മൊഹാലി: ഐ.പി.എല്ലില്‍ ആദ്യ ജയം നേടിയതിന്റെ സന്തോഷത്തിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് പിഴശിക്ഷ.

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് കോലിക്ക് 12 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ഐ.പി.എല്‍ 12-ാം സീസണില്‍ ഓവര്‍ നിരക്കിന്റെ പേരില്‍ നടപടി നേരിടുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് കോലി. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ എന്നിവരാണ് ഇതിനു മുന്‍പ് നടപടി നേരിട്ടത്.

സീസണിലെ തങ്ങളുടെ ഏഴാമത്തെ മത്സരത്തിലാണ് വിരാട് കോലിയും സംഘവും ആദ്യ ജയം സ്വന്തമാക്കിയത്. എട്ടു വിക്കറ്റിനായിരുന്നു ബാംഗ്ലൂരിന്റെ ജയം. പഞ്ചാബ് ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ശേഷിക്കെ ബാംഗ്ലൂര്‍ മറികടക്കുകയായിരുന്നു. 

അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും എ.ബി ഡിവില്ലിയേഴ്സിന്റെയും ഇന്നിങ്സുകളാണ് ബാംഗ്ലൂരിന് ആദ്യ ജയമൊരുക്കിയത്. 53 പന്തില്‍ നിന്ന് എട്ടു ബൗണ്ടറികളോടെ കോലി 67 റണ്‍സെടുത്തു.

Content Highlights: virat kohli breaches ipl code of conduct fined