ഹൈദരാബാദ്: ഐ.പി.എല്ലില്‍ വെള്ളിയാഴ്ച നടന്ന രാജസ്ഥാന്‍ റോയല്‍സ് - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഹൈദരാബാദ് താരം റാഷിദ് ഖാനായിരുന്നു. എന്നാല്‍ മിന്നുന്ന പ്രകടനം കൊണ്ട് എല്ലാവരുടെയും മനസ് കവര്‍ന്നത് മലയാളി താരം സഞ്ജു വി സാംസണും. 

മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു ഐ.പി.എല്‍ 12-ാം സീസണിലെ ആദ്യ സെഞ്ചുറിയും സ്വന്തം പേരിലാക്കി. 52 പന്തില്‍ മൂന്നക്കത്തിലെത്തിയ സഞ്ജു 55 പന്തില്‍ 10 ബൗണ്ടറിയും നാലു സിക്‌സും സഹിതം 102 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ഇതിനിടെ ഇന്ത്യയുടെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റുമാരില്‍ ഒരാളായ ഭുവനേശ്വര്‍ കുമാറിനെ സഞ്ജു നിസ്സഹായനാക്കുന്നതിനും ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം സാക്ഷിയായി. രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ 18-ാം ഓവറിലാണ് സഞ്ജു തന്റെ വിശ്വരൂപം പുറത്തെടുത്തത്. ഭുവിയെറിഞ്ഞ ആ ഓവറില്‍ ഒരു സിക്‌സും നാലു ബൗണ്ടറിയുമടക്കം 24 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്.

ഭുവനേശ്വര്‍ 18-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ 43 പന്തില്‍ നിന്നും 61 റണ്‍സായിരുന്നു സഞ്ജുവിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ആദ്യ പന്ത് ഡീപ്പ് എക്‌സ്ട്രാ കവറിനു മുകളിലൂടെ സഞ്ജു സിക്‌സറിന് പറത്തി. രണ്ടാം പന്ത് പോയന്റ് ഫീല്‍ഡര്‍ക്ക് യാതൊരു സാധ്യതയും നല്‍കാതെ ബൗണ്ടറിയിലെത്തി. ഫുള്‍ലെങ്തില്‍ വന്ന മൂന്നാം പന്തും അതേ ഷോട്ടിലൂടെ അതേ ഫീല്‍ഡിങ് ഏരിയയിലൂടെ ബൗണ്ടറിയിലേക്ക്. അതോടെ ഭുവിയുടെ മുഖത്ത് ഇനിയെന്തെന്ന ഭാവം കാണാമായിരുന്നു. 

നാലാം പന്ത് കളിക്കുന്നതില്‍ പിഴച്ചെങ്കിലും സഞ്ജു അതില്‍ രണ്ടു റണ്‍സ് ഓടിയെടുത്തു. ഭുവി ലെങ്ത് മാറ്റിയെറിഞ്ഞ അഞ്ചാം പന്ത് സഞ്ജു സ്റ്റെപ്പ് ഔട്ട് ചെയ്ത് ഷോര്‍ട്ട് തേര്‍ഡ്മാനും ബാക്ക് വേര്‍ഡ് പോയിന്റിനും ഇടയിലൂടെ സമര്‍ഥമായി വീണ്ടും ബൗണ്ടറിയിലെത്തിച്ചു. ആറാം പന്ത് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് ഡീപ്പ് കവറിലൂടെയും ബൗണ്ടറി തൊട്ടു. അതോടെ ഇന്ത്യയുടെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റുമാരില്‍ ഒരാളുടെ ഓവറില്‍ ആ 24-കാരന്റെ ബാറ്റില്‍ നിന്ന് പിറന്നത് 24 റണ്‍സ്. സെഞ്ചുറിയിലേക്ക് സഞ്ജുവിന് തുണയായതും ഈ ഓവറിലെ പ്രകടനമാണ്.

ഇതോടെ രണ്ട് ഐ.പി.എല്‍ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ വീരേന്ദര്‍ സെവാഗിനും മുരളി വിജയിക്കുമൊപ്പം സഞ്ജു ഇടംപിടക്കുകയും ചെയ്തു. നാലു സെഞ്ചുറികള്‍ നേടിയ വിരാട് കോലിയാണ് ഈ പട്ടികയില്‍ ഒന്നാമത്.

സെഞ്ചുറി നേട്ടത്തിനു പിന്നാലെ സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ രംഗത്തെത്തുകയും ചെയ്തു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജുവാണെന്ന് അഭിപ്രായപ്പെട്ട ഗംഭീര്‍ അവന്‍ ലോകകപ്പില്‍ ഇന്ത്യയ്ക്കായി നാലാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ട താരമാണെന്നും കൂട്ടിച്ചേര്‍ത്തു.

2012-ല്‍ പതിനേഴാം വയസില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് സഞ്ജുവിന്റെ ഐ.പി.എല്‍ പ്രവേശനം. പക്ഷേ ആ വര്‍ഷം കളിക്കാന്‍ അവസരം കിട്ടിയില്ല. എന്നാല്‍ 2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിലേക്കുള്ള മാറ്റം സഞ്ജുവിന്റെ കരിയറിലെ വഴിത്തിരിവായി. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ 41 പന്തില്‍ 63 റണ്‍സടിച്ച് ഐ.പി.എല്ലില്‍ അര്‍ധസെഞ്ചുറി നേടുന്ന പ്രായംകുറഞ്ഞ താരമെന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. ആ വര്‍ഷം ടൂര്‍ണമെന്റിലെ മികച്ച യുവതാരത്തിനുള്ള അവാര്‍ഡും സഞ്ജുവിനെ തേടിയെത്തി.

Content Highlights: sanju samson slams bhuvneshwar kumar for 24 runs in one over