വ്രതം മുടക്കാതെ ഐ.പി.എല്ലില്‍ കളിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളായ റാഷിദ് ഖാനേയും മുഹമ്മദ് നബിയേയും അഭിനന്ദിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് താരം ശിഖര്‍ ധവാന്‍. ഇരുവരും നോമ്പ് തുറന്ന ശേഷം ഐ.പി.എല്‍ എലിമിനേറ്ററില്‍ ഹൈദരാബാദും ഡല്‍ഹിയും തമ്മിലുള്ള മത്സരം കളിക്കാനിറങ്ങുകയായിരുന്നു. വൈകുന്നേരം 7.30-നാണ് കളി തുടങ്ങിയത്. പകല്‍ മുഴുവന്‍ വ്രതമെടുത്തതിന്റെ ക്ഷീണമൊന്നും ഇരുവര്‍ക്കും ഉണ്ടായിരുന്നില്ല.

മത്സരശേഷം നബിയോടും റാഷിദിനോടും ഒപ്പം നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത്‌ ധവാന്‍ ഇരുവരേയും അഭിനന്ദിക്കുകയായിരുന്നു. എല്ലാവര്‍ക്കും റംസാന്‍ ആശംസകള്‍ നേര്‍ന്നായിരുന്നു ധവാന്റെ പോസ്റ്റ്. 

'ഇവരെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു.രാവിലെ മുഴുവന്‍ വ്രതമെടുത്ത ശേഷം രാത്രി കളിക്കാനിറങ്ങുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഇത് അവരുടെ രാജ്യത്തിനും ക്രിക്കറ്റ് ലോകത്തിനും ഒരു പ്രചോദനമാണ്. നിങ്ങളുടെ ഈ ഊര്‍ജ്ജം എല്ലാവരേയും വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ പ്രചോദിപ്പിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹം നിങ്ങളോടൊപ്പം എന്നുമുണ്ടാകട്ടെ.'ധവാന്‍ ചിത്രത്തോടൊപ്പം കുറിച്ചു. 

നേരത്തെ ഹൈദരാബാദ് താരമായ ഖലീല്‍ അഹമ്മദ് നോമ്പ് തുറയുടെ ചിത്രം പങ്കുവെച്ചിരുന്നു. മുഹമ്മദ് നബി, റാഷിദ് ഖാന്‍, യൂസുഫ് പഠാന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ഖലീല്‍ അഹമ്മദിന്റെ നോമ്പ് തുറ.

 

Content Highlights: Shikhar Dhawan appreciates Nabi and Rashid playing cricket while fasting for Ramadan