ജയ്പുര്‍: ഐ.പി.എല്‍ പുതിയ സീസണില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ വിരാട് കോലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ രാജസ്ഥാന്‍ റോയല്‍സ് ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.

നാല് ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. ക്യാപ്റ്റന്‍ വിരാട് കോലി, ഡിവില്ലിയേഴ്‌സ്, ഹെറ്റ്മയര്‍ എന്നീ വമ്പന്‍മാരെയാണ് ഗോപാല്‍ പുറത്താക്കിയത്. ഇതില്‍ വിരാട് കോലിയുടെ വിക്കറ്റെടുത്ത ഗോപാലിന്റെ 'ഗൂഗ്ലി' കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.

മത്സരത്തില്‍ ഓപ്പണിങ്ങിന് ഇറങ്ങിയ കോലിയെ ഏഴാം ഓവറിലെ മൂന്നാം പന്തിലാണ് ഗോപാല്‍ തന്റെ ഗൂഗ്ലി കൊണ്ട് നിഷ്പ്രഭനാക്കിയത്. ഗോപാലിന്റെ ആദ്യ ഓവറായിരുന്നു ഇത്. ഓഫ് സ്റ്റമ്പിന് പുറത്ത് കുത്തിയ പന്ത് വൈഡായി വരുമെന്ന കോലിയുടെ കണക്കുകൂട്ടല്‍ പിഴയ്ക്കുകയായിരുന്നു. പിച്ച് ചെയ്ത ശേഷം എതിര്‍ വശത്തേക്ക് ടേണ്‍ ചെയ്ത പന്ത് കോലിയുടെ ബാറ്റിനും പാഡിനും ഇടയിലെ വലിയ വിടവിലൂടെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ചു. ഒരു നിമിഷം കോലി പോലും ഞെട്ടിപ്പോയി.

shreyas gopal stunned after bamboozling virat kohli

ഐ.പി.എല്ലില്‍ എട്ടു പന്തുകള്‍ക്കിടെ ഇത് രണ്ടാം തവണയാണ് ഗോപാല്‍, കോലിയെ പുറത്താക്കുന്നത്. കഴിഞ്ഞ 10 ഐപിഎല്‍ മത്സരങ്ങളില്‍ ഇത് ഏഴാം തവണയാണ് കോലി സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് സമ്മാനിക്കുന്നത്. ട്വന്റി 20 കരിയറില്‍ ഇത് നാലാം തവണയാണ് കോലി 'ഗൂഗ്ലി'യില്‍ പുറത്താകുന്നത്.

അതേസമയം ഈ സീസണില്‍ കോലിയുടെ മോശം ഫോം തുടരുകയാണ്. ഈ സീസണില്‍ കളിച്ച നാല് ഇന്നിങ്‌സുകളില്‍ 78 റണ്‍സ് മാത്രമാണ് കോലിയുടെ സമ്പാദ്യം.

Content Highlights: shreyas gopal stunned after bamboozling virat kohli