ജയ്പുര്‍: ഐ.പി.എല്‍ 12-ാം സീസണില്‍ തിങ്കളാഴ്ച നടന്ന രാജസ്ഥാന്‍ റോയല്‍സ് - കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെയുണ്ടായ 'മങ്കാദിങ്' ആണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ട്‌ലറെ കിങ്സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍ മങ്കാദിങ്ങിലൂടെ പുറത്താക്കുകയായിരുന്നു.

മത്സരം കിങ്സ് ഇലവന്‍ 14 റണ്‍സിന് ജയിച്ചിരുന്നു. ഇപ്പോഴിതാ മത്സരത്തിനു ശേഷം ഇരു ടീമുകളും പരസ്പരം കൈകൊടുക്കുന്നതിനിടെ ബട്ട്‌ലറും അശ്വിന്‍ തമ്മില്‍ കാണുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

മത്സരം പഞ്ചാബ് ജയിച്ച ശേഷം ഇരു ടീമിലെയും താരങ്ങള്‍ ഗ്രൗണ്ടില്‍ വെച്ച് കൈകൊടുത്ത് പിരിയുകയായിരുന്നു. ഇതിനിടെ അശ്വിനും ബട്ട്‌ലറും വീണ്ടും മുഖാമുഖം വന്നു. എന്നാല്‍ പഞ്ചാബ് ടീമിലെ മറ്റ് താരങ്ങള്‍ക്ക് കൈകൊടുത്ത ബട്ട്‌ലര്‍ അശ്വിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ നടന്നുനീങ്ങുകയായിരുന്നു.

viral jos buttler refuses ravichandran ashwin s handshake after mankad controversy

ബട്ട്‌ലറുടെ ഈ പെരുമാറ്റം കണ്ട അശ്വിന്‍ തിരിഞ്ഞുനോക്കുന്നതും വീഡിയോയിലുണ്ട്. വിവാദ വിക്കറ്റിന്റെ പേരില്‍ അശ്വിനെതിരായ വിമര്‍ശനങ്ങളാണ് കൂടുതല്‍. 43 പന്തില്‍ നിന്ന് പത്ത് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ ബട്ട്‌ലര്‍ 69 റണ്‍സെടുത്തു നില്‍ക്കുമ്പോഴാണ് അശ്വിന്‍ മങ്കാദിങ്ങിലൂടെ താരത്തെ പുറത്താക്കുന്നത്. അനായാസം വിജയത്തിലേക്ക് കുതിച്ച രാജസ്ഥാന്‍ അതോടെ മത്സരം കൈവിട്ടു. 

മങ്കാദിങ്ങിനു ശേഷം മൈതാനത്ത് വെച്ച് അശ്വിനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട ശേഷമാണ് ബട്ട്‌ലര്‍ ക്രീസ് വിട്ടത്. ഇതിനു പിന്നാലെയാണ് മത്സരശേഷം അശ്വിനെ ഒന്ന് ശ്രദ്ധിക്കുകപോലും ചെയ്യാതെ ബട്ട്‌ലര്‍ നടന്നുനീങ്ങിയത്. 

viral jos buttler refuses ravichandran ashwin s handshake after mankad controversy

മത്സരത്തിനു ശേഷം തന്റെ നടപടിയെ അശ്വിന്‍ ന്യായീകരിക്കുകയും ചെയ്തു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നില്ല ആ പുറത്താക്കലെന്നും മങ്കാദിങ് നിയമം അനുശാസിക്കുന്നതാണെന്നും അശ്വിന്‍ പറഞ്ഞു. ക്രിക്കറ്റിന്റെ സ്പിരിറ്റിനു നിരക്കാത്ത ഒരു കാര്യവും ചെയ്തിട്ടില്ലെന്നു പറഞ്ഞ താരം താന്‍ ചെയ്തത് തെറ്റാണെങ്കില്‍ നിയമത്തില്‍ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടു.

എന്താണ് മങ്കാദിങ്?

നോണ്‍ സ്ട്രൈക്കേഴ്‌സ് എന്‍ഡിലുള്ള ബാറ്റ്സ്മാനെ പന്ത് എറിയുന്നതിനു മുന്‍പു ബൗളര്‍ റണ്ണൗട്ടാക്കുന്ന പ്രക്രിയയാണു മങ്കാദിങ്. 1947-ലെ ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ബില്‍ ബ്രൗണിനെ ഇന്ത്യന്‍ താരം വിനു മങ്കാദ് രണ്ടു വട്ടം ഇത്തരത്തില്‍ റണ്ണൗട്ടാക്കിയതോടെയാണു മങ്കാദിങ് എന്ന വാക്കിന്റെ പിറവി. ഒന്ന് സന്നാഹ മത്സരത്തിലും മറ്റൊന്ന് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും.

Content Highlights: viral jos buttler refuses ravichandran ashwin s handshake after mankad controversy