ഹൈദരാബാദ്:  സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ സഞ്ജു സാംസണ്‍ന്റെ ക്ലാസ് ഇന്നിങ്‌സ് ക്രിക്കറ്റ് ആരാധകര്‍ കണ്‍കുളിര്‍ക്കെയാണ് കണ്ടത്. ഇന്ത്യയുടെ പേസ് ബൗളിങ്ങിലെ കരുത്തനായ ഭുവനേശ്വര്‍ കുമാറിനെ അതിര്‍ത്തിക്ക് അപ്പുറത്തേക്ക് അടിച്ചൊതുക്കിയ ആ ഒരൊറ്റ ഓവര്‍ തന്നെ എന്തു മനോഹരമായിരുന്നു. എന്നാല്‍ സഞ്ജുവിന്റെ സെഞ്ചുറിത്തിളക്കം കെടുത്തി ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി അവതരിക്കുകയായിരുന്നു.

37 പന്തില്‍ 69 റണ്‍സടിച്ച് കൂട്ടിയ വാര്‍ണറുടെ ഇന്നിങ്‌സ് മികവില്‍ സണ്‍റൈസേഴ്‌സ് വിജയതീരത്തെത്തി. 198 റണ്‍സ് രാജസ്ഥാന്‍ അടിച്ചുകൂട്ടിയപ്പോള്‍ അവര്‍ വിജയിക്കുമെന്ന് ആരാധകര്‍ കരുതിയതാണ്. എന്നാല്‍ വാര്‍ണര്‍ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു.

മത്സരശേഷം സഞ്ജു തോറ്റതിന്റെ നിരാശ പങ്കുവെയ്ക്കുകയും ചെയ്തു. വാര്‍ണറുമായി സംസാരിക്കുന്നതിനിടയിലായിരുന്നു ഇത്. 'ഇന്ന് എന്റെ ദിവസമായിരുന്നു. അത് നിങ്ങള്‍ നശിപ്പിച്ചു. നിങ്ങള്‍ ബാറ്റുചെയ്ത രീതി നോക്കുമ്പോള്‍ എന്റെ സെഞ്ചുറി ഇന്നിങ്‌സ് വിജയത്തിന് തികയുമായിരുന്നില്ല. നിങ്ങള്‍ ഇന്നിങ്‌സ് തുടങ്ങിയ രീതിയും പവര്‍ പ്ലേ ആയപ്പോഴേക്കും ഞങ്ങളെ തോല്‍പ്പിച്ച രീതിയും വിലയിരുത്തുമ്പോള്‍ ഞങ്ങള്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തേണ്ടിയിരുന്നു എന്നു തോന്നുന്നു. എതിരാളിയായി നിങ്ങളെപ്പോലെ ഒരാള്‍ ഉള്ളപ്പോള്‍ 250 റണ്‍സിലധികം ഞങ്ങള്‍ സ്‌കോര്‍ ചെയ്യേണ്ടിയിരുന്നു.' വാര്‍ണറെ തോളില്‍ തട്ടി അഭിനന്ദിച്ച് സഞ്ജു പറയുന്നു. 

അതേസമയം സഞ്ജുവിനെ അഭിനന്ദിക്കാന്‍ വാര്‍ണറും മറന്നില്ല. എല്ലാ ക്രെഡിറ്റും സഞ്ജുവിന് അര്‍ഹതപ്പെട്ടതാണെന്നും മനോഹരമായ ഷോട്ടുകളിലൂടെ സുന്ദരമായ ക്രിക്കറ്റാണ് സഞ്ജു പുറത്തെടുത്തതെന്നും വാര്‍ണര്‍ വ്യക്തമാക്കി.

 

Sanju Samson David Warner  IPL 2019 Sun Risers Hyderabad Rajasthan Royals