ഐ.പി.എല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ ചെന്നൈ ക്യാപ്റ്റന്‍ ധോനിയുമായും മുംബൈ ക്യാപ്റ്റന്‍ രോഹിത്തുമായും കോലിയെ താരതമ്യം ചെയ്യാന്‍ പോലും സാധിക്കില്ലെന്നും ഗംഭീര്‍ പറഞ്ഞു.

കോലി ഒരിക്കലും ഒരു തന്ത്രജ്ഞനായ ക്യാപ്റ്റനാണെന്ന് തോന്നിയിട്ടില്ല. ഒരു ഐ.പി.എല്‍ പോലും അദ്ദേഹം വിജയിച്ചിട്ടില്ല. എന്നാല്‍ മൂന്ന് കിരീടങ്ങള്‍ നേടിയ എം.എസ് ധോനിയും രോഹിത് ശര്‍മയും ഒരു വശത്തുണ്ട്. ഈ നിലയില്‍ കോലിയെ ഒരിക്കലും അവരുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല. കാരണം കഴിഞ്ഞ ഏഴോ എട്ടോ വര്‍ഷമായി കോലി ആര്‍.സി.ബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തുണ്ട്. ഭാഗ്യവാനാണ് അദ്ദേഹം. ഇതുവരെ ഒരു കിരീടം പോലും നേടാനാവാത്ത ക്യാപ്റ്റനെ ഇത്രയും നാള്‍ നിലനിര്‍ത്തിയ ഫ്രാഞ്ചൈസിക്ക് കോലി നന്ദി പറയണം. കാരണം മറ്റൊരു ക്യാപ്റ്റനും ഇങ്ങനെ ഇത്രയും നാള്‍ നിലനില്‍ക്കാനായിട്ടില്ലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗംഭീര്‍.

ഇതുവരെ 96 മത്സരങ്ങളിലാണ് കോലി റോയല്‍ ചാലഞ്ചേഴ്‌സിനെ നയിച്ചത്. 44 മത്സരങ്ങള്‍ വിജയിച്ചു. 45.83 ആണ് കോലിയുടെ വിജയശതമാനം.

അതേസമയം തെറ്റായ തീരുമാനങ്ങളാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഇതുവരെ ഒരു കിരീടം പോലും നേടാന്‍ സാധിക്കാത്തതിന് കാരണമെന്ന് കോലി നേരത്തെ പറഞ്ഞിരുന്നു. ടൂര്‍ണമെന്റിലെ വലിയ മത്സരങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും പാളിപ്പോയിരുന്നെന്നും കോലി പറഞ്ഞിരുന്നു. 

Content Highlights: virat kohli should thank royal challengers for sticking with him gautam gambhir