മൊഹാലി: ട്വന്റി 20 ക്രിക്കറ്റിന്റെ കടന്നുവരവോടെ ക്രിക്കറ്റിലെ പരമ്പരാഗത കോപ്പിബുക്ക് ഷോട്ടുകളുടെ ഉപയോഗമെല്ലാം അണ്‍ഓര്‍ത്തഡോക്‌സ് ഷോട്ടുകള്‍ക്ക് വഴിമാറിയിരുന്നു. എങ്ങനെയും പന്ത് ബൗണ്ടറിയിലെത്തിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ബാറ്റ്‌സ്മാന്‍മാര്‍ കളത്തിലിറങ്ങുമ്പോള്‍ പുതിയ പല ഷോട്ടുകളും ഇത്തരത്തില്‍ ഉരുത്തിരിയുകയും ചെയ്തിട്ടുണ്ട്. 

അത്തരത്തിലുള്ള ഒന്നാണ് സ്‌കൂപ്പ് ഷോട്ട്. പാഡില്‍ സ്‌കൂപ്പ്, ദില്‍ഷന്റെ ദില്‍സ്‌കൂപ്പ് എന്നിങ്ങനെ പലപേരുകളും നമ്മള്‍ കേട്ടിട്ടുണ്ട്. പണ്ടു തന്നെ ഇത്തരം ഷോട്ടുകള്‍ നിലവിലുണ്ടെങ്കിലും ട്വന്റി 20-യും ഐ.പി.എല്ലും വന്നതോടെ അവയിലും പരീക്ഷണങ്ങള്‍ വന്നു. ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ താരം ഡിവില്ലിയേഴ്‌സിന്റെ പല ഷോട്ടുകളെയും എന്ത് പേരിട്ട് വിളിക്കണമെന്ന് കമന്റേറ്റര്‍മാര്‍ പോലും സംശയിക്കാറുണ്ട്. ഇപ്പോഴിതാ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം സര്‍ഫറാസ് ഖാനും സ്‌കൂപ്പ് ഷോട്ടിന്റെ പുതിയൊരു രൂപം അവതരിപ്പിച്ചിരിക്കുകയാണ്.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ഒമ്പതാം ഓവര്‍ എറിഞ്ഞ ഡല്‍ഹി താരം ആവേശ് ഖാന്റെ പന്തിലാണ് സര്‍ഫറാസ് കണ്ണുമടച്ച് ഒരു സ്‌കൂപ്പ് ഷോട്ട് പായിച്ചത്. 

പന്ത് വരുന്നതിനു മുന്‍പു തന്നെ സര്‍ഫറാസ് അതിനായി തയ്യാറെടുത്തിരുന്നു. ലെഗ് സൈഡിലേക്ക് കളിക്കാന്‍ ഉദ്ദേശിച്ച സര്‍ഫറാസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പിച്ച് ചെയ്ത് പന്ത് എത്തിയത് ഓഫ് സൈഡിലേക്ക് അല്‍പം കയറിയാണ്. എന്നാല്‍ പിന്മാറാന്‍ സര്‍ഫറാസ് ഒരുക്കമല്ലായിരുന്നു. പെട്ടെന്നു തന്നെ പൊസിഷന്‍ എടുത്ത താരം പന്ത് വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ബൗണ്ടറിയിലെത്തിച്ചു.

സര്‍ഫറാസിന്റെ ഈ ഷോട്ട് കണ്ട് ബൗള്‍ ചെയ്ത ആവേശ് മാത്രമല്ല കിങ്‌സ് ഇലവന്റെ ക്യാപ്റ്റന്‍ അശ്വിന്‍ പോലും അതിശയിച്ചുപോയി. 

ഇൗ ഷോട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ അച്ഛനില്‍ നിന്നാണ് പഠിച്ചതെന്നായിരുന്നു താരത്തിന്റെ മറുപടി. മത്സരത്തില്‍ 29 പന്തില്‍ നിന്ന് ആറു ബൗണ്ടറികളോടെ സര്‍ഫറാസ് 39 റണ്‍സെടുത്തിരുന്നു. മത്സരം പഞ്ചാബ് 14 റണ്‍സിന് ജയിക്കുകയും ചെയ്തു.

Content Highlights: sarfaraz khan s amazing scoop shot ashwin stunned