ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള ഐ.പി.എല്‍ എലിമിനേറ്റര്‍ ആവേശം നിറഞ്ഞതായിരുന്നു. ഒരു പന്ത് ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റിനായിരുന്നു ഡല്‍ഹി വിജയിച്ചത്.  

അവസാനം വരെ പോരാടിയ ശേഷമാണ് ഹൈദരാബാദ് കീഴടങ്ങിയത്. അവസാന ഓവറില്‍ ഡല്‍ഹിക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത് അഞ്ച് റണ്‍സായിരുന്നു. എന്നാല്‍ ഖലീല്‍ അഹമ്മദിന്റെ കൃത്യതയാര്‍ന്ന ബൗളിങ്ങില്‍ ഡല്‍ഹി റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചു. അതിനിടയില്‍ അമിത് മിശ്ര പുറത്തായി. പക്ഷേ അഞ്ചാം പന്തില്‍ ഫോര്‍ അടിച്ച് കീമോ പോള്‍ ഡല്‍ഹിക്ക് വിജയം സമ്മാനിച്ചു. 

എന്നാല്‍ ഈ മത്സരത്തിനിടയില്‍ ക്രിക്കറ്റ് ആരാധകരുടെ കണ്ണ് നനയിപ്പിക്കുന്ന ഒരു കാര്യം സംഭവിച്ചു. ഹൈദരാബാദിന്റെ പരിശീലകന്‍ ടോം മൂഡി കരച്ചിലടക്കാനാകാതെ തൂവാല കൊണ്ട് മുഖം മറക്കുന്നതായിരുന്നു ആ കാഴ്ച്ച. ഡല്‍ഹി ഇന്നിങ്‌സിന്റെ 18-ാം ഓവറിലായിരുന്നു സംഭവം. 

ആ ഓവര്‍ ബോള്‍ ചെയ്തത് ബേസില്‍ തമ്പിയായിരുന്നു. ആ സമയത്ത് 18 പന്തില്‍ ഡല്‍ഹിക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത് 34 റണ്‍സായിരുന്നു. എന്നാല്‍ ആ ഓവറോടെ ഹൈദരാബാദ് കളി കൈവിട്ടു. ബേസില്‍ തമ്പിയെ ഋഷഭ് പന്ത് രണ്ടു വീതം സിക്‌സും ഫോറുമാണ് അടിച്ചത്. ഇതോടെ ടോം മൂഡി കരയുകയായിരുന്നു. മത്സരത്തില്‍ ഹൈദരാബാദിന്റെ ഏറ്റവും മണ്ടന്‍ തീരുമാനമായിരുന്നു അത്. ആ ഓവര്‍ ഖലീല്‍ അഹമ്മദിന് നല്‍കിയിരുന്നെങ്കില്‍ ഒരുപക്ഷേ ഡല്‍ഹിയെ അവസാന ഓവറില്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാനാകുമായിരുന്നു.

 

Content Highlights: Tom Moody cries on SRH loss against DC IPL 2019