കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ ഐ.പി.എല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിലപ്പെട്ട വിജയം സമ്മാനിച്ചത് ഒരൊറ്റ ആളാണ്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. 49 പന്തില്‍ നിന്ന് 65 റണ്‍സെടുത്ത് ഗില്‍ ടീമിന് ജയം സമ്മാനിക്കുക മാത്രമല്ല, ടീമുടമ ഷാരൂഖ് ഖാന്റെ മനസ്സ് നിറയ്ക്കുക കൂടിയാണ്. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ഗില്ലിനെ ആദ്യം അഭിനന്ദിച്ചെത്തിയതും ഷാരൂഖ് തന്നെ.

'എല്ലാവരും അവരില്‍ നിന്ന് പ്രതീക്ഷിക്കുന്ന പ്രകടനം തന്നെ കാഴ്ചവച്ചു. ലിന്‍, സന്ദീപ് വാര്യര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെല്ലാം ഒന്നാന്തരം പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍, ഈ രാത്രി പപ്പയ്ക്ക് അര്‍ഹതപ്പെട്ടതാണ്. പപ്പയ്ക്കും കുടുംബത്തിനും മൂന്ന് ചിയേഴ്‌സ്'.-ഗില്ലിന്റെ അച്ഛന്‍ ലഖ്‌വീന്ദര്‍ സിങ് ഗ്യാലറിയില്‍ മകന്റെ പ്രകടനം കണ്ട് നൃത്തംവയ്ക്കുന്നതിന്റെ ചിത്രം സഹിതം ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചു.

ഐ.പി.എല്ലിലെ തന്റെ നാലാമത്തെ അര്‍ധസെഞ്ചുറിയാണ് പത്തൊന്‍പതുകാരനായ ഗില്‍ മൊഹാലിയില്‍ കുറിച്ചത്. ഈ സീസണില്‍ ഇതുവരെയായി പതിമൂന്ന് മത്സരങ്ങളില്‍ നിന്ന് 287 റണ്‍സ് നേടിക്കഴിഞ്ഞു ഗില്‍.

Content Highlights: Shah Rukh Khan dedicates KKR's win to Shubman Gill's father IPL KKR  Kolkata Knight Riders